
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം കാലം മുന്നോട്ടു പോകുന്നതിനനുസരിച്ച് മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന ഒന്നാണ്. ഈ ചിന്തയെ ആസ്പദമാക്കി ഒരുക്കുന്ന 'എ ത്രെറ്റ് ടു ലൈഫ് ' എന്ന സ്പെഷ്യൽ ഡോക്യുമെന്ററിയുടെ ചിത്രീകരണം ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡിൽ പൂർത്തിയായി. ആംഫിയുടെ ബാനറിൽ ജോയ് കെ മാത്യു രചനയും സംവിധാനവും നിർമ്മാണവും നിർവ്വഹിക്കുന്ന ചിത്രം അന്താരാഷ്ട്ര ചലച്ചിത്രമേളകളിലെ പ്രദർശനമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര ചലച്ചിത്രമേളകളിലെ പ്രദർശനത്തിന് ശേഷം പ്രത്യേക ചടങ്ങുകളോടെ ഡോക്യുമെന്ററിയുടെ തിയറ്റർ റിലീസ് നടത്താനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. അതിന് ശേഷം ഡോക്യുമെന്ററി വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിൽ ലഭ്യമാകും.
ഡോനൽ, ടോണി, ക്ലയർ, ടാസോ, ക്ലെം, അനീറ്റ, അലന, പീറ്റർ, ജോയ് കെ മാത്യു എന്നിവരെ കൂടാതെ ഓസ്‌ട്രേലിയയിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തികളെ ഉൾപ്പെടുത്തിയാണ് ഈ സ്പെഷ്യൽ ഡോക്യുമെന്ററി നിർമ്മിച്ചിരിക്കുന്നത്. കാലാവസ്ഥ മാറുന്നതിന്റെ കണക്കുകൾ മാത്രം പറയുന്ന ഒരു ചിത്രം എന്നതിലുപരി മനുഷ്യന്റെ പ്രവർത്തനങ്ങൾ പ്രകൃതിയുടെ സ്വഭാവത്തെ എങ്ങനെ മാറ്റിമറിക്കുന്നു, ആ മാറ്റങ്ങൾ ഒടുവിൽ മനുഷ്യന്റെ ജീവിതത്തിലേക്ക് തന്നെ എങ്ങനെ തിരിച്ചെത്തുന്നു എന്നതാണ് ചിത്രം അന്വേഷിക്കുന്നത്. മനുഷ്യൻ നിർമ്മിച്ച നഗരങ്ങൾക്കിടയിൽ ചൂട് കൂടുന്നു, മനുഷ്യൻ വരച്ച അതിരുകൾക്കപ്പുറം ദുരന്തങ്ങൾ സഞ്ചരിക്കുന്നു, ഒരു പ്രദേശത്തെ വരൾച്ച മറ്റൊരിടത്തെ ഭക്ഷണത്തെ ബാധിക്കുന്നു കടൽ പതുക്കെ കരയോട് ചോദ്യം ചോദിക്കുന്നു, കാടുകൾ കത്തുമ്പോൾ നഷ്ടപ്പെടുന്നത് മരങ്ങൾ മാത്രമല്ല. മനുഷ്യന്റെ തന്നെ സുരക്ഷിതമായ ഭാവിയാണ്.
മനുഷ്യൻ പ്രകൃതിയെ കീഴടക്കിയെന്ന് കരുതിയ കാലം കഴിഞ്ഞു. ഇന്ന് പ്രകൃതിയിൽ സംഭവിക്കുന്ന ഓരോ മാറ്റവും മനുഷ്യന്റെ തന്നെ നിലനിൽപ്പിനെ ചോദ്യം ചെയ്യുകയാണ്. മറ്റൊരാളുടെ ജീവിതത്തിന് ഭീഷണിയാകുന്ന എന്തോ ഒന്നല്ല ഇത്. നമ്മൾ തന്നെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഒരു ഭീഷണിയാണ്. ഈ ആശയമാണ് 'എ ത്രെറ്റ് ടു ലൈഫ് ' പ്രേക്ഷകരുടെ മുന്നിലേക്ക് കൊണ്ടുവരുന്നത്. ഭൂമിയുടെ ചൂടിൽ നിന്ന് മനുഷ്യന്റെ ശ്വാസം വരെ, വെള്ളത്തിന്റെ കുറവിൽ നിന്ന് കടലിന്റെ ഉയരുന്ന തിരകളിലേക്ക്, കത്തുന്ന കാടുകളിൽ നിന്ന് മാറിപ്പോകേണ്ടി വരുന്ന മനുഷ്യജീവിതങ്ങളിലേക്ക് - ഈ പ്രതിസന്ധിയെ ഒരു കാലിക വിഷയമായി കാണാതെ, മനുഷ്യന്റെ നിലനിൽപ്പിനെക്കുറിച്ചുള്ള ഒരു ചോദ്യം എന്ന നിലയിലാണ് ഡോക്യുമെന്ററി ചിത്രം സമീപിക്കുന്നത്. അതുകൊണ്ടുതന്നെ 'എ ത്രെറ്റ് ടു ലൈഫ് ' ഒരു മുന്നറിയിപ്പ് മാത്രമല്ല, മനുഷ്യൻ സ്വന്തം ജീവിതത്തോട് തന്നെ ചോദിക്കേണ്ട ഒരു ചോദ്യം കൂടിയാണ്.
ജോയ് കെ. മാത്യു രചനയും സംവിധാനവും നിർവഹിച്ച അഞ്ചാമത്തെ ഡോക്യുമെന്ററി ചിത്രമാണ് ‘എ ത്രെറ്റ് ടു ലൈഫ്’. 75 രാജ്യങ്ങളിൽ നിന്നുള്ള വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളെ അണിനിരത്തി നിർമ്മിച്ച് സംവിധാനം ചെയ്ത് ലോക റെക്കോർഡ് നേടിയ ‘സല്യൂട്ട് ദി നേഷൻസ്’, ഓസ്‌ട്രേലിയയിലെ ഒൻപത് വയസ്സുകാരൻ അർഷാൻ അമീർ രചനയും സംവിധാനവും നിർവ്വഹിച്ച് ലോക റെക്കോർഡ് കരസ്ഥമാക്കിയ ‘ജനറേഷൻ ഗ്രീൻ’ എന്നീ ശ്രദ്ധേയമായ രണ്ട് ഡോക്യുമെന്ററികളുടെയും ഛായാഗ്രഹണം നിർവഹിച്ചതും ജോയ് കെ മാത്യുവാണ്. 'എ ത്രെറ്റ് ടു ലൈഫ്’ എന്ന ഡോക്യുമെന്ററിയുടെ രചനയ്ക്കും സംവിധാനത്തിനുമൊപ്പം ഛായാഗ്രഹണവും അദ്ദേഹം തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ സാങ്കേതിക വിഭാഗത്തിൽ ആദം കെ അന്തോണി സെക്കൻഡ് യൂണിറ്റ് ക്യാമറാമാനായും ലിൻസൺ റാഫേൽ എഡിറ്റിംഗും സഞ്ജു സുകുമാരൻ സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. സൗണ്ട് മിക്സിംഗ് ജുബിൻ രാജ് , കളറിസ്റ്റ് സി ആർ സജയ്, പ്രൊഡക്ഷൻ കൺട്രോളർ ഫിലിപ്പ് ഹ്യൂബ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ക്ലെയർ, പോസ്റ്റർ ഡിസൈൻ ഡേവിസ്, സിജിൻ, അനിമേഷൻ നിതിൻ നന്ദകുമാർ, ക്യാമറ & ലൈറ്റ്സ് യൂണിറ്റ് ആംഫി മീഡിയ, പിആര്‍ഒ- പി ആർ സുമേരൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ