'ആടുജീവിതം' ചിത്രീകരണം നാളെ മുതല്‍ പൂര്‍ണ്ണ തോതില്‍; പ്ലാന്‍ ചെയ്‍തിരിക്കുന്നത് 20 ദിവസത്തെ ഷൂട്ടിംഗ്

By Web TeamFirst Published Apr 24, 2020, 7:25 PM IST
Highlights

പെര്‍മിഷന്‍ ലഭിച്ചതിനുശേഷം ബ്ലെസിയും സംഘവും ഇന്ന് ഭാഗികമായി ചിത്രീകരണം പുനരാരംഭിച്ചു. പൂര്‍ണ്ണ തോതിലുള്ള ഷൂട്ടിംഗ് നാളെ മുതല്‍ നടക്കും. 

കൊവിഡ് ലോക്ക് ഡൗണിനെത്തുടര്‍ന്ന് ജോര്‍ദ്ദാന്‍ ഷെഡ്യൂള്‍ നിര്‍ത്തിവെക്കേണ്ടിവന്ന മലയാളചിത്രം 'ആടുജീവിത'ത്തിന്‍റെ ചിത്രീകരണം പുനരാരംഭിച്ചു. ബ്ലെസിയുമായി ബന്ധപ്പെട്ടിരുന്നുവെന്നും ഷൂട്ടിംഗ് പുനരാരംഭിക്കാനുള്ള അനുമതി അധികൃതരില്‍ നിന്ന് ലഭിച്ചതായി അറിയിച്ചെന്നും ഫെഫ്‍ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്‍ണന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

പെര്‍മിഷന്‍ ലഭിച്ചതിനുശേഷം ബ്ലെസിയും സംഘവും ഇന്ന് ഭാഗികമായി ചിത്രീകരണം പുനരാരംഭിച്ചു. പൂര്‍ണ്ണ തോതിലുള്ള ഷൂട്ടിംഗ് നാളെ മുതല്‍ നടക്കും. ഇപ്പോഴത്തെ ജോര്‍ദ്ദാന്‍ ഷെഡ്യൂള്‍ 20 ദിവസമെങ്കിലും തുടരണമെന്നാണ് ബ്ലെസിയുടെ ആഗ്രഹമെന്നും അതിനനുസരിച്ചാണ് നിലവിലെ പ്ലാനിംഗ് എന്നും ബി ഉണ്ണികൃഷ്‍ണന്‍ പറയുന്നു. വിസയുടെ കാലാവധി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിലവില്‍ പ്രതിസന്ധികളൊന്നുമില്ലെന്നും ഫെഫ്‍ക ജനറല്‍ സെക്രട്ടറി പറയുന്നു.

കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍  ജോര്‍ദ്ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ, ഏപ്രില്‍ ഒന്നിനാണ് 'ആടുജീവിത'ത്തിന്‍റെ ചിത്രീകരണം നിര്‍ത്തിവെക്കേണ്ടിവന്നത്. ചിത്രീകരണസംഘത്തിന്‍റെ വിസ കാലാവധി ഏപ്രില്‍ രണ്ടാം വാരത്തിനുള്ളില്‍ അവസാനിക്കുമെന്ന പ്രതിസന്ധിയുമുണ്ടായിരുന്നു. അതിനാല്‍ അടിയന്തിരമായി തങ്ങളെ തിരികെയെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിനിമാ സംഘവും ഫിലിം ചേംബറും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ അന്തര്‍ദേശീയ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയിരിക്കുന്ന സാഹചര്യത്തില്‍ സിനിമാസംഘത്തെ തിരികെയെത്തിക്കുന്നത് പ്രായോഗികമല്ലെന്നും എന്നാല്‍ സംഘത്തിന്‍റെ വിസാ കാലാവധി നീട്ടാനുള്ള നടപടി സ്വീകരിച്ചതായി സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ അറിയിച്ചിരുന്നു. വിദേശകാര്യ സഹമന്ത്രി വി മുരളീധരനും വിഷയത്തില്‍ ഇടപെട്ടിരുന്നു. 58 പേരുടെ ഇന്ത്യന്‍ സംഘവും മുപ്പതോളം ജോര്‍ദ്ദാന്‍ സ്വദേശികളുമാണ് 'ആടുജീവിതം' സംഘത്തിലുള്ളത്.

click me!