
മലയാളത്തിലെ ഏറ്റവും ജനപ്രിയമായ നോവലിന്‍റെ ചലച്ചിത്ര ആവിഷ്കാരമാണ് ആടുജീവിതം. ഏതാണ്ട് 16 കൊല്ലത്തോളം ഈ ചിത്രത്തിനായി സംവിധായകന്‍ ബ്ലെസി നടത്തിയ പ്രയത്നങ്ങള്‍ ഒടുവില്‍ ബിഗ് സ്ക്രീനില്‍ എത്തുമ്പോള്‍ അതില്‍ നിരാശയുണ്ടാക്കുന്ന ഒരു ഘടകവും ഇല്ല. സാങ്കേതിക തികവിലും, അഭിനയ മൂഹൂര്‍ത്തങ്ങളിലും ക്യാന്‍വാസിലും എല്ലാം ഒരു സംവിധായകന്‍റെ കൈയ്യൊപ്പ് ചാര്‍ത്തിയ ഒരു മാസ്റ്റര്‍പീസാണ് ആടുജീവിതം എന്ന ചലച്ചിത്രം എന്ന് പറയാം. വൈകാരികമായി പ്രേക്ഷകനെ ചിത്രത്തിലേക്ക് ആഴത്തില്‍ ഇറക്കുന്ന ബ്ലെസി മാജിക് മരുഭൂമിയുടെ ഊഷ്വരതയില്‍ ഇത്തവണയും പ്രേക്ഷകന്‍റെ മനം നിറയ്ക്കുന്നു.
മലയാളികളായ വായനക്കാരെ പിടിച്ചിരുത്തിയ നോവലാണ് ബെന്യാമന്‍റെ ആടുജീവിതം. ബ്ലെസി തന്‍റെ ദൃശ്യഭാഷയിലേക്ക് ഈ നോവലിന് പുനര്‍ അവതരിപ്പിക്കുകയാണ്. കഷ്ടപ്പാടിന്‍റെ നാളുകളില്‍ നിന്നും ജീവതവും കുടുംബവും കരകയറാന്‍ വേണ്ടി ഗള്‍ഫിലെ ജോലി സ്വപ്നം കണ്ട് വിമാനം കയറുന്ന നജീബ്. എന്നാല്‍ ഗള്‍ഫ് നാടില്‍ അയാളെ കാത്തിരിക്കുന്നത് നല്ല ജോലിയും താമസവും ഭക്ഷണവും ഒന്നുമല്ല. മരുഭൂമിയില്‍ ആട്ടിന്‍കൂട്ടങ്ങളെ മേയ്ക്കുന്ന പണി. അടിമപ്പണി. അവിടെ നിന്നും നജീബിന്‍റെ യാതനകളും രക്ഷപ്പെടലുമാണ് ബ്ലെസി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
പൃഥ്വിരാജ് എന്ന താരത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച റോളുകളില്‍ ഒന്നാണ് നജീബ്. നജീബായി താന്‍ ജീവിക്കുകയായിരുന്നു എന്ന് പ്രമോഷന്‍ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്ന പൃഥ്വിയുടെ വാക്കുകള്‍ വെറുതെ ആയിരുന്നില്ലെന്ന് ചിത്രം കാണുമ്പോള്‍ വ്യക്തമാണ്. ചിത്രത്തിലെ എല്ലാം രംഗത്തിലും പ്രത്യക്ഷപ്പെടുന്ന കഥാപാത്രമാണ് നജീബ്. എന്നാല്‍ രൂപത്തിലും ഭാവത്തിലും തനിക്ക് നേരിട്ട ദുരിതകള്‍ ഏല്‍പ്പിക്കുന്ന പരിക്ക് ശരീരത്തിലും ശബ്ദത്തിലും എല്ലാം ആവാഹിക്കുന്ന ഒരു മാന്ത്രിക അഭിനയം തന്നെ പൃഥ്വി പുറത്തെടുക്കുന്നുണ്ട്.
എത്രയോ കാലം ശരീരികമായ വലിയ പ്രയത്നം എടുത്താണ് പൃഥ്വിരാജ് നജീബായി മാറിയത്. അത് ചിത്രത്തിലെ ചില രംഗങ്ങളില്‍ പ്രേക്ഷകനെ ശരിക്കും ഞെട്ടിപ്പിക്കുന്ന രീതിയില്‍ വ്യക്തമാകുന്നുണ്ട്. അത്ഭുതവും ഇമോഷനും നിറയ്ക്കുന്ന രംഗങ്ങളാണ് അവ. ഒപ്പം നജീബിന്‍റെ ദുരിതങ്ങളെ, ജീവിതപോരാട്ടത്തെ, അതിജീവനത്തെ എല്ലാം പ്രേക്ഷകനോട് ചേര്‍ത്തുവയ്ക്കുന്ന ഒരു ഗംഭീര തിരക്കഥ തന്നെയാണ് ബെന്യാമന്‍റെ കഥയ്ക്ക് ബ്ലെസി ഒരുക്കിയിരിക്കുന്നത്.
പൃഥ്വിരാജ് ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ തന്നെ മറ്റു കഥാപാത്രങ്ങള്‍ക്കും അതിന്‍റെതായ പ്രധാന്യം ബ്ലെസിയുടെ തിരക്കഥ. പൃഥ്വിയുടെ ഭാര്യ സൈനുവായി എത്തുന്ന അമല പോള്‍ ആണ്. ഒപ്പം അമ്മയായി ശോഭ മോഹനും എത്തുന്നു. അതേ സമയം ഹക്കിം എന്ന വേഷം ചെയ്ത ഗോകുല്‍, ഇബ്രാഹിം കാദിരി എന്ന വേഷം ചെയ്ത ജിമ്മി ജീന്‍ ലൂയിസ് എന്നിവരുടെ പ്രകടനം എടുത്തു പറയേണ്ടതാണ്.
സാങ്കേതികമായി മലയാളത്തിലെ സമീപകാല ചിത്രങ്ങളില്‍ ടോപ്പ് നോച്ച് എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന ചിത്രമാണ് ആടുജീവിതം. നജീബിന്‍റെ പ്രയാസങ്ങള്‍ ദുരിതം എല്ലാത്തിനും സാക്ഷിയാണ് മരുഭൂമി. ഇത്രയും ഗംഭീരമായി ഒരു മരുഭൂമി കാഴ്ച സമീപകാല ഇന്ത്യന്‍ സിനിമകളില്‍ തന്നെ ഉണ്ടായിട്ടില്ലെന്ന് പറയാം. അസാധ്യമായ ഒരു വര്‍ക്കാണ് കെ എസ് സുനില്‍ എന്ന ക്യാമറമാന്‍ ആടുജീവിതത്തില്‍ ചെയ്തിരിക്കുന്നത് എന്ന് പറയാം. അതിനൊപ്പം തന്നെ മലയാളത്തിലേക്ക് വീണ്ടും ഒരു ഗംഭീര തിരിച്ചുവരവ് നടത്തിയ എആര്‍ റഹ്മാന്‍റെ ഒറിജിനല്‍ സ്കോര്‍ ചിത്രത്തിന്‍റെ വൈകാരികതയ്ക്കൊപ്പം തന്നെ സഞ്ചരിക്കുന്നുണ്ട്. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍, ശ്രീകര്‍ പ്രസാദിന്‍റെ എഡിറ്റിംഗ്, വിഎഫ്എക്സ്, രഞ്ജിത്ത് അമ്പാടിയുടെ മേയ്ക്കപ്പ് ഇങ്ങനെ എല്ലാ മേഖലയിലും ചിത്രം മികച്ച് നില്‍ക്കുന്നു എന്ന് തന്നെ പറയാം.
മലയാളിയായ വായനക്കാരുടെ മനസില്‍ എന്നും നില്‍ക്കുന്ന കഥയാണ് മരുഭൂമിയില്‍ ആടുജീവിതം നയിച്ച നജീബിന്‍റെത്. അതിന് സംവിധായകന്‍ ബ്ലെസി ഒരു പുതിയ ദൃശ്യാവിഷ്കരണം നല്‍കുകയാണ്. എന്നും മലയാളി മറക്കാത്ത നോവലിനെ അതിനൊത്ത ചലച്ചിത്ര കാവ്യമാക്കി മാറ്റാന്‍ ഒരു പതിറ്റാണ്ടോളം എടുത്ത നിര്‍മ്മാണത്തിലൂടെ ബ്ലെസിക്ക് സാധിച്ചിരിക്കുന്നു.
പതിനാറ് കൊല്ലം ഒരു ചിത്രത്തിന് വേണ്ടിയോ?; 'ആടുജീവിതം' അക്ഷയ് കുമാറിനെ ഞെട്ടിച്ചത് ഇങ്ങനെ- വീഡിയോ
'16വർഷത്തെ സപര്യ, ഒരായിരം കടമ്പകൾ, ഉപേക്ഷിക്കേണ്ട സന്ദർഭങ്ങൾ, പരിഹാസങ്ങൾ, ചിലരുടെ വെല്ലുവിളികൾ'
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ