
ബോളിവുഡിൽ സമീപദിനങ്ങളിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട ചിത്രം ദ് കശ്‍മീർ ഫയല്‍സിന് (The Kashmir Files) പ്രശംസയുമായി ബോളിവുഡ് താരം ആമിർ ഖാൻ (Aamir Khan). താൻ തീർച്ഛയായും ചിത്രം കാണുമെന്നും സിനിമ വിജയം നേടിയതിൽ ഏറെ സന്തോഷമുണ്ടെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ആമിർ പറഞ്ഞു.
രാജമൗലിയുടെ സംവിധാനത്തിലെത്തുന്ന പുതിയ ചിത്രം ആർആർആറിന്‍റെ പ്രചരണാർഥം ദില്ലിയിൽ നടത്തിയ പരിപാടികളിൽ ആമിറും പങ്കെടുത്തിരുന്നു. ഇതിന്‍റെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിലാണ് കശ്‍മീർ ഫയൽസിനെക്കുറിച്ചുള്ള ചോദ്യം ആമിറിനെ തേടിയെത്തിയത്. ഞാന്‍ തീര്‍ച്ഛയായും ഈ ചിത്രം കാണും. ഈ സിനിമയുടെ കഥ നമ്മുടെ ചരിത്രത്തിന്‍റെ ഭാഗമാണ്. കശ്മീരി പണ്ഡിറ്റുകള്‍ക്ക് സംഭവിച്ച കാര്യങ്ങളൊക്കെ ശരിക്കും ദുഖകരമാണ്. ഇത്തരത്തില്‍ ഒരു വിഷയം സംസാരിക്കുന്ന സിനിമ എല്ലാ ഇന്ത്യക്കാരും തീര്‍ച്ചയായും കാണേണ്ടതാണ്. മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന മുഴുവന്‍ ആളുകളുടെയും വികാരങ്ങളെ ഈ ചിത്രം സ്പര്‍ശിച്ചുവെന്നതാണ് മനോഹരമായ കാര്യം. ഈ ചിത്രം വിജയം നേടുന്നത് കാണുന്നതില്‍ ഞാന്‍ സന്തുഷ്‍ടനാണ്, ആമിര്‍ പറഞ്ഞു.
ഈ മാസം 11ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ റിലീസ് രാജ്യമൊട്ടാകെ 630 തിയറ്ററുകളില്‍ മാത്രമായിരുന്നു. എന്നാല്‍ നേടിയ വിതരണക്കാരെയും തിയറ്റര്‍ ഉടമകളെയും അമ്പരപ്പിച്ചുകൊണ്ട് നേടിയ കളക്ഷന്‍ 4.25 കോടി ആയിരുന്നു. രണ്ടാം ദിനമായ ശനിയാഴ്ച 10.10 കോടി നേടിയതോടെ തിയറ്റര്‍ ഉടമകളുടെ ആവശ്യപ്രകാരം ചിത്രത്തിന് സ്ക്രീന്‍ കൗണ്ട് വലിയ രീതിയില്‍ വര്‍ധിച്ചു. 2000 സ്ക്രീനുകളിലായിരുന്നു ആദ്യ ഞായറാഴ്ച ആയപ്പോഴേക്കും ചിത്രത്തിന്‍റെ പ്രദര്‍ശനം. രണ്ടാം വാരത്തിലേക്ക് കടന്നപ്പോള്‍ തിയറ്റര്‍ കൗണ്ട് 4000 ആയി വര്‍ധിച്ചിട്ടുണ്ട്. ബോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായ, ആമിര്‍ ഖാന്‍ നായകനായ ദംഗലിനെ (Dangal) എട്ടാം ദിന കളക്ഷനില്‍ മറികടക്കുകയും ചെയ്‍തിരുന്നു ചിത്രം. ദംഗലിന്‍റെ എട്ടാംദിന കളക്ഷന്‍ 18.59 കോടി ആയിരുന്നെങ്കില്‍ കശ്‍മീര്‍ ഫയല്‍സ് ഇതേ ദിനത്തില്‍ നേടിയിരിക്കുന്നത് 19.15 കോടിയാണ്. ഇത് ബാഹുബലി 2ന്‍റെ എട്ടാം ദിന കളക്ഷന്‍റെ അടുത്ത് നില്‍ക്കുന്ന സംഖ്യയുമാണ്. 19.75 കോടി ആയിരുന്നു ബാഹുബലി 2ന്‍റെ എട്ടാം ദിന കളക്ഷന്‍.
മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന് പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും രംഗത്തെത്തിയിരുന്നു. അതേസമയം ചിത്രം ചരിത്രത്തെ വളച്ചൊടിക്കുന്ന ഒന്നാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് പാര്‍ട്ടി രംഗത്തെത്തിയിരുന്നു. എഴുത്തുകാരന്‍ അശോക് സ്വെയ്‍ന്‍, നടി സ്വര ഭാസ്കര്‍ തുടങ്ങി ചിത്രത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തിയവരും നിരവധിയാണ്.