
ഡയറക്ട് ഒടിടി റിലീസിന് ചിത്രങ്ങള്‍ നല്‍കുന്ന നിര്‍മ്മാതാക്കളുമായി മേലില്‍ സഹകരിക്കേണ്ടെന്ന തീയേറ്ററുടമകളുടെ സംഘടനയായ 'ഫിയോകി'ന്‍റെ നിലപാടിന് വിമര്‍ശനവുമായി സംവിധായകന്‍ ആഷിക് അബു. പ്രസ്തുത നിലപാടില്‍ നിര്‍മ്മാതാവ് ആന്‍റോ ജോസഫിന് മാത്രം ഇളവനുവദിച്ചതിനെയും ആഷിക് വിമര്‍ശിക്കുന്നു. ഫിയോക് ഇന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് ആഷിക് അബുവിന്‍റെ വിമര്‍ശനം.
"ലോകം മുഴുവനുള്ള മനുഷ്യർ ഒരു മഹാവ്യാധിയെ അതിജീവിക്കാൻ പൊരുതുമ്പോൾ കേരളത്തിൽ ഒരു മുതലാളി സംഘടന പുറപ്പെടുവിച്ച ഫത്വ! പാവം ആന്‍റോ ജോസഫിന് ഇളവനുവദിച്ചിട്ടുണ്ട്. അദ്ദേഹം രക്ഷപെട്ടു. ബാക്കിയുള്ളവർക്ക് പണികിട്ടും. സിനിമ തീയറ്റർ കാണില്ല. ജാഗ്രതൈ!", ആഷിക് അബു ഫേസ്ബുക്കില്‍ കുറിച്ചു.
തങ്ങളുടെ സിനിമകള്‍ ഡയറക്ട് ഒടിടി റിലീസ് ചെയ്യുന്നവരുമായി മേലില്‍ സഹകരിക്കേണ്ട എന്നായിരുന്നു സംഘടന നേരത്തേ എടുത്ത നിലപാട്. അതില്‍ ആന്‍റോ ജോസഫ് നിര്‍മ്മിച്ച 'കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്' എന്ന ചിത്രത്തിന് ഇളവനുവദിച്ചുകൊണ്ടുള്ളതാണ് പുതിയ തീരുമാനം. പ്രസ്തുത ചിത്രം തീയേറ്റര്‍ റിലീസിനു മുന്‍പ് പൈറസി നേരിട്ടതിനാല്‍ റിലീസ് ഇനിയും നീണ്ടുപോകുന്നപക്ഷം അദ്ദേഹത്തിന് വന്‍ സാമ്പത്തികനഷ്ടം ഉണ്ടാകുമെന്ന് ബോധ്യപ്പെട്ടതിനാലാണ് ഈ തീരുമാനമെന്ന് സംഘടന അറിയിക്കുന്നു. ചിത്രത്തിന്‍റെ വ്യാജപതിപ്പ് പുറത്തിറങ്ങുമെന്ന ആശങ്കയില്‍ ഡയറക്ട് ഒടിടി റിലീസായി ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ തീരുമാനിച്ചതായി ആന്‍റോ ജോസഫ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ടൊവീനോ തോമസ് നായകനാവുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിയോ ബേബി ആണ്. മാര്‍ച്ച് 12ന് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രത്തിന്‍റെ റിലീസ് കൊവിഡ് പശ്ചാത്തലത്തില്‍ മുടങ്ങുകയായിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ