
ലഹരിപിടിയിൽ മലയാള സിനിമ വീർപ്പ് മുട്ടുന്ന സാഹചര്യത്തിൽ തനിക്കുണ്ടായ അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ലഹരി ഉപയോഗിക്കുന്നവരുമായി താൻ സിനിമ ചെയ്യില്ലെന്ന വിൻസിയുടെ തുറന്നു പറച്ചിലിനെ തുടർന്ന് ഉണ്ടായ വിവാദത്തെ കുറിച്ച് സംസാരിക്കവെയാണ് തനിക്ക് പുക നിറഞ്ഞ മുറികളിൽ കഥ പറയാൻ ഇരിക്കേണ്ടി വന്നിട്ടുണ്ടെന്ന് അഭിലാഷ് പറഞ്ഞത്. തുടക്ക സമയത്തായിരുന്നു അതെന്നും അഭിലാഷ് പിള്ള ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.
'ലൊക്കേഷനുകളിൽ ലഹരി ഉപയോഗം തടയാൻ ,ലഹരി ഉപയോഗിക്കുന്ന നടന്മാരെ കാസ്റ്റ് ചെയ്യാതിരിക്കുക. തന്റെ സിനിമകളിൽ ഇതുവരെയും ആരും ലഹരി ഉപയോഗിച്ചില്ലെന്ന് ഉറപ്പു പറയാൻ കഴിയും. എന്നാൽ, കരിയറിന്റെ തുടക്ക സമയത്ത് കഥ പറയാൻ വേണ്ടി പലരുമായി സമീപിക്കേണ്ടി വന്നപ്പോൾ, പുക മുറികളിലേക്ക് ക്ഷണിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ തനിക്ക് അങ്ങനെയൊരു സാഹചര്യത്തിൽ ഇരുന്നുകൊണ്ട് കഥ പറയാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു തന്നെ അത്തരം സ്പേസുകളിൽ നിന്ന് മാറി പോവേണ്ടി വന്നിട്ടുണ്ട്. കാരവാൻ സംവിധാനം വന്നതിന് ശേഷം അവിടെ എന്താണ് നടക്കുന്നതെന്ന് അറിയാനുള്ള സാധ്യത കുറവായതുകൊണ്ട് തന്നെ അത്തരം പേഴ്‌സണൽ സ്പേസുകളിൽ ആരൊക്കെ എന്തൊക്കെയാണ് ഉപയോഗിക്കുന്നതെന്ന് അറിയാൻ ബുദ്ധിമുട്ടാണ്. ലൊക്കേഷനുകളിൽ പൊലീസ് സാന്നിധ്യം ഉണ്ടയാൽ ആർക്കാണ് പ്രശ്നം. ഞാൻ എന്റെ സിനിമകളിലെല്ലാം പല കഥാപാത്രങ്ങളിൽ അഭിനയിക്കാൻ പൊലീസുകാർ എത്താറുണ്ട്. അങ്ങനെയാവുമ്പോൾ നമുക്കും ഒരു ധൈര്യമാണ്. ഇനി ഞാൻ എഴുതുന്ന കഥകളിൽ വിൻസിയ്ക്ക് അനുയോജ്യമായ വേഷം വന്നാൽ ഞാൻ തീർച്ചയായും ആ അഭിനേത്രിയെ കാസ്റ്റ് ചെയ്യും. അവരെ ഒരിക്കലും മാറ്റി നിർത്താൻ പാടില്ല', എന്നായിരുന്നു അഭിലാഷ് പിള്ളയുടെ വാക്കുകൾ.
കഴിഞ്ഞ ദിവസങ്ങളിൽ ലഹരി ഉപയോഗവുമായി സംബന്ധിച്ച് സിനിമ മേഖലയിൽ നിന്ന് കൂടുതൽ പേർ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഖാലിദ് റഹ്മാൻ, അഷറഫ് ഹംസ, റാപ്പ് സിംഗർ വേടൻ തുടങ്ങിയവരായിരുന്നു അവർ. പുലി പല്ലിന്റെ അന്വേഷണത്തിനായി രണ്ട് ദിവസത്തേക്ക് വേടനെ വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇതിനിടെ ഷൈൻ ടോം ചാക്കോയെ ഡി അഡിക്ഷൻ സെന്ററിലേക്കും കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. നടൻ ശ്രീനാഥ് ഭാസിയെയും ഹൈബ്രിഡ് ലഹരി കേസിൽ ചോദ്യം ചെയ്തിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ