
കൊച്ചി: താരസംഘടനയായ അമ്മയുടെ ഓഗസ്റ്റ് 15 ന് നടക്കാനിരിക്കുന്ന ഭരണസമിതി തെരഞ്ഞെടുപ്പിലേക്കുള്ള പത്രികാ സമര്‍പ്പണം അവസാനിച്ചപ്പോള്‍ ആകെ ലഭിച്ചത് 93 പത്രികകള്‍. പത്രികകളുടെ സൂക്ഷ്മ പരിശോധന ഇതിനകം ആരംഭിച്ചിട്ടുണ്ട്. അതേസമയം തെരഞ്ഞെടുപ്പില്‍ ആരോപണ വിധേയരായവര്‍ക്ക് മത്സരിക്കാമോ എന്നതിനെച്ചൊല്ലി അംഗങ്ങള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായം ഉണ്ട്. സംഘടനാ തെരഞ്ഞെടുപ്പില്‍ ആരോപണ വിധേയര്‍ക്കും മത്സരിക്കാമെന്ന് നടി സരയൂ അഭിപ്രായപ്പെട്ടു. തങ്ങള്‍ കോടതിയല്ലെന്നും 500 പേര്‍ മാത്രമുള്ള സംഘടനയാണെന്നും സരയൂ മാധ്യമങ്ങളോട് അഭിപ്രായപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്ക് വനിതകൾ മത്സരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും സരയൂ പ്രതികരിച്ചു.
അതേസമയം അതില്‍ നിന്ന് വ്യത്യസ്തമായി ആരോപണ വിധേയരായവർ മാറിനിൽക്കുന്നതാണ് മര്യാദയെന്നാണ് നടന്‍ അനൂപ് ചന്ദ്രന്‍റെ പ്രതികരണം. സംഘടനയുടെ മാഹാത്മ്യം മനസ്സിലാക്കി മൂല്യമുള്ളവർ മത്സര രംഗത്തേക്ക് വരണം. ശുദ്ധമുള്ള അമ്മയാക്കി, നല്ല അമ്മയാക്കി മാറ്റാൻ എല്ലാവരും ഒരുമിക്കണം, തെരഞ്ഞെടുപ്പില്‍ താനും മത്സരിക്കുന്നുണ്ടെന്നും അനൂപ് പറഞ്ഞു.
അതേസമയം അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് മോഹൻലാൽ തുടർന്നേക്കില്ല. പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ ഇല്ലെന്ന നിലപാട് ആവർത്തിക്കുകയാണ് മോഹൻലാൽ. ജഗദീഷും ശ്വേത മേനോനും രവീന്ദ്രനുമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ളത്. കുഞ്ചാക്കോ ബോബനോ വിജ രാഘവനോ ഇല്ലെങ്കിൽ മത്സരിക്കുമെന്ന് ജഗദീഷ് അറിയിച്ചു. അമ്മയിലെ താരങ്ങളിൽ നിന്ന് ജഗദീഷ് പിന്തുണ തേടിയിട്ടുണ്ട്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജിനൊപ്പം ജോയ് മാത്യു മത്സരിച്ചേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.