
ഒരു കാലത്ത് മലയാളത്തിലെ ആക്ഷന്‍ സിനിമകളുടെ മുഖമായിരുന്നു ബാബു ആന്‍റണി. ആയോധനകലയിലെ പ്രാവീണ്യം ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ആക്ഷന്‍ രംഗങ്ങളിലൂടെ ആരാധകരുടെ വലിയ നിരയെയും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ആക്ഷന്‍ ഗണത്തില്‍ പെടുന്ന മാര്‍ക്കോ എന്ന പുതിയ ചിത്രം നേടുന്ന വലിയ വിജയത്തില്‍ അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് ബാബു ആന്‍റണി. തന്‍റെ ഏറെ കാലമായുള്ള ഒരു സ്വപ്‍നത്തെക്കുറിച്ചും പറയുന്നു അദ്ദേഹം. സോഷ്യല്‍ മീഡിയയിലെ കുറിപ്പിലൂടെയാണ് ബാബു ആന്‍റണിയുടെ അഭിപ്രായ പ്രകടനം.
മലയാളത്തിലെ മോസ്റ്റ് വയലന്‍റ് ഫിലിം എന്ന വിശേഷണത്തോടെ എത്തിയ ചിത്രമാണ് മാര്‍ക്കോ. ചിത്രത്തിലെ വയലന്‍സിനെക്കുറിച്ച് അണിയറക്കാര്‍ നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണെന്നും സെല്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കിയിട്ടുള്ളതെന്നും ബാബു ആന്‍റണി ഓര്‍മ്മിപ്പിക്കുന്നു. അതിനാല്‍ത്തന്നെ പ്രേക്ഷകരെ സംബന്ധിച്ച് തെരഞ്ഞെടുപ്പിനുള്ള സാഹചര്യം ഉണ്ടെന്നും. "മാര്‍ക്കോ അതിര്‍ത്തികള്‍ ഭേദിക്കുന്ന വാര്‍ത്തകള്‍ സന്തോഷം പകരുന്നു. വയലന്‍സ് പ്രചരിപ്പിക്കുന്ന ഒരാളല്ല ഞാനെന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ. എന്‍റെ ചിത്രങ്ങളില്‍ ഫിസിക്കല്‍ ആക്ഷന്‍ അടിസ്ഥാനമാക്കിയുള്ളവയാണ്."
"മാര്‍ക്കോയിലെ വയലന്‍സിനെക്കുറിച്ച് ചില വിമര്‍ശനങ്ങള്‍ വന്നിട്ടുണ്ടാവാം. എന്നാല്‍ ഉണ്ണി മുകുന്ദന്‍റെ പ്രകടനത്തെക്കുറിച്ചോ ചിത്രത്തിന്‍റെ മേക്കിംഗിനെക്കുറിച്ചോ പരാതികളൊന്നും ഞാന്‍ കേട്ടില്ല. അതിരുകള്‍ ഭേദിക്കുന്നതില്‍ ഇരുവര്‍ക്കും അഭിനന്ദനങ്ങള്‍", ബാബു ആന്‍റണി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
സിനിമകളിലെ പാന്‍ ഇന്ത്യന്‍ സങ്കല്‍പം വരുന്നതിന് മുന്‍പ് പൂവിന് പുതിയ പൂന്തെന്നല്‍ എന്ന ചിത്രത്തിന്‍റെ റൂമേക്കുകളുമായി ഭാഷയുടെ അതിര്‍വരമ്പ് ഭേദിച്ച ഓര്‍മ്മയും അദ്ദേഹം പങ്കുവെക്കുന്നു. "ഫാസില്‍ മലയാളത്തില്‍ സംവിധാനം ചെയ്ത ചിത്രം പിന്നീട് തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, സിംഹളീസ് ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെട്ടു. എല്ലാ ഭാഷകളിലും വില്ലന്‍ വേഷം ഞാന്‍ തന്നെയാണ് ചെയ്തത്. അക്കാലത്ത് ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന പ്രതിനായക നടന്മാരില്‍ ഒരാളുമായിരുന്നു ഞാന്‍."
ബിഗ് ബജറ്റില്‍ ഒരു ആക്ഷന്‍ ചിത്രം ചെയ്യണമെന്നത് ഏറെക്കാലമായുള്ള തന്‍റെ ആഗ്രഹമാണെന്നും മാര്‍ക്കോയുടെ വരവോടെ വൈകാതെ അത് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബാബു ആന്‍റണി പറയുന്നു. "ഞാന്‍ ചെയ്ത ആക്ഷന്‍ ചിത്രങ്ങളൊക്കെയും ചെറിയ ബജറ്റില്‍ ഒരുങ്ങിയവ ആയിരുന്നു. ഒരു ആക്ഷന്‍ സീക്വന്‍സ് പൂര്‍ത്തിയാക്കാന്‍ ശരാശരി ആറ് മണിക്കൂര്‍ ഒക്കെയായിരുന്നു ലഭിക്കുക. സാങ്കേതികമായ വലിയ പിന്തുണയോ സുരക്ഷാ മുന്‍കരുതലുകളോ ഒന്നുമില്ലാതെയാണ് അവ ചെയ്തത്". 2025 ല്‍ താന്‍ ആഗ്രഹിക്കുന്ന തരത്തില്‍ വലിയ ബജറ്റിലുള്ള ഒരു ആക്ഷന്‍ ചിത്രം ചെയ്യാന്‍ സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെക്കുന്നു. തമിഴ് ചിത്രം സര്‍ദാര്‍ 2 ല്‍ ആണ് ബാബു ആന്‍റണി അടുത്തതായി അഭിനയിക്കുക.
ALSO READ : വിവാദങ്ങള്‍ക്ക് വിട; 'കൊറഗജ്ജ' 5 ഭാഷകളില്‍ തിയറ്ററുകളിലേക്ക്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ