
തിരുവനന്തപുരം: മദ്യലഹരിയിൽ അമിത വേഗത്തിൽ കാറോടിച്ച് വാഹനാപകടമുണ്ടാക്കിയ സംഭവത്തില്‍ ക്ഷമ ചോദിച്ച് സിനിമ നടന്‍ ബൈജു. സോഷ്യല്‍ മീഡിയയില്‍ വീഡിയോ സന്ദേശത്തിലൂടെയാണ് ബൈജു പൊതുസമൂഹത്തിനോട് ക്ഷമ ചോദിച്ചത്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ഏഷ്യാനെറ്റ് ന്യൂസിന്‍റെ മാധ്യമ പ്രവര്‍ത്തകരോട് ദേഷ്യപ്പെട്ടതിനും ബൈജു ഖേദം പ്രകടിപ്പിച്ചു. മാധ്യമ പ്രവര്‍ത്തകരാണെന്ന് അറിഞ്ഞില്ലെന്നും ടയര്‍ പഞ്ചറായതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് ബൈജു വിശദീകരിക്കുന്നത്.
ഞായറാഴ്ച അര്‍ധരാത്രിയാണ് തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനില്‍ വെച്ച് ബൈജുവിന്‍റെ വാഹനം സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചത്. പിന്നാലെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ബൈജു വൈദ്യപരിശോധനയ്ക്ക് രക്ത സാമ്പിൾ കൊടുക്കാൻ തയ്യാറായില്ല. തുടർന്ന് മദ്യത്തിന്‍റെ ഗന്ധമുണ്ടെന്നും പരിശോധനക്ക് തയ്യാറായില്ലെന്നും ഡോക്ടർ പൊലീസിന് മെഡിക്കൽ റിപ്പോർട്ട് എഴുതി നല്‍കുകയായിരുന്നു. മദ്യപിച്ച് അമിത വേഗതയിൽ കാറോടിച്ചതിന് മ്യൂസിയം പൊലീസ് ബൈജുവിനെതിരെ കേസെടുത്തിട്ടുണ്ട്. അമിത വേഗതയിൽ കാറോടിച്ചതിനും മദ്യപിച്ച് ഡ്രൈവ് ചെയ്തതിനുമാണ് ബൈജുവിനെതിരെ കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രാത്രി ഒരു മണിയോടെ ബൈജുവിനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
ബൈജുവിന്‍റെ വാക്കുകള്‍ ഇങ്ങനെ...
ഞായറാഴ്‍ചത്തെ എന്റെ അപകടവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണകള്‍ ഉണ്ടായി. യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്ത് എന്നറിയിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണ്. ഞായറാഴ്‍ച കവടിയാര്‍ ഭാഗത്ത് നിന്ന് താൻ വെള്ളയമ്പലത്തിലേക്ക് പോകുകയായിരുന്നു. 65 കിലോമീറ്റര്‍ വേഗത ഉണ്ടാകാം. വിചാരിച്ചത് വെള്ളയമ്പലം ഭാഗത്ത് നിന്ന് തനിക്ക് മ്യൂസിയം റോഡിലേക്ക് പോകാൻ ആയിരുന്നു. പക്ഷേ വെള്ളയമ്പലത്തില്‍ എത്തിയപ്പോള്‍ തന്നെ തന്റെ കാറിന്റെ ടയര്‍ പഞ്ചറാകുകയും ചെയ്‍തു.വണ്ടിയുടെ കണ്‍ട്രോള്‍ തനിക്ക് നഷ്‍ടപ്പെട്ടു. വണ്ടി തിരിഞ്ഞില്ല. അങ്ങനെയാണ് സ്‍കൂട്ടറുകാരനെ തട്ടാൻ കാരണം. ആ ചെറുപ്പക്കാരനെ താൻ പെട്ടെന്ന് തന്നെ എഴുന്നേല്‍പ്പിച്ചിരുത്തി. ആശുപത്രിയില്‍ പോകണമോയെന്ന് ചോദിക്കുകയും ചെയ്‍തു. വേണ്ട കുഴപ്പമില്ലെന്ന് പറഞ്ഞു അയാള്‍. ഒടിവോ ചതവോ ഒന്നും തന്നെയുണ്ടായിട്ടില്ല. അയാള്‍ക്ക് പരാതിയില്ലെന്ന് പറയുകയും ചെയ്‍തിരുന്നു. പൊലീസില്‍ അയാള്‍ തന്നെ അറിയിച്ചിരുന്നു. എന്നെ പൊലീസുകാര്‍ ആരും സഹായിച്ചിട്ടുമില്ല. അവര്‍ നിയമപരമായി കേസ് എടുത്തിട്ടുണ്ട്. തെറ്റ് സംഭവിച്ചതില്‍ കേസ് എടുത്തിട്ടുണ്ട്. ഞാൻ മദ്യ ലഹരിയിലായിരുന്നു എന്നൊക്കെ പറയുന്നുണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍. അങ്ങനെ ഒക്കെ വരും എന്തായാലും. പൊടിപ്പും തൊങ്ങലുമൊക്കെയുണ്ടെങ്കിലല്ലേ ഇത് വായിക്കൂ. അങ്ങനെ അതിന്റെ ഭാഗമായിട്ട് വന്നതാണ്. ഒരു പെണ്‍കുട്ടി തനിക്കൊപ്പം ഉണ്ടായിരുന്നുവെന്നും വാര്‍ത്തകള്‍ ഉണ്ടായി. എന്നാല്‍ വല്യമ്മയുടെ മകളുടെ മകളാണ് തനിക്കൊപ്പം ഉണ്ടായിരുന്നത്. യുകെയില്‍ നിന്ന് വന്ന ഫ്രണ്ടുമുണ്ടായിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ