
ചില സിനിമാ താരങ്ങളെ കാണുമ്പോൾ നമ്മുടെ വീട്ടിലെ അല്ലെങ്കിൽ സുഹൃത്തുക്കളിൽ ഒരാളാണെന്ന് തോന്നിപ്പിക്കാറുണ്ട്. അത്തരത്തിലൊരു നടനാണ് ബേസിൽ ജോസഫ്. ഷോർട് ഫിലിമിലൂടെ തുടക്കം കുറിച്ച് അസിസ്റ്റന്റ് ഡയറക്ടറായി ബിഗ് സ്ക്രീനിൽ എത്തിയ ബേസിൽ ഇന്ന് മലയാള സിനിമയിലെ മുൻനിര നടനും സംവിധായകനുമാണ്. സോഷ്യൽ മീഡിയയിൽ അങ്ങനെ സജീവമല്ലെങ്കിലും ബേസിലുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ സൈബറിടത്ത് വൈറലാകാറുണ്ട്. പ്രത്യേകിച്ച് ടൊവിനോയ്ക്ക് ഒപ്പമുള്ളത്. എന്തിനേറെ ഒരു കമന്റ് പോലും വൈറലായി മാറാറുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലും സോഷ്യൽ മീഡിയയിലെ താരം ബേസിൽ ജോസഫ് തന്നെയായിരുന്നു. അതും കുട്ടി ബേസിൽ. ഒൻപതാം ക്ലാസിൽ പഠിക്കുന്ന സമയത്ത് അശ്വമേധം എന്ന പരിപാടിയിൽ പങ്കെടുത്ത ബേസിലിന്റെ വീഡിയോ ആയിരുന്നു ഇത്. സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വന്നതോടെ കഥ മാറി. ട്രോൾ പേജുകളിൽ എങ്ങും കുട്ടി ബേസിൽ തരംഗമായി. ഈ അവസരത്തിൽ മറ്റൊരു പോസ്റ്റ് പങ്കുവച്ച് തോറ്റു കൊടുക്കില്ലെന്ന് അറിയിച്ച് കൊണ്ട് ബേസിൽ എത്തിയിരിക്കുകയാണ്.
കുട്ടിക്കാലത്തെ ഫോട്ടോ തന്നെയാണ് ബേസിലും പങ്കുവച്ചത്. കയ്യിലൊരു ഗിറ്റാറും പിടിച്ച് നിൽക്കുന്ന ബേസിലിനെ ഫോട്ടോയിൽ കാണാം. ഒപ്പം "ആശ്വമേധം മാത്രമല്ല, ലേശം സംഗീതവും വശമുണ്ടായിരുന്നു ഗയ്‌സ്", എന്നാണ് താരം കുറിച്ചത്. പതിവ് പോലെ പോസ്റ്റ് സൈബറിടം ഏറ്റെടുത്തു. ‘എന്നെ ട്രോളാൻ വേറാരും വേണ്ടെടാ’ എന്നൊക്കെയാണ് പലരും കമന്റ് ചെയ്യുന്നത്.
പോസ്റ്റിന് കമന്റിടാൻ ആവശ്യപ്പെട്ട് ടൊവിനോയെ ടാഗ് ചെയ്യുന്നവരും ധാരാളമാണ്. അശ്വമേധം ബേസിലിനൊപ്പം പുത്തൻ ഫോട്ടോയും ആരാധകർ വൈറലാക്കി കഴിഞ്ഞു. എന്തായാലും ടൊവിനോ കമന്‍റ് ചെയ്യുമോ ഇല്ലയോ എന്നാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ നിലവില്‍ ഉറ്റുനോക്കുന്നത്.