സീരിയലിലെ പേര് ഒപ്പം ചേര്‍ത്തു; 25 വയസില്‍ എടുത്ത വിവാഹം വേണ്ടെന്ന തീരുമാനം; ഡാനിയല്‍ ബാലാജി വിടവാങ്ങുമ്പോള്‍

By Web TeamFirst Published Mar 30, 2024, 9:49 AM IST
Highlights

ചിത്തി എന്ന രാധിക ശരത്കുമാര്‍ പ്രധാന വേഷത്തില്‍ എത്തിയ സീരിയലിലെ റോളിലൂടെയാണ് ഡാനിയല്‍ ബാലാജി എന്‍റര്‍ടെയ്മെന്‍റ് ലോകത്തേക്ക് കടന്നത്.

ചെന്നൈ: തമിഴ് സിനിമാ നടൻ ഡാനിയൽ ബാലാജി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുുടർന്ന് ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംസ്കാര ചടങ്ങുകൾ ശനിയാഴ്ച അദ്ദേഹത്തിന്റെ വസതിയിൽ നടക്കും. 

ചിത്തി എന്ന രാധിക ശരത്കുമാര്‍ പ്രധാന വേഷത്തില്‍ എത്തിയ സീരിയലിലെ റോളിലൂടെയാണ് ഡാനിയല്‍ ബാലാജി എന്‍റര്‍ടെയ്മെന്‍റ് ലോകത്തേക്ക് കടന്നത്. 2003 ഏപ്രില്‍ മാസത്തിലാണ് ഇദ്ദേഹം അരങ്ങേറ്റം കുറിച്ചത്. ബാലാജി എന്ന ഇദ്ദേഹത്തിന്‍റെ പേരിനൊപ്പം ചിത്തി സീരിയലിലെ അദ്ദേഹത്തിന്‍റെ ക്യാരക്ടറിന്‍റെ പേര് നല്‍കിയത് സംവിധായകന്‍ സുന്ദര്‍ സി ആയിരുന്നു. അലൈകള്‍ എന്ന സീരിയലിലെ ഇദ്ദേഹത്തിന്‍റെ റോളും അക്കാലത്ത് ഏറെ ശ്രദ്ധേയമായി. ശരിക്കും നടനായി ആയിരുന്നില്ല ഡാനിയല്‍ ബാലാജി സിനിമ രംഗത്തേക്ക് എത്തിയത്. കമല്‍ഹാസന്‍റെ നടക്കാതെപോയ ഡ്രീം പ്രൊജക്ട് മരുതനായകം സിനിമയുടെ മനേജറായാണ് സിനിമ രംഗത്തേക്ക് അദ്ദേഹം എത്തിയത്. 

കാതല്‍ കൊണ്ടെന്‍ എന്ന ധനുഷ് നായകനായ ചിത്രത്തിലെ ചെറുവേഷത്തിലൂടെയാണ്  ഡാനിയല്‍ ബാലാജി  സിനിമ രംഗത്തേക്ക് എത്തിയത്. പിന്നാലെ ഗൌതം മേനോന്‍റെ കാക്ക കാക്കയില്‍ സൂര്യയുടെ സുഹൃത്തായ പൊലീസ് ഓഫീസറുടെ വേഷം ഏറെ ശ്രദ്ധേയമായി.  വില്ലന്‍ വേഷങ്ങളിലൂടെയാണ് ഡാനിയല്‍ ബാലാജി തമിഴ് സിനിമയില്‍ തന്‍റെ സാന്നിധ്യമായത്. വേട്ടയാട് വിളയാട്, പൊല്ലതവന്‍, പയ്യ, വട ചെന്നൈ, ബിഗില്‍ എന്നീ ചിത്രങ്ങളിലെ ഇദ്ദേഹം ചെയ്ത വേഷങ്ങള്‍ ശ്രദ്ധേയമാണ്. മലയാളത്തില്‍ ബ്ലാക്ക് എന്ന ചിത്രത്തിലാണ് ഡാനിയല്‍ ബാലാജി ആദ്യം അഭിനയിച്ചത്. ഡാഡി കൂള്‍ എന്ന ചിത്രത്തില്‍ വില്ലനായും അഭിനയിച്ചു. 

വില്ലന്‍ റോളുകള്‍ അടക്കം ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളിലും കൂടി 40 ഓളം ചിത്രങ്ങള്‍ ഡാനിയല്‍ ബാലാജി ചെയ്തിട്ടുണ്ട്. തമിഴിലെ മുന്‍ കാല ഹീറോ മുരളി ഡാനിയല്‍ ബാലാജിയുടെ ബന്ധുവാണ്. മുരളിയുടെ അമ്മാവന്‍റെ മകനാണ് ഡാനിയല്‍ ബാലാജി. അതേ സമയം 48 വയസായിട്ടും ഇതുവരെ വിവാഹം കഴിച്ചിരുന്നില്ല ഡാനിയല്‍ ബാലാജി. ഒരു അഭിമുഖത്തില്‍ ഡാനിയല്‍ ബാലാജി ഇതിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ് 25 മത്തെ വയസില്‍ ഞാന്‍ മനസിലാക്കി എനിക്ക് വിവാഹം ശരിയാകില്ലെന്ന്. 

വിവാഹം വേണ്ടെന്ന് ഞാന്‍ തീരുമാനിച്ചതല്ല. പക്ഷെ ഒരു 25 വയസ്സൊക്കെ ആയപ്പോഴേ എന്റെ ജീവിതത്തില്‍ അങ്ങനെ ഒന്ന് സംഭവിക്കില്ലെന്ന് എനിക്ക് അറിയാമായിരുന്നു. വിവാഹത്തെ കുറിച്ച് അമ്മ ചോദിക്കുമ്പോള്‍ നോക്കിക്കോളൂ, പക്ഷേ നടക്കില്ലെന്നാണ് പറഞ്ഞു. അമ്മ പല പെണ്‍കുട്ടികളെയും കണ്ടു. പക്ഷെ ജാതകം ഒത്തില്ല. പിന്നീട് അന്വേഷിച്ചപ്പോള്‍, എന്‍റെത് ബ്രഹ്മചാരി ജാതകമാണ് എന്ന് കണ്ടു. വിവാഹം കഴിക്കാത്തത് വലിയൊരു വിഷയമായിട്ടൊന്നും എനിക്ക് തോന്നിയിട്ടില്ല. ഈ ജീവിതത്തില്‍ ഞാന്‍ ഹാപ്പിയാണ്. എനിക്ക് എന്റേതായ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും ഡാനിയല്‍ ബാലാജി അഭിമുഖത്തില്‍ പറഞ്ഞു. 

ഡാനിയല്‍ ബാലാജിയുടെ അപ്രതീക്ഷിത മരണം തമിഴ് സിനിമ  ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്‍റെ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ് ഇപ്പോള്‍ മൃതദേഹം. 

തമിഴ് നടൻ ഡാനിയൽ ബാലാജി അന്തരിച്ചു

'സ്വാതന്ത്ര്യ വീർ സവർക്കർ' ഒരാഴ്ച കൊണ്ട് ഇന്ത്യയില്‍ നേടിയത്; പടം വിജയമോ, പരാജയമോ?
 

click me!