
കളങ്കാവല്‍ സിനിമയെയും അതിലെ മമ്മൂട്ടിയുടെ പ്രകടനത്തെയും പ്രശംസിച്ച് നടനും സംവിധായകനുമായ രാഹുല്‍ രവീന്ദ്രന്‍. രശ്മിക മന്ദാന നായികയായി ഈ വര്‍ഷം പ്രദര്‍ശനത്തിനെത്തിയ തെലുങ്ക് ചിത്രം ദി ഗേള്‍ഫ്രണ്ട് അടക്കമുള്ള സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് രാഹുല്‍ രവീന്ദ്രന്‍. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്. ചിത്രം കണ്ട് സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹത്തിന്‍റെ അഭിപ്രായ പ്രകടനം. “മമ്മൂട്ടി സാര്‍... എങ്ങനെ സാര്‍... വാട്ട് സാര്‍... വൈ സാര്‍... എന്തൊരു മനുഷ്യന്‍... എന്തൊരു താരം... എന്തൊരു നിര്‍മ്മാതാവ്! കളങ്കാവല്‍ ഒരു പീച്ച് ഫലമാണ്. എത്തരത്തില്‍ പിടിച്ചിരുത്തുന്ന കാഴ്ചയായിരുന്നു അത്”, രാഹുല്‍ രവീന്ദ്രന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ നിര്‍മ്മാണ സംരംഭമായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ജിതിന്‍ കെ ജോസ് ആണ്. ക്രൈം ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ മമ്മൂട്ടി പ്രതിനായകനാണ്. വിനായകനാണ് ചിത്രത്തിലെ നായകന്‍. ഇക്കാരണങ്ങളാലൊക്കെത്തന്നെ ചിത്രത്തിന് വലിയ പ്രീ റിലീസ് പ്രേക്ഷകശ്രദ്ധയാണ് ലഭിച്ചിരുന്നത്. ഇന്നലെ തിയറ്ററുകളിലെത്തിയ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് പോസിറ്റീവ് അഭിപ്രായങ്ങള്‍ നേടാനും സാധിച്ചു. ടിക്കറ്റ് ഡിമാന്‍ഡിനെത്തുടര്‍ന്ന് കേരളത്തില്‍ ചിത്രത്തിന്‍റെ ഷോ കൗണ്ടും സ്ക്രീന്‍ കൗണ്ടും വൈകുന്നേരത്തോടെ വര്‍ധിപ്പിച്ചിരുന്നു. മികച്ച വാരാന്ത്യ കളക്ഷന്‍ ചിത്രത്തിന് ഉറപ്പാണെന്നാണ് ട്രാക്കര്‍മാരുടെ പ്രവചനം.
എട്ട് മാസങ്ങള്‍ക്ക് ശേഷം തിയറ്ററുകളില്‍ എത്തുന്ന മമ്മൂട്ടി ചിത്രവുമാണ് കളങ്കാവല്‍. ചിത്രം വേഫെറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ ഒരു വേഷപ്പകർച്ചയുമായി എത്തിയിരിക്കുന്ന ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ഉള്ളത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം ഫൈസൽ അലി, സംഗീതം മുജീബ് മജീദ്, എഡിറ്റർ പ്രവീൺ പ്രഭാകർ.
തമിഴ്, തെലുങ്ക് സിനിമകളില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആയി സിനിമയില്‍ എത്തിയ ആളാണ് രാഹുല്‍ രവീന്ദ്രന്‍. പിന്നീട് 2010 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം മോസ്കോവിന്‍ കാവേരിയിലൂടെ നടനായും അരങ്ങേറി. ദി ഗേള്‍ഫ്രണ്ട് അടക്കം മൂന്ന് തെലുങ്ക് ചിത്രങ്ങളാണ് സംവിധാനം ചെയ്തത്. ഗായിക ചിന്മയി ശ്രീപദയാണ് ഭാര്യ.