
ദക്ഷിണേന്ത്യയിൽ നിന്നുള്ള സിനിമകൾ ബോളിവുഡ് എന്ന കളം പിടിക്കുന്ന കാഴ്ച വാർത്തയല്ലാതായിരിക്കുന്നു. രാജമൗലിയുടെ ബാഹുബലിയുടെ കൈകളിലേന്തി ഉയർന്ന വിജയപതാക ഓരോ ദിവസവും കൂടുതൽ ഉയർന്നു പറക്കുകയാണ്. മൊഴിമാറ്റിയെത്തിയ സിനിമകളുടെ വിജയം മാത്രമല്ല ഇതിന് കാരണം.
ബോളിവുഡിൽ നിന്നിറക്കുന്ന സിനിമകളിൽ തെന്നിന്ത്യൻ താരങ്ങളുടെ സാന്നിധ്യവും കൂടിവരുന്നു. മൊഴിമാറ്റത്തിലൂടെ തെക്കേ അറ്റത്തുള്ള കാണികളെ കുറച്ചുകൂടി കൂട്ടാനും ശ്രമിക്കുന്നു. പ്രചാരണ പരിപാടികൾക്ക് തെന്നിന്ത്യൻ താരങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുന്നു. മുമ്പ് വൻവിജയമായിരുന്ന ദക്ഷിണേന്ത്യൻ സിനിമകളുടെ റീമേക്കിൽ ഒതുങ്ങിനിന്ന സഹകരണവും ബാന്ധവുമാണ് ഇങ്ങനെ മാറിയിരിക്കുന്നത്.
'ഇന്ത്യൻ സിനിമയെന്നാൽ ഞങ്ങൾ, നാട്ടിലെല്ലായിടത്തും ആളെക്കൂട്ടുന്നത് ഞങ്ങൾ', എന്ന ബോളിവുഡിന്റെ അഹങ്കാരത്തിന്റെ മുനയൊടിക്കാനും തെന്നിന്ത്യൻ സിനിമകൾക്ക് കഴിഞ്ഞു. ഈ വലിയ മാറ്റങ്ങളുടെ അരികിൽ കൂടി ഒരാൾ മോളിവുഡിൽ നിന്ന് പതുക്കെ പതുക്കെ ബോളിവുഡിൽ ഇരിപ്പിടം ഒരുക്കുന്നുണ്ട്. മുമ്പ് നടന്ന പല പ്രതിഭകൾക്കും കഴിയാതെ പോയ നേട്ടം. വേറെയാരുമല്ല, മലയാള സിനിമയുടെ കുഞ്ഞിക്ക, ദുൽഖർ സൽമാൻ.
ദുൽഖർ പ്രധാന വേഷത്തിലെത്തുന്ന 'ചുപ് ദ റിവഞ്ച് ഓഫ് ദി ആർട്ടിസ്റ്റ്' വരവറിയിച്ചത് കഴിഞ്ഞ ദിവസമാണ്. അടുത്തമാസം 23നാണ് പ്രസിദ്ധ സംവിധായകൻ ആർ ബാൽകിയുടെ സിനിമ തീയറ്ററുകളി എത്തുന്നത്. ഇതിഹാസതുല്യനായ ചലച്ചിത്രകാരൻ ഗുരുദത്തിനും അദ്ദേഹത്തിന്റെ പ്രശസ്ത സിനിമ കാഗസ് കെ ഫൂലിനും ആദരമർപ്പിച്ചുള്ള സിനിമയെന്നാണ് അണിയറക്കാരുടെ വിശേഷണം. റൊമാന്റിക് ക്രൈം ത്രില്ലർ വിഭാഗത്തിൽ പെടുന്ന സിനിമയിൽ ദുൽഖറിനൊപ്പം തലപ്പൊക്കമുള്ള മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സണ്ണി ഡിയോൾ ആണ്. ശ്രേയ ധന്വന്തരിയും പൂജ ഭട്ടുമാണ് പ്രധാന വനിതാതാരങ്ങൾ.
ബോളിവുഡിൽ ഇത് ദുൽഖറിന്റെ മൂന്നാമത് സിനിമയാണ്. ഏതെങ്കിലും ഒന്നോ രണ്ടോ രംഗങ്ങളിൽ വന്നുപോകുന്ന വേഷമല്ല. പ്രധാന കഥാപാത്രം തന്നെയാണ് ആദ്യരണ്ട് സിനിമകളിലും നടൻ കൈകാര്യം ചെയ്തത്. കാർവാൻ ആണെങ്കിലും സോയ ഫാക്ടർ ആണെങ്കിലും. ദക്ഷിണേന്ത്യയിൽ വേരുകളുള്ള കഥാപാത്രം എന്ന ക്ലീഷേ ആദ്യ സിനിമയിൽ മാത്രമേ ദുൽഖറിന് ബാധകമായുള്ളൂ. ഇർഫാൻ ഖാൻ, മിഥില പാർക്കർ, സോനം കപൂർ അങ്ങനെ ബോളിവുഡിൽ മേൽവിലാസമുള്ളവർ തന്നെയായിരുന്നു ഒപ്പമുണ്ടായിരുന്നത്. വെറും ‘ഫ്ലൂക്ക്’ ആയിരുന്നില്ല ദുൽഖറിന്റെ സിനിമകളും വിജയവും എന്നർത്ഥം.
ഇങ്ങനെയൊരു ട്രാക്ക് റെക്കോഡ്, ഇനി അതിൽ വരുത്താൻ പോകുന്ന മാറ്റങ്ങൾ.....കമലഹാസനോ രജനീകാന്തിനോ അച്ഛൻ മമ്മൂട്ടിക്കോ ഒന്നും ഉണ്ടാക്കാൻ കഴിയാത്തത്ര വലിയ പാൻ ഇന്ത്യൻ താരത്തിളക്കം ദുൽഖറിന്റെ കൈയെത്തും ദൂരത്തുണ്ട്. തമിഴിലും തെലുങ്കിലും ദുൽഖറിന് സ്വന്തമായ മേൽവിലാസമുണ്ട്. മണിരത്നവും ഗൗതം മേനോനുമൊക്കെ തിരിച്ചറിഞ്ഞതാണ് ദുൽഖറിലെ താരത്തെയും നടനെയും. നല്ല കാമുകനായും ചില്ലറ കള്ളത്തരങ്ങളുമായി നടന്നുമൊക്കെയുള്ള കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടു.
സാക്ഷാൽ ജെമിനി ഗണേശനായി പകർന്നാടിയായിരുന്നു ദുൽഖറിന്റെ ആദ്യ തെലുങ്ക് സിനിമ (മഹാനടി). രണ്ടാമത്തേത് സീതാരാമം വൻഹിറ്റായ പ്രണയചിത്രവും. സ്വന്തം നാട്ടിലും ആരാധകവൃന്ദം ഏറെയുള്ള നായകൻ. വോഗ് ഇന്ത്യയുടെ കവർ ചിത്രമാകുന്ന കേരളത്തിൽ നിന്നുള്ള ആദ്യ നടനായ ദുൽഖർ ദേശീയ ബ്രാൻഡുകൾക്കും ഏറെ പ്രിയപ്പെട്ട മോഡൽ. ബുദ്ധിപരമായ തെരഞ്ഞെടുപ്പുകളിലൂടെ ദുൽഖർ ഇന്ത്യയുടെ തന്നെ കുഞ്ഞിക്കയാകാനുള്ള യാത്രയിലാണ്. നേരാം ഭാവുകങ്ങൾ, ചുപ് ആ യാത്രക്ക് വേഗമേറ്റട്ടെ.
ബോക്സ് ഓഫീസ് പടയോട്ടം തുടർന്ന് 'സീതാ രാമം'; ദുൽഖർ ചിത്രം ഇതുവരെ നേടിയത്