Latest Videos

'ദേശാഭിമാനി പോലും വായിക്കാറില്ലെ?, ജാതീയ സലാം'; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഹരീഷ് പേരടി

By Web TeamFirst Published Jan 20, 2023, 12:06 PM IST
Highlights

കോഴിക്കോട്: കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റ്യൂട്ട് വിഷയത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനെ പിന്തുണച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. ചെത്തുകാരന്‍ കോരന്‍റെ മകന്‍ എന്ന് നിങ്ങളെ ജാതിയമായി അധിക്ഷേപിച്ചപ്പോള്‍ കൂടെ നിന്നവരാണ് ഈ കേരളത്തിലെ അരിയാഹാരം കഴിക്കുന്ന മനുഷ്യര്‍.  അവരുടെ മുഖത്ത് നോക്കിയാണ് അടൂരിനെ നിങ്ങള്‍ വിശുദ്ധനാക്കുന്നതെന്നും ഹരീഷ് വിമര്‍ശിച്ചു. ഫേസ്ബുക്കിലൂടെയാണ് താരത്തിന്‍റെ പ്രതികരണം.

നവോത്ഥാനം എന്ന പദം ഉച്ചരിക്കാനുള്ള യോഗ്യത പോലും ഈ പ്രസ്താവന കൊണ്ട് മുഖ്യമന്ത്രി നഷ്ടമാക്കിയിരിക്കുകയാണ്. സത്യത്തിൽ നിങ്ങൾ ദേശാഭിമാനി പോലും വായിക്കാറില്ലെ?..സങ്കടത്തോടെ പറയട്ടെ ഗുരുവിന്റെ പേരും നവോത്ഥാനം എന്ന വാക്കും ഉച്ചരിക്കാനുള്ള യോഗ്യതയാണ് ഈ പ്രസ്താവനയിലൂടെ നിങ്ങൾ നഷ്ടപ്പെടുത്തിയത്..ജാതീയ സലാം- ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം

ചെത്ത്കാരൻ കോരന്റെ മകനെ എന്ന് നിങ്ങളെ ജാതിയമായി അധിക്ഷേപിച്ചപ്പോൾ കൂടെ നിന്നവരാണ് ഈ കേരളത്തിലെ അരിയാഹാരം കഴിക്കുന്ന മനുഷ്യർ ...അതെ മനുഷ്യരുടെ മുഖത്ത് നോക്കിയാണ് K.R.നാരായണൻ ഫിലിം ഇൻസ്റ്റ്യൂട്ടിലെ ജീവനക്കാരെയും വിദ്യാർത്ഥികളെയും ജാതിയമായി അധിക്ഷേപിച്ചവരെ ന്യായികരിക്കുന്ന അടൂരിനെ നിങ്ങൾ വിശുദ്ധനാക്കുന്നത്...സത്യത്തിൽ നിങ്ങൾ ദേശാഭിമാനി പോലും വായിക്കാറില്ലെ?..സങ്കടത്തോടെ പറയട്ടെ ഗുരുവിന്റെ പേരും നവോത്ഥാനം എന്ന വാക്കും ഉച്ചരിക്കാനുള്ള യോഗ്യതയാണ് ഈ പ്രസ്താവനയിലൂടെ നിങ്ങൾ നഷ്ടപ്പെടുത്തിയത്..ജാതീയ സലാം.

ദേശാഭിമാനി വാർഷികാഘോഷ സമാപനത്തിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി അടൂര്‍ ഗോപാലകൃഷ്ണനെ പ്രശംസിച്ചത്. 'അടൂർ ഗോപാലകൃഷ്ണന്റെ ഇരിപ്പിടം ഒഴുക്കിനെതിരെ നീന്തി നവ ഭാവുകത്വം നേടിയവരുടെ കൂട്ടത്തിലായിരിക്കും. അതിനാലാണ് മലയാള സിനിമയെ സ്വയംവരത്തിന് മുൻപും സ്വയംവരത്തിന് ശേഷവും എന്ന് വിഭജിക്കുന്നത്. അന്തർദേശീയ തലത്തിൽ മലയാള സിനിമയുടെ ബ്രാൻഡായി അടൂർ ഗോപാലകൃഷ്ണൻ മാറി. അതിപ്രശസ്തമായ സാഹിത്യകൃതികൾക്ക് ദൃശ്യ ഭാഷ നൽകിയത് അടൂരിന്റെ വലിയ സംഭാവനയാണ്'- മുഖ്യമന്ത്രി പറഞ്ഞു.

Read More : 'അന്തര്‍ദേശീയ രംഗത്തെ മലയാള സിനിമയുടെ ബ്രാന്‍ഡ് അംബാസിഡര്‍', അടൂരിനെ പുകഴ്ത്തി പിണറായി

പിബി അംഗം എംഎ ബേബിയും അടൂരിനെ പിന്തുണച്ച് നേരത്തെ രംഗത്തെത്തിയിരുന്നു. അടൂരിനെ ജാതി വാദി എന്നു വിളിക്കുന്നത് ശുദ്ധ ഭോഷ്കാണെന്നായിരുന്നു എം എ ബേബിയുടെ പ്രതികരണം. അടൂരിനെ ജാതിവാദിയായി ചിത്രീകരിക്കുന്നത് നിരുത്തരവാദപരമായ വ്യക്തിഹത്യയെന്നും ജീവിതകാലം മുഴുവൻ അടൂർ ഒരു മതേതരവാദിയായിരുന്നുവെന്നും എം എ ബേബി പറഞ്ഞു. മാധ്യമപ്രവർത്തകർ പ്രകോപിക്കാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് അദ്ദേഹം തിരിച്ചടിക്കുന്ന ഉത്തരങ്ങളല്ല അടൂർ. അമ്പത് വർഷങ്ങൾ കൊണ്ട് അദ്ദേഹം എടുത്ത സിനിമകളും ഒരിക്കലും കുലുങ്ങാത്ത അദ്ദേഹത്തിന്റെ മതേതര രാഷ്ട്രീയവുമാണ് അടൂർ- എംഎ ബേബി ഫേസ്ബുക്കില്‍ കുറിച്ചു.

Read More : മുറിച്ചുമാറ്റപ്പെട്ട ജാതിവാലിന്‍റെ ധാര്‍ഷ്ട്യം തന്നെയാണിത്; അടൂരിനെതിരെ വിദ്യാര്‍ത്ഥികളുടെ തുറന്നകത്ത്

click me!