'ഈ കുഴിയില്‍ ചാടിയാടി സിനിമ കാണും മനുഷ്യര്‍'; 'ന്നാ താന്‍ കേസ് കൊടി'നെ പിന്തുണച്ച് പാട്ടുപാടി ഹരീഷ് പേരടി

By Web TeamFirst Published Aug 12, 2022, 8:34 AM IST
Highlights

'തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്ന വാചകമാണ് വിമർശനങ്ങൾക്ക് വഴിവച്ചത്.

‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ പോസ്റ്ററിനെതിരെ ഉയർന്ന വിമർശനങ്ങൾക്കെതിരെ കൂടുതൽ പേർ രം​ഗത്ത്. കഴിഞ്ഞ ദിവസമാണ് കുഞ്ചാക്കോ ബോബൻ ചിത്രം തിയറ്ററുകളിൽ എത്തിയത്. തിയറ്റർ ലിസ്റ്റ് പങ്കുവച്ചുകൊണ്ടുള്ള പോസ്റ്ററിലെ 'തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്ന വാചകമാണ് വിമർശനങ്ങൾക്ക് വഴിവച്ചത്. ഇപ്പോഴിതാ വിഷയത്തിൽ ചിത്രത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. 

‘ന്നാ താൻ കേസ് കൊടി’ന് പിന്തുണ അറിയിച്ച് പാട്ട് പാടിയാണ് ഹരീഷ് രം​ഗത്തെത്തിയത്. "അടിമക്കൂട്ടം പാടി, കടന്നല്‍ക്കൂട്ടം പാടി’എന്നിട്ടും ഈ കുഴിയില്‍ ചാടിയാടി സിനിമ കാണും മനുഷ്യര്‍..ചാക്കോച്ചന്റെയും പൊതുവാളിന്റെയും 'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമ എല്ലാവരും കാണുക. ഈ സിനിമ കാണുക എന്നത് സാമൂഹിക ഉത്തരവാദിത്വമാണ്. ഒരു സാംസ്കാരിക പ്രവർത്തനമാണ്", എന്നാണ് ഹരീഷ് പേരടി ഫേസ്ബുക്ക് വീഡിയോയിൽ പറഞ്ഞത്. 

കഴിഞ്ഞ ദിവസം തന്നെ സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേർ ചിത്രത്തിന് പിന്തുണയുമായി രം​ഗത്തെത്തിയിരുന്നു. വിഷത്തിൽ പ്രതികരണവുമായി കുഞ്ചാക്കോ ബോബനും രം​ഗത്തെത്തിയിരുന്നു. പരസ്യം ഒരു രാഷ്ട്രീയ പാർട്ടിയെയും ഉദ്ദേശിച്ചല്ല. ചിത്രത്തിലെ ഇതിവൃത്തവുമായി ചേർന്ന് നിൽക്കുന്നതിനാലാണ് പരസ്യം നൽകിയത്. തമിഴ്നാട്ടിൽ നടന്ന സംഭവമാണ് ചിത്രത്തിനാധാരം. ഇനി തമിഴ്നാട്ടിൽ നിന്ന് ബഹിഷ്കരണമുണ്ടാവുമോന്ന് അറിയില്ല. കേരളത്തിലെ എക്കാലത്തെയും അവസ്ഥ തന്നെയാണ് ചിത്രം. വിഷയത്തിലെ നന്മ കാണാതെ വിവാദം സൃഷ്ടിക്കുന്നത് ഖേദകരമാണെന്നും കുഞ്ചാക്കോ പ്രതികരിച്ചു. 

'അത് പരസ്യമല്ലേ', 'അങ്ങനെ കണ്ടാൽ മതി': ക്രിയാത്മകമായ വിമർശനങ്ങൾക്ക് സ്വാഗതമെന്ന് മുഹമ്മദ് റിയാസ് 

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിന കലഹം തുടങ്ങിയ സിനിമകൾക്ക് ശേഷം രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാൾ സംവിധാനം ചെയ്ത ചിത്രമാണ് 'ന്നാ താന്‍ കേസ് കൊട് '. സന്തോഷ് ടി കുരുവിളയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.  'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനു' ശേഷം രതീഷ് ബാലകൃഷ്ണനും സന്തോഷ് ടി കുരുവിളയും ഒന്നിക്കുന്ന ചിത്രവുമാണിത്. 

click me!