സിനിമാ സ്വപ്‍നം നടക്കാതായപ്പോൾ ഹോട്ടൽ സപ്ലെയർ ആകാൻ പോയ ഇന്നസെന്റ്

Published : Mar 26, 2023, 11:43 PM ISTUpdated : Mar 26, 2023, 11:46 PM IST
സിനിമാ സ്വപ്‍നം നടക്കാതായപ്പോൾ ഹോട്ടൽ സപ്ലെയർ ആകാൻ പോയ ഇന്നസെന്റ്

Synopsis

ഒരിക്കല്‍ മദ്രാസിലെ ഒരു ഹോട്ടലിൽ ജോലിക്ക് പോകാൻ ശ്രമിച്ചതിനെ കുറിച്ച് ഇന്നസെന്റ് തന്നെ പറഞ്ഞിരുന്നു.

മലയാളി പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട നടന്മാരിൽ ഒരാളായിരുന്നു ഇന്നസെന്റ്. ഹാസ്യ വേഷങ്ങളിലും അഭിനയപ്രാധാന്യമുള്ള കാരക്ടർ വേഷങ്ങളിലും ഒരുപോലെ തിളങ്ങിയിട്ടുള്ള നടൻ മലയാളത്തിലെ പകരക്കാരില്ലാത്ത താരങ്ങളിൽ ഒരാളായി. 'ദേവാസുര'ത്തിലെ 'വാര്യർ', 'കാബൂളിവാല'യിലെ 'കന്നാസ്', 'മണിച്ചിത്രത്താഴി'ലെ 'ഉണ്ണിത്താൻ' തുടങ്ങിയവ ചില ഉദാഹരണങ്ങൾ മാത്രം. സവിശേഷമായ ശരീരഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളായിരുന്നു. എന്നാൽ, ഇതിനെല്ലാം മുൻപ് സിനിമ എന്ന സ്വപ്‍നം നടക്കാതെ ജീവിക്കാൻ വേണ്ടി ഹോട്ടൽ സപ്ലെയർ ആകാൻ പോയൊരു ഇന്നസെന്റ് ഉണ്ടായിരുന്നു.

നാളുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തന്റെ സിനിമാ സ്വപ്‍നങ്ങൾ നടക്കില്ലെന്ന് മനസ്സിലാക്കിയ ഇന്നസെന്റ് മദ്രാസിലെ ഒരു ഹോട്ടലിൽ ജോലിക്ക് പോകാൻ തീരുമാനിച്ചു. ഹോളിവുഡ് എന്നായിരുന്നു ആ ​ഹോട്ടലിന്റെ പേര്. പല സിനിമാ പ്രവർത്തകരുടെയും മുന്നിൽ അഭിനയ മോഹവുമായി പോയ ഇന്നസെന്റിന് നിരാശയായിരുന്നു ഫലം. ഇത്തരത്തിൽ പലപ്പോഴും നിരാശനായി മടങ്ങുമ്പോൾ, അദ്ദേഹം കാണുന്നതാകട്ടെ ഹോളിവുഡ് ഹോട്ടലും. എന്നാല്‍ അവിടെ ജോലി ചെയ്‍തു, അവിടെ നിന്നു കൊണ്ട് തന്നെ സിനിമയെ പറ്റി ആലോചിക്കാമെന്നും സിനിമയിൽ ചാൻസിന് വേണ്ടി നടക്കാമെന്നും ഇന്നസെന്റ് വിചാരിച്ചു.

അങ്ങനെ ആ ഹോളിവുഡ് ഹോട്ടലിൽ പോയി ഇവിടെ ആളെ എടുക്കുന്നുണ്ടോ എന്ന് ചോദിച്ച ഇന്നസെന്റിനോട് എന്ത് ജോലി ചെയ്യാനറിയാം എന്നാണ് ഉടമസ്ഥൻ ചോദിച്ചത്. കറി വയ്ക്കാൻ ഒന്നും അറിയില്ല അല്ലാതെ ഉള്ള എന്തെങ്കിലും ജോലി തന്നാൽ മതിയെന്ന് ഇന്നസെന്റ് പറഞ്ഞു. കാരണം 'പുറത്ത് നിന്ന് ജോലി ചെയ്‍താൽ ആളുകൾ അറിയും നാളെ സിനിമ നടൻ ആകാനുള്ള ആളാണെന്ന് വിചാരിച്ചുവെന്ന്' ഒരഭിമുഖത്തിൽ ഇന്നസെന്റ് പറഞ്ഞിരുന്നു. ആവശ്യമുള്ളപ്പോൾ വിളിക്കാമെന്ന് പറഞ്ഞ് ഹോട്ടൽ ഉടമയ്ക്ക് താനുമായി ബന്ധപ്പെടാനുള്ള വിവരങ്ങളും കൊടുത്താണ് ഇന്നസെന്റ് അവിടെ നിന്നും ഇറങ്ങിയത്. എന്തു ചെയ്യാനായിട്ടുള്ള ഒരു മനസ്സ് അന്നും തനിക്ക് ഉണ്ടായിരുന്നു എന്നാണ് ഇന്നസെന്റ് ഈ സംഭവത്തെ പറ്റി പറഞ്ഞിട്ടുള്ളത്.

സിനിമ നടൻ ആകാൻ എന്തൊക്കെ ചെയ്യാൻ സാധിക്കുമോ അതെല്ലാം യുവാവായ ഇന്നസെന്റ് ചെയ്‍തു. ഒടുവിൽ 1972 ൽ ഇറങ്ങിയ 'നൃത്തശാല'യിലൂടെ ഇന്നസെന്റ് സിനിമ അരങ്ങേറ്റം കുറിച്ചു. തുടർന്ന് 'ജീസസ്', 'നെല്ല്' തുടങ്ങിചില സിനിമകളിൽ അഭിനയിച്ചു. 1989ൽ ഇറങ്ങിയ 'റാംജിറാവു സ്‍പീക്കിംഗ്' ആണ് ഇന്നസെന്റിന്റെ അഭിനയജീവിതത്തിൽ ഒരു വഴിത്തിരിവായത്. 'റാംജിറാവു'വിലെ 'മന്നാർ മത്തായി' എന്ന കോമഡി കഥാപാത്രം വലിയ ജനപ്രീതി നേടുകയും  ധാരാളം ആരാധകരെ നേടിക്കൊടുക്കുകയും ചെയ്‍തു. തുടർന്ന് 'ഗജകേസരി യോഗം', 'ഗോഡ് ഫാദർ', 'കിലുക്കം', 'വിയ്റ്റ്നാം കോളനി', 'ദേവാസുരം', 'കാബൂളിവാല', എന്നിങ്ങനെ നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുകയും അവയെല്ലാം പ്രേക്ഷക പ്രീതി നേടുകയും ചെയ്‍തു.

അഭിനയിക്കുന്ന എല്ലാകഥാപാത്രങ്ങളെയും പ്രേക്ഷകരുടെ മനസ്സിൽ എന്നെന്നും നിലനിൽക്കുന്നതാക്കാൻ അദ്ദേഹത്തിന്റെ ഉജ്ജ്വലമായ അഭിനയത്തിനു കഴിഞ്ഞു. ഒടുവിൽ മലയാളികളെ ചിന്തിപ്പിച്ചും ചിരിപ്പിച്ചും കരയിപ്പിച്ചും മനംകവർന്ന അദ്ദേഹം സിനിമയിലെഅഭിനയ യുഗം അവസാനിപ്പിച്ച് മടങ്ങിയിരിക്കുകയാണ്. മലയാളക്കരയെ ഒന്നാകെ ദുഃഖത്തിലാഴ്ത്തിയാണ് ഇന്നസെന്റ് വിടവാങ്ങിയിരിക്കുന്നത്. ഓര്‍മയില്‍ ഇനി ഇന്നസെന്റിന്റെ ജനപ്രിയ കഥാപാത്രങ്ങള്‍ ബാക്കി.

Read More: നടൻ ഇന്നസെന്‍റ് അന്തരിച്ചു; പൊതുദർശനവും സംസ്‍കാരവും തിങ്കളാഴ്‍ച

PREV
Read more Articles on
click me!

Recommended Stories

'കളങ്കാവല്‍' സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ