പുതിയ പ്രൊജക്റ്റിന്റെ സൂചനകളുമായി സ്റ്റൈലൻ വീഡിയോയുമായി കരീന കപൂര്‍

By Web TeamFirst Published Jan 19, 2023, 1:54 PM IST
Highlights

കരീന കപൂറിന്റെ പുതിയ പ്രൊജക്റ്റ് എന്തായാരിക്കും എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളായ കരീന കപൂറിന്റെ ഓരോ പ്രൊജക്റ്റുകള്‍ക്കായും ആരാധകര്‍ കാത്തിരിക്കാറുണ്ട്. തന്റെ പുതിയ പ്രൊജക്റ്റിനെ കുറിച്ച് സൂചിപ്പിച്ച് ഒരു വീഡിയോ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചിരിക്കുകയാണ് കരീന കപൂര്‍. ഒരു സൂപ്പര്‍ ഹീറോ സ്റ്റൈലിലാണ് വീഡിയോയില്‍ കരീന കപൂര്‍ പ്രത്യക്ഷപ്പെടുന്നത്. ജനുവരി 27ന് കാത്തിരിക്കാനാണ് തന്റെ വീഡിയോയ്‍ക്ക്  ക്യാപ്ഷനായി കരീന കപൂര്‍ എഴുതിയിരിക്കുന്നത്.

ഹൻസാല്‍ മേഹ്തയുടെ സംവിധാനത്തിലുള്ള ചിത്രമാണ് കരീന കപൂറിന്റേതായി വൈകാതെ പ്രദര്‍ശനത്തിന് എത്താനുള്ളത്. കരീന കപൂര്‍ തന്നെയാണ് തന്റെ ചിത്രം നിര്‍മിക്കുകയും ചെയ്യുന്നത്. യഥാര്‍ഥ സംഭവങ്ങളെ ആസ്‍പദമാക്കിയുള്ള ത്രില്ലര്‍ ചിത്രമായ 'മര്‍ഡര്‍ മിസ്റ്ററി'യിലാണ് ഹൻസാല്‍ മേഹ്‍തയുടെ സംവിധനത്തില്‍  കരീന കപൂര്‍ അഭിനയിക്കുന്നത്. ഏക്താ കപൂറും കരീന കപൂറിന്റെ ചിത്രത്തിന്റെ സഹ നിര്‍മാതാവാണ്.

'ദ ക്ര്യൂ' എന്ന ചിത്രവും കരീന കപൂര്‍ കേന്ദ്ര കഥാപാത്രമായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. തബു, കൃതി സനോണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്. ഒരു കോമിക് എന്റര്‍ടെയ്‍നറായിരിക്കും ചിത്രം. രാജേഷ് കൃഷ്‍ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഒടിടി സിനിമയും അടുത്തിടെയായി കരീന കപൂര്‍ പൂര്‍ത്തിയാക്കിയിരുന്നു. 'ദ ഡിവോഷൻ ഓഫ് സസ്‍പെക്റ്റ് എക്സ്' എന്ന നോവലിനെ ആസ്‍പദമാക്കിയാണ് ചിത്രം. സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന ചിത്രം നെറ്റ്ഫ്ലിക്സിലായിരിക്കും സ്ട്രീം ചെയ്യുക.

'ലാല്‍ സിംഗ് ഛദ്ദ' എന്ന ചിത്രമാണ് കരീന കപൂര്‍ നായികയായി അഭിനയിച്ചതില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ആമിര്‍ ഖാനായിരുന്നു ചിത്രത്തില്‍ നായകനായി അഭിനയിച്ചത്. അദ്വൈത് ചന്ദ്രനാണ് ചിത്രത്തിന്റെ സംവിധാനം  നിര്‍വഹിച്ചത്. വേറിട്ട ആമിര്‍ ഖാൻ ചിത്രമായിട്ടുപോലും തിയറ്ററില്‍ പരാജയപ്പെടാനായിരുന്നു വിധി. ആമിര്‍ ഖാൻ തന്നെയാണ്  ചിത്രം നിര്‍മിച്ചതും. സത്യജിത്ത് പാണ്ഡെയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

Read More: 'തിരുച്ചിദ്രമ്പല'ത്തിന്റെ വിജയം ആവര്‍ത്തിക്കാൻ വീണ്ടും ഒന്നിക്കുന്നു, ധനുഷിനൊപ്പം സണ്‍ പിക്ചേഴ്‍സ്

click me!