
മലയാളികളുടെ പ്രിയ നടനാണ് മമ്മൂട്ടി. ഒരു തോണിക്കാരനായി വെള്ളിത്തിരയിൽ എത്തി പിന്നീട് മലയാള സിനിമയുടെ നെടുംതൂണായി വളർന്ന അദ്ദേഹം ഇതിനകം ചെയ്തു തീർത്തത് ഒട്ടനവധി സിനിമകളും കഥാപാത്രങ്ങളും. എന്നും വ്യത്യസ്തതകൾക്ക് പുറകെ പോയി തന്നിലെ നടനെ മിനുക്കി എടുക്കുന്ന മമ്മൂട്ടിയുടെ ജീവിതം പാഠപുസ്തകത്തിൽ ഇടംനേടിയിരിക്കുകയാണ് ഇപ്പോള്‍.
മഹാരാജ് കോളേജിന്റെ സിലബസിലാണ് മമ്മൂട്ടി ഇടംപിടിച്ചിരിക്കുന്നത്. കോളേജിലെ രണ്ടാം വർഷ ചരിത്ര വിദ്യാർത്ഥികൾക്കുള്ള 'സെന്‍സിങ്ങ് സെല്ലുലോയിഡ്- മലയാളസിനിമയുടെ ചരിത്രം' എന്ന പേപ്പറിലാണ് മമ്മൂട്ടിയുടെ ജീവിതം പാഠ്യ വിഷയമാക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ ജീവിതത്തോടൊപ്പം അദ്ദേഹം മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകളും സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മമ്മൂട്ടിയെ കൂടാതെ ദാക്ഷായണി വേലായുധന്‍റെ ജീവിതവും പുതിയ സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊച്ചിയുടെ പ്രാദേശിക ചരിത്രം എന്ന പേപ്പറിലാണ് ഭരണഘടന നിര്‍മാണ സഭയിലെ വനിത അംഗമായ ദാക്ഷായണിയുടെ ജീവിതമുള്ളത്. മമ്മൂട്ടിയും ദാക്ഷായണിയും മഹാരാജാസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളാണ് എന്നതും ഏറെ ശ്രദ്ധേയമാണ്.
അതേസമയം, കളങ്കാവല്‍ ആണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിനായകനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. പടത്തില്‍ നെഗറ്റീവ് റോളിലാണ് മമ്മൂട്ടി എത്തുന്നതെന്നാണ് പ്രമോഷന്‍ മെറ്റീരിയലുകളില്‍ നിന്നും വ്യക്തമാകുന്നത്. ചിത്രത്തിന്‍റെ റിലീസ് സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല. എന്നിരുന്നാലും പ്രമോഷന്‍റെ ഭാഗമായി കളങ്കാവല്‍ പോസ്റ്ററുകള്‍ പതിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ചിത്രം ഉടന്‍ റിലീസ് ചെയ്യുമെന്ന സൂചനയാണ് ഇതെന്നാണ് വിലയിരുത്തലുകള്‍. മമ്മൂട്ടി കമ്പനിയാണ് നിര്‍മ്മാണം. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കണ്ണൂര്‍ സ്ക്വാഡ്, കാതൽ, ടർബോ, ഡൊമനിക്ക് ആന്‍റ് ലേഡീസ് പേഴ്സ് എന്നിവയ്ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രമാണിത്.