വിവാഹത്തിന് കരുതിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാന്‍ മണികണ്ഠന്‍

By Web TeamFirst Published Apr 25, 2020, 5:15 PM IST
Highlights

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ച് വിവാഹച്ചടങ്ങ് ലളിതമായി നടത്താനാണ് തീരുമാനം. നേരത്തേ ക്ഷണിച്ചവരോടൊക്കെ വിവാഹം ചടങ്ങ് മാത്രമായാണ് നടത്തുന്നതെന്ന് അറിയിച്ചതായി മണികണ്ഠന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വിവാഹച്ചെലവിന് കരുതിവച്ചിരുന്ന പണം കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാനൊരുങ്ങി നടന്‍ മണികണ്ഠന്‍. നാളെയാണ് മണികണ്ഠന്‍റെയും തൃപ്പൂണിത്തുറ പേട്ട സ്വദേശി അഞ്ജലിയുടെയും വിവാഹം. ആറു മാസം മുന്‍പ് നിശ്ചയിച്ചതാണ് വിവാഹത്തീയതി. ലോക്ക് ഡൗണ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും മാസങ്ങള്‍ക്ക് മുന്‍പു നിശ്ചയിച്ച വിവാഹത്തീയതി മാറ്റേണ്ടെന്നായിരുന്നു വധൂവരന്മാരുടെയും ഇരുവരുടെയും കുടുംബങ്ങളുടെയും തീരുമാനം.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ച് വിവാഹച്ചടങ്ങ് ലളിതമായി നടത്താനാണ് തീരുമാനം. നേരത്തേ ക്ഷണിച്ചവരോടൊക്കെ വിവാഹം ചടങ്ങ് മാത്രമായാണ് നടത്തുന്നതെന്ന് അറിയിച്ചതായി മണികണ്ഠന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  ലോകം മുഴുവന്‍ കൊവിഡ് പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ ആഘോഷമായി ചടങ്ങു നടത്തുന്നത് ശരിയല്ലെന്ന മണികണ്ഠന്‍റെ തീരുമാനത്തോട് അഞ്ജലിയും യോജിക്കുകയായിരുന്നു. തുടര്‍ന്നാണ് വിവാഹത്തിനായി കരുതിവച്ചിരുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാനും തീരുമാനിച്ചത്.

തൃപ്പൂണിത്തുറയിലെ ക്ഷേത്രത്തില്‍ വച്ച് നാളെ രാവിലെയാണ് വിവാഹം. ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കു ശേഷം മണികണ്ഠന്‍റെ വീട്ടില്‍വച്ച് അടുത്ത ബന്ധുക്കള്‍ക്കായി വിരുന്നും ഒരുക്കിയിട്ടുണ്ട്. 

click me!