Aaraattu movie: 'ആറാട്ട്' അവസാനഘട്ടത്തില്‍; ഫൈനല്‍ മിക്സിംഗ് പുരോഗമിക്കുന്നു

By Web TeamFirst Published Nov 28, 2021, 5:00 PM IST
Highlights

മോഹന്‍ലാല്‍ ചിത്രം ആറാട്ടിന്‍റെ ഫൈനല്‍ മിക്സിംഗ് പുരോഗമിക്കുന്നു. 

ലയാള സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ(mohanlal) ചിത്രമാണ് 'ആറാട്ട്'(Aaraattu movie). ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ കൗതുകത്തോടും ആവേശത്തോടും ആരാധകർ ഏറ്റെടുക്കാറുണ്ട്. 2022 ഫെബ്രുവരി 10ന് ചിത്രം തിയറ്ററുകളില്‍ എത്തുക. ഈ അവസരത്തിൽ ചിത്രത്തിന്റെ ഫൈൽ മിക്സിം​ഗ് പുരോ​ഗമിക്കുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. 'നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്' എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍.

സിനിമയുടെ സംഗീത സംവിധായകൻ രാഹുൽ രാജ് തന്നെയാണ് ഫൈനൽ മിക്സ് പുരോഗമിക്കുന്നതായി അറിയിച്ചത്. സംവിധായകൻ ബി ഉണ്ണികൃഷ്ണനും തിരക്കഥാകൃത്ത് ഉദയകൃഷ്ണയ്ക്കുമൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് ചിത്രത്തിന് ആശംസയുമായി രം​ഗത്തെത്തിയത്. 

ഈ വർഷം ഒക്ടോബർ 14നായിരുന്നു ആദ്യം ആറാട്ടിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ തിയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം ആകാത്തതോടെ ഇത് മാറ്റിവയ്ക്കുക ആയിരുന്നു. 'നെയ്യാറ്റിന്‍കര ഗോപന്‍' എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്. 

'ഇട്ടിമാണി മേഡ് ഇന്‍ ചൈന'യ്ക്കു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന കോമഡിക്ക് പ്രാധാന്യമുള്ള ചിത്രവുമാണ് ഇത്. ശ്രദ്ധ ശ്രീനാഥ് ആണ് മോഹൻലാലിന്റെ നായികയായി എത്തുന്നത്. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കെജിഎഫിലെ 'ഗരുഡ' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് മറ്റൊരു ശ്രദ്ധേയ സാന്നിധ്യം.

അതേസമയം, 'മരക്കാർ: അറബിക്കടലിന്റെ സിംഹ'മാണ് മോഹൻലാലിന്റേതായി റിലീസ് കാത്തു നിൽക്കുന്ന ചിത്രം. ഡിസംബർ രണ്ടിന് ചിത്രം തിയറ്ററുകളിൽ എത്തും. ഒടിടി റിലീസുമായി ഉണ്ടായ അനിശ്ചിതത്വത്തിന് ഒടുവിലാണ് ചിത്രം തിയറ്ററിൽ എത്തുന്നത്. ഈ ബി​ഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രയദർശനാണ്. ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം. ചിത്രത്തിന്റേതായി പുറത്തുവന്ന മൂന്ന് ടീസറുകൾക്ക് വൻ വരവേൽപ്പാണ് പ്രേക്ഷകരുടെ ഭാ​ഗത്തു നിന്നും ലഭിച്ചത്. 

click me!