മോഹൻലാലിന് ഫെഫ്ക സംവിധായക യൂണിയനില്‍ അംഗത്വം; ചലച്ചിത്ര മേഖലയിലെ തൊഴിലാളികൾക്ക് സമഗ്ര ആരോഗ്യ ഇൻഷുറന്‍സ്

By Web TeamFirst Published Mar 27, 2024, 2:50 PM IST
Highlights

വർഷത്തിൽ മൂന്ന് ലക്ഷം രൂപ വരെ ചികിത്സാസഹായം കിട്ടുന്നതാണ് ഫെഫ്കയുടെ സമഗ്ര ആരോഗ്യ ഇൻഷുറന്‍സ് പദ്ധതി

കൊച്ചി:ചലച്ചിത്രമേഖലയിലെ തൊഴിലാളികൾക്കായി സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് ഫെഫ്ക. കൊച്ചിയിൽ ചലച്ചിത്ര തൊഴിലാളി സംഗമത്തിലായിരുന്നു പ്രഖ്യാപനം. സംഗമത്തില്‍ വെച്ച് പുതുമുഖ സംവിധായകനാകുന്ന മോഹൻലാലിന് ഫെഫ്ക സംവിധായക യൂണിയനില്‍ അംഗത്വം നല്‍കി. മലയാളസിനിമയിലെ താരങ്ങളെയും സംവിധായകരെയും അണിയറപ്രവർത്തകരെയും എണ്ണമറ്റ അനുബന്ധ തൊഴിലാളികളെയും സാക്ഷികളാക്കിയാണ് ഫെഫ്കയുടെ സ്വപ്നപദ്ധതിയുടെ പ്രഖ്യാപനമുണ്ടായത്.

വർഷത്തിൽ മൂന്ന് ലക്ഷം രൂപ വരെ ചികിത്സാസഹായം കിട്ടുന്ന സമഗ്ര ആരോഗ്യ ഇൻഷുറന്‍സ് പദ്ധതി ഏപ്രിൽ 1ന് നിലവിൽവരും. ഫെഫ്കയിലെ ഇരുപതിലധികം യൂണിയനുകൾ ചേർന്ന് നടപ്പാക്കുന്ന പദ്ധതിക്ക് ആശംസകൾ നേർന്ന് താരപ്രമുഖരുമെത്തി. ബറോസിലൂടെയാണ് മോഹൻലാല്‍ ആദ്യമായി സംവിധായകനായി എത്തുന്നത്.

മോഹൻലാലിന്‍റെ അരങ്ങേറ്റ സിനിമയുടെ സഹസംവിധായകനായിരുന്ന സിബി മലയിലാണ് മോഹൻലാലിന് ഫെഫ്ക സംവിധായക യൂണിയന്‍റെ അംഗത്വം കൈമാറിയത്. സ്വീകരണത്തിന് ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്നും ഫെഫ്ക സംവിധായക കുടുംബത്തിന്‍റെ ഭാഗമാകുന്നതില്‍ അഭിമാനമുണ്ടെന്നും മോഹൻലാല്‍ ഫേയ്സ്ബുക്കില്‍ കുറിച്ചു.  ഇതാദ്യമായി ഫെഫ്ക ഡ്രൈവേഴ്സ് യൂണിയനിൽ വനിതയെത്തുന്നതിനും ഒരു ദശാബ്ധത്തിനിപ്പുറം നടക്കുന്ന ചലച്ചിത്രതൊഴിലാളി സംഗമം സാക്ഷ്യം വഹിച്ചു. സിനിമയുടെ അണിയറയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെ പ്രതിനിധികളായ ഏഴ് പേരൊന്നിച്ചാണ് സംഗമം ഉദ്ഘാടനം ചെയ്തത്.

 

'മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം'; കാളികാവിലെ രണ്ടര വയസുകാരിയുടെ കൊലപാതകത്തിൽ ഇടപെട്ട് ഹൈക്കോടതി

 


 

click me!