
മലയാളത്തിന്റെ മമ്മൂട്ടിയുടെ ആരോഗ്യ വാര്‍ത്തയില്‍ സന്തോഷം പങ്കുവെച്ച് മലയാളക്കര. മമ്മുട്ടിക്ക് മുത്തം കൊടുക്കുന്ന പഴയൊരു ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് മോഹൻലാല്‍. മോഹൻലാല്‍ ഒന്നും എഴുതിയിട്ടില്ലെങ്കിലും മമ്മൂട്ടിയുടെ രോഗ വിമുക്തിയില്‍ സന്തോഷം പ്രകടിപ്പിച്ചുള്ള പോസ്റ്റാണ് ഇത് എന്നാണ് വ്യക്തമാകുന്നത്. നിരവധി പേരാണ് മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്ന് ഫോട്ടോയ്‍ക്ക് കമന്റുകള്‍ എഴുതിയിട്ടുണ്ട്.
മമ്മൂട്ടി രോഗ വിമുക്തി നേടിയതിന്റെ സന്തോഷം പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ് എംപിയും കുറിപ്പിട്ടിരുന്നു. നോവിന്റെ തീയിൽ മനം കരിയില്ല…പരീക്ഷണത്തിന്റെ വാൾ വീശലുകളിൽ പതറുകയുമില്ല... വീശുന്ന കൊടുങ്കാറ്റുകൾ ചിരികൊണ്ടു നേരിടും…പെയ്യുന്ന പേമാരികൾ മുറിച്ചു നടക്കും... ആത്മവിശ്വാസത്തിന്റെപാറമേൽ ഉറച്ചുനിന്നു തലയുയർത്തും… പ്രിയപ്പെട്ട മമ്മൂക്കാ .... ഇനി എത്രയോ കാതങ്ങൾ ഞങ്ങളുടെ കരം പിടിച്ചു മുന്നേറാനുണ്ട് ... അഭിനയമികവിന്റെ എത്രയോ ഭാവതലങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു ..ഒത്തിരി സന്തോഷത്തോടെ ..നിറഞ്ഞ സ്നേഹത്തോടെ.. എന്നായിരുന്നു മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ് എഴുതിയത്. മാലാ പാര്‍വതിയും നേരത്തെ ഫേസ്ബുക്കില്‍ കുപ്പ് എഴുതിയിരുന്നു. “ഇതിൽ കൂടുതൽ ഒരു നല്ല വർത്തമാനം ഇല്ല. മമ്മൂക്ക പൂർണ്ണ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു. ചികിത്സിച്ച ഡോക്ടർമാർക്കും ശ്രുശൂഷിച്ച എല്ലാവവർക്കും, ആശുപത്രിയോടും കടപ്പാട്. സ്നേഹം. അതെ. രാജാവ് തിരിച്ചുവരുന്നു. സന്തോഷം, നന്ദി. പ്രാര്‍ഥനകള്‍ക്ക് ഫലം ഉണ്ടായിരിക്കുന്നു”, എന്നായിരുന്നു മാലാ പാര്‍വതിയുടെ കുറിപ്പ്.
മമ്മൂട്ടിയുടെ പേഴ്സണല്‍ അസിസ്റ്റന്‍റും മേക്കപ്പ് മാനുമായ എസ് ജോര്‍ജും ഇക്കാര്യം അറിയിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. “സന്തോഷത്തിൽ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നിൽ ഞാൻ നിൽക്കുന്നു. പ്രാർത്ഥിച്ചവർക്കും, കൂടെ നിന്നവർക്കും, ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചവർക്കും പറഞ്ഞാൽ തീരാത്ത സ്നേഹത്തോടെ പ്രിയപ്പെട്ടവരെ...നന്ദി!”, എന്നാണ് ജോര്‍ജിന്‍റെ പോസ്റ്റ്. മമ്മൂട്ടിയുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന നടന്‍ രമേശ് പിഷാരടിയും സന്തോഷം പങ്കുവച്ചിട്ടുണ്ട്. “എല്ലാം ഓകെ ആണ്” എന്നാണ് അദ്ദേഹത്തിന്‍റെ പോസ്റ്റ്.
മമ്മൂട്ടിയുടെ രോഗസൗഖ്യം സൂചിപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ ആദ്യം പോസ്റ്റ് പങ്കുവച്ചത് നിര്‍മ്മാതാവ് ആന്‍റോ ജോസഫ് ആയിരുന്നു. “ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടു, ദൈവമേ നന്ദി, നന്ദി, നന്ദി”, എന്നായിരുന്നു ആന്‍റോ ജോസഫിന്‍റെ പോസ്റ്റ്. ഇത് മമ്മൂട്ടിയുടെ രോഗസൗഖ്യം സംബന്ധിച്ച പോസ്റ്റ് ആണെന്ന് പ്രേക്ഷകര്‍ പെട്ടെന്നുതന്നെ ഊഹിച്ചെടുത്തു. ഇനി പൊതുവേദിയിലേക്കുള്ള മമ്മൂട്ടിയുടെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ