'വിലായത്ത് ബുദ്ധയിലെ കഥാപാത്രത്തിനുവേണ്ടി ഒട്ടേറെ തയ്യാറെടുപ്പുകള്‍'; പളനിസാമി പറയുന്നു

Published : Nov 28, 2025, 08:40 AM IST
actor palanisami about character and experience of Vilaayath Budha movie

Synopsis

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പളനിസാമി, 'വിലായത്ത് ബുദ്ധ'യിലെ മുഴുനീള കഥാപാത്രത്തിലൂടെ വീണ്ടും പ്രേക്ഷകശ്രദ്ധ നേടുന്നു

അട്ടപ്പാടിയില്‍ നിന്ന് വന്ന താരമാണ് പളനിസാമി. സംവിധായകൻ സച്ചിയുടെ 'അയ്യപ്പനും കോശി'യിലൂടെയാണ് പളനിസാമി മലയാള സിനിമയിലേക്ക് ചേക്കേറുന്നത്. ആ ചിത്രത്തിലെ 'ഫൈസല്‍' എന്ന എക്സൈസ് ഓഫീസറുടെ കഥാപാത്രം പളനിസാമിക്ക് ഒട്ടേറെ സിനിമകളിലേക്ക് വഴിതുറന്നു. ഇപ്പോഴിതാ പൃഥ്വിരാജ് തന്നെ നായകനായെത്തിയ 'വിലായത്ത് ബുദ്ധ'യില്‍ മുഴുനീള കഥാപാത്രമായി പളനിസാമി വീണ്ടും എത്തിയിരിക്കുകയാണ്. പൃഥ്വിരാജിന്‍റെ 'ഡബിള്‍ മോഹന്‍' എന്ന കഥാപാത്രത്തിനോടൊപ്പമുള്ള അഞ്ചംഗ സംഘത്തിലെ ഒരാളായിട്ടാണ് പളനിസാമി വിലായത്ത് ബുദ്ധയില്‍ തിളങ്ങിയിട്ടുള്ളത്.

ചിത്രം കണ്ടിറങ്ങുന്നവരുടെ മനസ്സില്‍ ഈ കഥാപാത്രം നിറഞ്ഞുനില്‍ക്കും. വളരെ വൈകാരികമായ കഥാസന്ദര്‍ഭത്തിലൂടെയാണ് ഈ കഥാപാത്രം കടന്നുപോകുന്നത്. അയ്യപ്പനും കോശിയും മുതലുള്ള പൃഥ്വിരാജുമായുള്ള പരിചയം ഈ ചിത്രത്തിലും തനിക്കേറെ സഹായകമായെന്ന് പളനിസാമി പറയുന്നു. എന്നോടെന്തോ ഒരു പ്രത്യേക സ്നേഹം രാജു സാര്‍ കാണിക്കാറുണ്ട്. എത്ര തിരക്കിനിടയിലും എന്നെ കണ്ടുകഴിഞ്ഞാല്‍ വിഷ് ചെയ്ത് എന്‍റെ വിശേഷങ്ങളൊക്കെ ചോദിക്കും. വളരെ സ്നോഹാര്‍ദ്രമായ ഒരു സഹോദരസ്നേഹം അദ്ദേഹം എന്നോട് കാണിക്കാറുണ്ട്. എന്നേപ്പോലുള്ള ഒരു സാധാരണക്കാരനോട് അദ്ദേഹം പ്രകടിപ്പിക്കുന്ന സ്നേഹം ആ വലിയ മനസ്സിന്‍റെ നന്മയാണ് കാണിക്കുന്നത്. വിലായത്ത് ബുദ്ധയിലെ കഥാപാത്രത്തിന് വേണ്ടി ഒരുപാട് തയ്യാറെടുപ്പുകള്‍ എനിക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. ഈ കഥാപാത്രത്തിന് വേണ്ടിയുള്ള ഒരുക്കത്തിനിടയില്‍ വേറെ പല സിനിമകളും എനിക്ക് ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ ചിത്രം പുറത്തുവന്നപ്പോള്‍ എനിക്ക് കിട്ടുന്ന അഭിനന്ദനങ്ങള്‍ ഏറെയാണ്. ഒത്തിരി പേര്‍ വിളിച്ച് സന്തോഷം പ്രകടിപ്പിച്ചു, പളനിസാമി പറയുന്നു.

2004 മുതലാണ് ഞാന്‍ കലാരംഗത്ത് സജീവമായത്. എഴുത്തുകാരനും സുഹൃത്തുമായ വി എച്ച് ദിരാര്‍ ആണ് സിനിമയിലേക്ക് എനിക്ക് വഴിതുറന്നു തന്നത്. ഞാനൊരു അട്ടപ്പാടിക്കാരനായതുകൊണ്ട് സിനിമയിലേക്ക് അവസരങ്ങള്‍ കിട്ടാന്‍ ഏറെ ബുദ്ധിമുട്ടായിരുന്നു. പത്ത് വര്‍ഷത്തിലേറെയായി ഞാന്‍ സിനിമാരംഗത്ത് പ്രവര്‍ത്തിച്ചു വരുന്നു. ഇതിനിടെ ദുല്‍ഖറിന്‍റെ കൂടെ 'സല്യൂട്ട്' എന്ന ചിത്രത്തിലും അഭിനയിച്ചു. എട്ടോളം സിനിമകളില്‍ ഇതുവരെ അഭിനയിച്ചിട്ടുണ്ട്. വിലായത്ത് ബുദ്ധയുടെ സംവിധായകന്‍ ജയന്‍ നമ്പ്യാര്‍ സര്‍, രാജു സര്‍ എന്നിവരോടുള്ള തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. അസോസിയേറ്റ് ഡയറക്ടറായ വിനോദ് ഗംഗയാണ് എന്നെ ഒരു മികച്ച കഥാപാത്രമാക്കുന്നതിൽ സഹായിച്ചത്. അദ്ദേഹത്തോട് നന്ദി അറിയിക്കുന്നു, പളനിസാമി പറയുന്നു.

രാജ്യത്തെ മികച്ച ഗായികയായി തെരഞ്ഞെടുത്ത നഞ്ചിയമ്മയെ ലോകമലയാളികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തത് പളനിസാമിയായിന്നു. ഏറെ കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം. വളരെ ദുരിതം നിറഞ്ഞ ഒരു കുട്ടിക്കാലം പിന്നിട്ടാണ് പളനിസാമി വളര്‍ന്നത്. ആറ് വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. പിന്നെ മുത്തശ്ശിയാണ് വളര്‍ത്തിയത്. കണ്ണീരുണങ്ങിയ ആ ബാല്യത്തില്‍ നിന്ന് ഇപ്പോള്‍ സ്വന്തമായൊരു ജീവിതം അദ്ദേഹം നേടിയെടുത്തു. ഇപ്പോള്‍ വനംവകുപ്പില്‍ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്‍റ് ആയി ജോലി ചെയ്യുകയാണ്. ഭാര്യ ശോഭ. മകള്‍ അനു പ്രശോഭിനി, മകന്‍ ആദിത്യന്‍. അനു പ്രശോഭിനി 2022 ലെ മിസ്സ് കേരള ഫാഷന്‍ ആന്‍റ് ഫിറ്റ്നസ്സ് ഫോറസ്റ്റ് ഗോഡ്സ് ടൈറ്റില്‍ ജേതാവാണ്.

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു