
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്‍ കിച്ച സുദീപ് ബിജെപിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് പ്രകാശ് രാജ്. കിച്ച സുദീപിന്റെ പ്രസ്താവന തന്നെ ഞെട്ടിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
"കിച്ച സുദീപ് ബിജെപിയെ പിന്തുണയ്ക്കുമെന്നത് കാര്‍ണാടക തെരഞ്ഞെടുപ്പിൽ പരാജയഭീതി മുന്നില്‍ കാണുന്ന ബിജെപിക്കാർ നടത്തുന്ന വ്യാജപ്രചരണം ആണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇത്തരം പരിപാടികളില്‍ വീണു പോകാതിരിക്കാന്‍ തക്ക വിവേകമുള്ള ആളാണ് സുദീപ്", എന്നും പ്രകാശ് രാജ് പറഞ്ഞു.
കഴിഞ്ഞ ദിവസം ആണ് കന്നഡ സിനിമാ താരങ്ങളായ കിച്ച സുദീപും ദര്‍ശന്‍ തുഗുദീപയും ബിജെപിയിലേക്ക് പോകുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്. ഇരുവരും വരുന്ന കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ താരപ്രചാരകര്‍ ആവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേ സമയം താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നും, ബിജെപിക്കായി പ്രചാരണത്തിന് ഇറങ്ങുക മാത്രമാണ് ചെയ്യുകയെന്നും കിച്ച സുദീപ് പറഞ്ഞിരുന്നു.
ബിജെപി പിന്തുണയ്ക്ക് പിന്നാലെ കിച്ചയ്ക്ക് ഭീക്ഷണി കത്ത് ലഭിച്ചിരുന്നു. സുദീപിന്‍റെ വീട്ടിലേക്കാണ് വധിക്കുമെന്നും, താരത്തിന്‍റെ സ്വകാര്യ വീഡിയോകള്‍ പുറത്തുവിടുമെന്നും പറഞ്ഞ് അജ്ഞാതന്‍ കത്തയച്ചത്. കത്ത് പരിശോധിച്ച പുട്ടനെഹള്ളി പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. "അതെ, എനിക്ക് ഒരു ഭീഷണി കത്ത് ലഭിച്ചിട്ടുണ്ട്, ആരാണ് അത് അയച്ചതെന്ന് എനിക്ക് വ്യക്തമായി അറിയാം. അത് സിനിമ രംഗത്തുള്ളയാളാണ്. അയാള്‍ക്ക് ഞാന്‍ തക്കതായ മറുപടി നല്‍കിയിരിക്കും", എന്നായിരുന്നു വിഷയത്തിൽ കിച്ച സുദീപ് പ്രതികരിച്ചത്.
ശസ്ത്രക്രിയ വിജയകരം, നടൻ ബാല ആരോഗ്യവാനായി തുടരുന്നു
അതേസമയം, 'കബ്‍സാ' എന്ന ചിത്രമാണ് കിച്ചയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ആര്‍ ചന്ദ്രു സംവിധാനം ചെയ്ത ചിത്രത്തില്‍ ഉപേന്ദ്രയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. മലയാളത്തിനും കന്നഡയ്ക്കും പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, മറാത്തി, ഒറിയ തുടങ്ങി ഏഴ് ഇന്ത്യൻ ഭാഷകളിലും 'കബ്‍സാ' റിലീസ് ചെയ്തിരുന്നു. ശ്രിയ ശരൺ, ശിവരാജ്‌കുമാർ, ജഗപതി ബാബു, പ്രകാശ് രാജ്, സമുദ്രക്കനി, നവാബ് ഷാ, കബീർ ദുഹൻ സിംഗ്, മുരളി ശർമ്മ, പോഷാനി കൃഷ്‍ണ മുരളി, ജോൺ കോക്കൻ, സുധ, ദേവ്ഗിൽ, കാമരാജൻ, അനൂപ് രേവണ്ണ, ധനീഷ് അക്തർ സെഫി, പ്രദീപ് സിംഗ് റാവത്, പ്രമോദ് ഷെട്ടി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.