
ഏറെ കാലം നീണ്ട കാത്തിരിപ്പിന് ഒടുവിൽ ആയിരുന്നു ആടുജീവിതം സിനിമ റിലീസ് ചെയ്തത്. മലയാളികൾ ഒന്നടങ്കം വായിച്ച് മനപാഠമാക്കിയ ബെന്യാമിന്റെ ആടുജീവിതം അതേ പേരിൽ സിനിമയാകുമ്പോൾ എങ്ങനെ ഉണ്ടാകുമെന്ന് അറിയാൻ കാത്തിരിക്കുക ആയിരുന്നു ഏവരും. ഒടുവിൽ സിനിമ റിലീസ് ചെയ്തപ്പോൾ പ്രേക്ഷക മനവും കണ്ണും ഒരുപോലെ നിറഞ്ഞു. ചിത്രം ബോക്സ് ഓഫീസിൽ അടക്കം മികച്ച പ്രകടനം കാഴ്ചവച്ച് മുന്നേറുന്നതിനിടെ ഒരു ആരാധകൻ പങ്കുവച്ച പോസ്റ്റും അതിന് പൃഥ്വിരാജ് നൽകിയ മറുപടിയും ശ്രദ്ധനേടുകയാണ്.
രാജേഷ് എന്ന ആളാണ് ട്വിറ്ററിൽ ഹൃദയഭേദകമായ പോസ്റ്റിട്ടിരിക്കുന്നത്. ഒടുവിൽ ആടുജീവിതം റിലീസ് ചെയ്തിരിക്കുകയാണ്. ഇതിനായി എന്റെ സഹോദരൻ വർഷങ്ങളായി സ്വപ്നം കണ്ടിരുന്നു. പക്ഷേ 2021 സെപ്റ്റംബറിൽ ആരോഗ്യ കാരണങ്ങളാൽ അദ്ദേഹം മരണപ്പെട്ടു. മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നു എങ്കിലും ആടുജീവിത്തിനോട് അദ്ദേഹത്തിന് ഉണ്ടായിരുന്ന ആവേശം വളരെ പ്രകടമായിരുന്നു. സിനിമ കാണാൻ എനിക്കൊപ്പം ഇവിടെ ഉണ്ടായിരുന്നുവെങ്കിൽ..,’ എന്നാണ് രാജേഷ് കുറിച്ചത്. ഒപ്പം കൊവിഡ് കാരണം ആടുജീവിതം ഷൂട്ടിംഗ് മുടങ്ങിയതിനെ കുറിച്ചും പൃഥ്വിരാജ് ദേശീയ പുരസ്കാരം നേടണമെന്നും സഹോദരൻ പറയുന്ന വീഡിയോയും രാജേഷ് പങ്കുവച്ചിട്ടുണ്ട്.
രാജേഷിന്റെ പോസ്റ്റും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ പ്രതികരണവുമായി പൃഥ്വിരാജും രംഗത്ത് എത്തി. നിങ്ങളുടെ നഷ്ടത്തിൽ ഞാനും പങ്കുചേരുകയാണ്. അദ്ദേഹം മറ്റെവിടെയെങ്കിലും ഇരുന്ന് ഇതൊക്കെ കാണുന്നുണ്ടാകും. ഇതോർത്ത് അഭിമാനപ്പെടുണ്ടാകുമെന്നുമാണ് രാജേഷിന്റെ ട്വീറ്റ് പങ്കുവച്ച് പൃഥ്വിരാജ് കുറിച്ചത്.
മാർച്ച് 28നാണ് ആടുജീവിതം റിലീസ് ചെയ്തത്. ബ്ലെസി സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായി എത്തിയത് അമല പോൾ ആണ്. അതേസമയം, എമ്പുരാൻ ആണ് പൃഥ്വിരാജിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. പൃഥ്വി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ ആണ് നായകൻ. ലൂസിഫർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം കൂടിയാണിത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ