
കേരളം മാത്രമല്ല രാജ്യമൊട്ടാകെ കാത്തിരിക്കുന്ന സിനിമയാണ് പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതം. മാര്‍ച്ച് 28നാണ് റിലീസ്. വര്‍ഷങ്ങളായുള്ള പൃഥ്വിരാജിന്റെ പരിശ്രമമാണ് ആടുജീവിതം സിനിമയില്‍ കാണാൻ പോകുന്നത് എന്നത് എല്ലാവര്‍ക്കും ബോധ്യമുള്ളതാണ്. ഫോട്ടോയില്‍ കണ്ടതിനപ്പുറം ക്ഷീണിച്ച പൃഥ്വിരാജിനെ ചിത്രത്തില്‍ കാണാൻ സാധിക്കും എന്ന് നടൻ ഇന്ദ്രജിത്ത് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
ആടുജീവിതം മികച്ച ഒന്നായിരിക്കുമെന്ന് പൃഥ്വിരാജിന്റെ സഹോദരനുമായി ഇന്ദ്രജിത്ത് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. എല്ലാവരും ഉറ്റുനോക്കുന്ന ഒരു പ്രൊജക്റ്റാണത്. നമ്മളൊക്കെ വായിച്ചിട്ടുള്ള പുസ്‍തകമാണ് ആടുജീവിതം. ആ പുസ്‍തകം വായിച്ചുള്ള വിഷ്വല്‍ വളരെ പെയ്‍നും ഹേര്‍ട്ടുമൊക്കെയാണ് എനിക്ക്. സിനിമയിലേക്ക് അത് പ്രതിഫലിക്കുമ്പോള്‍ ബ്ലസ്സിയെന്ന സംവിധായകൻ അത് കൈകാര്യം ചെയ്യുമ്പോള്‍ മികച്ച സാങ്കേതിക പ്രവര്ത്തകര്‍ എ ആര്‍ റഹ്‍മാനും റസൂല്‍ പൂക്കുട്ടിയുമൊക്കെ വരുമ്പോള്‍ സിനിമയുടെ ക്വാളിറ്റി മികച്ചതാകും. വിഷ്വല്‍ കുറച്ച് ഞാൻ കണ്ടു. നമ്മള്‍ പ്രതീക്ഷിച്ചതിനപ്പുറം അതിലുണ്ടാകും. പൃഥ്വി വലിയ കഠിനാദ്ധ്വാനം ചെയ്‍തിട്ടുണ്ട്. സമര്‍പ്പണം നടത്തിയിട്ടുണ്ട്. ഷൂട്ട് ചെയ്യുന്ന സമയത്തെ പൃഥ്വിയുടെ ഫോട്ടോയാരും കണ്ടിട്ടില്ല. നേരത്തെ പൃഥ്വിയുടെ മെലിഞ്ഞ ഒരു ഫോട്ടോ പബ്ലിക് പ്ലാറ്റ്‍ഫോമില്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ അത് അല്ല. അതിലും ക്ഷീണിച്ച അവസ്ഥ ഉണ്ടായിരുന്നു സിനിമയില്‍. കാണുമ്പോള്‍ മനസിലാകും, നജീബിനോട് നീതി പുലര്‍ത്താൻ തന്റെ സഹോദരൻ പൃഥ്വിരാജ് അത്രയും സമര്‍പ്പണം നടത്തിയിട്ടുണ്ട് എന്ന് ഇന്ദ്രജിത്ത് വ്യക്തമാക്കി.
ബെന്യാമന്റെ നോവലായ ആടുജീവിതം സിനിമയാകുമ്പോള്‍ തിരക്കഥ എഴുതിയിരിക്കുന്നതും ബ്ലസിയാണ്. സംവിധായകൻ ബ്ലസ്സിക്കൊപ്പം പൃഥ്വിരാജിന്റെ ആടുജീവിതം സിനിമയുടെ നിര്‍മാണത്തില്‍ ജിമ്മി ഴീൻ ലൂയിസും സ്റ്റീഫൻ ആദംസും പങ്കാളികളായിരിക്കുന്നു. ഇന്ത്യയില്‍ വിതരണം മാജിക് ഫ്രെയിംസാണ്. സംഗീതം എ ആര്‍ റഹ്‍മാനാണ്.
പൃഥ്വിരാജ് നജീബ് മുഹമ്മദ് എന്ന കഥാപാത്രമായിഎത്തുന്നു. ജിമ്മി ഴീൻ ലൂയിസും പൃഥ്വിരാജ് ചിത്രത്തില്‍ നിര്‍ണായക വേഷത്തില്‍ എത്തുമ്പോള്‍ അമലാ പോളും റിക് എബിയും ഒപ്പമുണ്ട്. ഛായാഗ്രാഹണം സുനില്‍ കെ എസ്സാണ്. കേരളത്തിനു പുറമേ ജോര്‍ദാൻ, അള്‍ജേറിയ തുടങ്ങിയ വിദേശ രാജ്യങ്ങളിലും ആടുജീവിതം ചിത്രീകരിച്ചിട്ടുണ്ട്.
Read More: മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല ഒന്നാമൻ, മലയാള താരങ്ങളുടെ സ്ഥാനങ്ങള്‍ മാറിമറിയുന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക