
വിഖ്യാത ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ (Nambi Narayanan) ജീവിതം പറയുന്ന 'റോക്കട്രി ദി നമ്പി ഇഫക്റ്റ്' (Rocketry: The Nambi Effect) എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകർ. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ജൂലൈ 1നാണ് റിലീസ്. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾക്ക് കാഴ്ച്ചക്കാരും ഏറെയാണ്. ഇപ്പോഴിതാ ചിത്രം റിലീസിന് ഒരുങ്ങുന്നതിനിടെ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ നമ്പി നാരായണനൊപ്പം രസകരമായ വീഡിയോയുമായി എത്തിയിരിക്കുകയാണ് മാധവൻ.
നമ്പി നാരായണനായി വേഷമിട്ട് യഥാർത്ഥ നമ്പി നാരായണനൊപ്പം ഒരു ക്യാമറയ്ക്ക് മുന്നിൽ ഒരുമിച്ച് ഇരിക്കുന്ന മാധവനെ വീഡിയോയിൽ കാണാം. സംസാരിക്കേണ്ട ഡയലോഗുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുള്ള കളിയാക്കൽ ആണ് വീഡിയോയിൽ ഉള്ളത്.
Rocketry: The Nambi Effect : ടൈംസ് സ്‌ക്വയറിൽ തെളിഞ്ഞ 'റോക്കട്രി'; പുതിയ നേട്ടം കൊയ്ത് മാധവൻ ചിത്രം
അടുത്തിടെ ലോകത്തിലെ ഏറ്റവും വലിയ ബിൽബോർഡ് ആയ ന്യൂ യോർക്കിലെ ടൈംസ് സ്‌ക്വയറിൽ ചിത്രത്തിന്റെ ട്രെയിലർ പ്രദർശിപ്പിച്ചിരുന്നു. 75-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ആർ മാധവന്റെ റോക്കട്രി: ദി നമ്പി ഇഫക്റ്റ് കയ്യടികൾ ഏറ്റുവാങ്ങിയിരുന്നു. ജൂൺ 3 എന്ന ദിവസം ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ പദ്മഭൂഷൻ നമ്പി നാരായണന്റെ പേരിൽ അദ്ദേഹത്തിന് ആദരവ് അർപ്പിക്കാൻ ആയി മാറ്റിവെക്കപെടുമ്പോൾ, റോക്കട്രി എന്ന ചിത്രത്തിനും അതൊരു അവിസ്മരണീയ നിമിഷമാണ്. നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഈ ജീവചരിത്ര സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ നിരവധി അംഗീകാരങ്ങൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്.
ജീവിതം തന്നെ പോരാട്ടമാക്കിയ തന്നെ കുറ്റവാളിയാക്കിയ നിയമത്തിനും കാലത്തിനും മുന്നിൽ നിരപരാധിത്തം തെളിയിച്ച മലയാളി ശാസത്രജ്ഞൻ നമ്പി നാരായണന്റെ കഥ വെള്ളിത്തിരയിൽ എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചതിന് പിന്നിലും ഒരു മലയാളിയുണ്ട്. ഈ സിനിമ അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപെടുമ്പോൾ അതിൽ അഭിമാന നേട്ടം മലയാളിയായ നിർമ്മാതാവ് ഡോ. വർഗീസ് മൂലന് കൂടി അവകാശപ്പെട്ടതാണ്. വ്യവസായി വർഗീസ് മൂലന്റെ വർഗീസ് മൂലൻ പിക്ചേഴ്സ് ചിത്രത്തിന്റെ നിർമാണ പങ്കാളികളാണ്. ബോളിവുഡ് താരം ഷാരൂഖ് ഖാനും, കോളിവുഡ് സൂപ്പർ സ്റ്റാർ സൂര്യയും അതിഥി വേഷത്തിൽ എത്തുന്ന റോക്കട്രിയിൽ സിമ്രാനാണ് നായിക. ഓർമകളുടെ ഭ്രമണപഥത്തിന്റെ രചയിതാവും, ക്യാപ്റ്റൻ, വെള്ളം സിനിമകളുടെ സംവിധായകനുമായ ജി.പ്രജേഷ് സെൻ ചിത്രത്തിന്റെ കോ ഡയറക്ടറാണ്.