'ശകുന്തള'യായി സാമന്ത, ഡബ്ബിംഗ് തുടങ്ങിയതിന്റെ ഫോട്ടോയും പങ്കുവെച്ച് താരം

By Web TeamFirst Published Jan 6, 2023, 5:13 PM IST
Highlights

ദേവ് മോഹനാണ് 'ദുഷ്യന്തന്റെ' വേഷത്തില്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

സാമന്ത നായികയാകുന്ന 'ശാകുന്തള'ത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. കാളിദാസന്റെ 'അഭിജഞാന ശാകുന്തളം' ആസ്‍പദമാക്കിയുള്ള സിനിമയില്‍ സാമന്ത 'ശകുന്തള'യാകുമ്പോള്‍ 'ദുഷ്യന്തനാ'കട്ടെ മലയാളത്തിന്റെ യുവ താരം ദേവ് മോഹനാണ്. ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഫെബ്രുവരി 17നാണ് റിലീസ് ചെയ്യുകയെന്ന് അറിയിച്ചിട്ടുണ്ട്. സാമന്ത 'ശാകുന്തളം' എന്ന ചിത്രത്തിലെ കഥാപാത്രത്തിനായി ഡബ്ബിംഗ് തുടങ്ങിയെന്നാണ് പുതിയ വാര്‍ത്ത.

ഡബ്ബിംഗ് സ്റ്റുഡിയോയില്‍ നിന്നുള്ള ഒരു ഫോട്ടോ സാമന്ത തന്നെയാണ് പങ്കുവെച്ചത്. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെയുള്ള ഭാഷകളിലായിട്ടുള്ള ചിത്രമായിരിക്കും 'ശാകുന്തളം'.  'ശകുന്തള'യുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം. മികച്ച കോസ്റ്റ്യൂം ഡിസൈനര്‍ക്കുള്ള ദേശീയ പുരസ്‍കാരം രണ്ടു തവണ നേടിയ നീതു ലുല്ലയാണ് 'ശകുന്തള'യായി അഭിനയിക്കുന്ന സാമന്തയെ ഒരുക്കുന്നത്.

ബോളിവുഡിലും ഒരു കൈനോക്കാൻ തയ്യാറെടുക്കുകയാണ് സാമന്ത. ദിനേഷ് വിജൻ നിര്‍മിക്കുന്ന ചിത്രത്തിലാണ് സാമന്ത ഹിന്ദിയില്‍ നായികയാകുകയെന്നും ആയുഷ്‍മാൻ ഖുറാനെയായിരിക്കും നായകൻ എന്നും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തില്‍ സാമന്ത ഇരട്ടവേഷത്തിലായിരിക്കും അഭിനയിക്കുക എന്നും റിപ്പോര്‍ട്ടുണ്ട്. ബോളിവുഡിലെ ആദ്യ ചിത്രത്തിന് വേണ്ടി സാമന്ത ഒരു ശില്‍പശാലയില്‍ പങ്കെടുക്കുന്നുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

വിജയ് ദേവെരകൊണ്ടയുടെ നായികയായി തെലുങ്കിലും ഒരു പ്രധാന പ്രൊജക്റ്റ് സാമന്തയുടേതായിട്ടുണ്ട്. ശിവ നിര്‍വാണ സംവിധാനം ചെയ്‍ത 'ഖുഷി'  എന്ന ചിത്രമാണ് സാമന്തയുടേതായി പുറത്തിറങ്ങാനുള്ളത്. 'ഖുഷി' എന്ന ചിത്രത്തിന്റെ തിരക്കഥയും ശിവ നിര്‍വാണയുടേത് തന്നെ. സാമന്തയ്‍ക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ഇത്. ജയറാമും വിജയ് ദേവെരകൊണ്ടയ്‍ക്കൊപ്പം പ്രധാന കഥാപാത്രമായി എത്തുന്നു. സച്ചിൻ ഖെഡേക്കര്‍, മുരളി ശര്‍മ, വെണ്ണെല കിഷോര്‍, രാഹുല്‍ രാമകൃഷ്‍ണ, ശ്രീകാന്ത് അയ്യങ്കാര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. 'ഹൃദയം' എന്ന ചിത്രത്തിലൂടെ പ്രിയങ്കരനായി മാറിയ ഹിഷാം അബ്‍ദുല്‍ വഹാബാണ് സംഗീത സംവിധാനം. ഹിഷാം അബ്‍ദുള്‍ വഹാബ് ആദ്യമായി സംഗീത സംവിധാനം നിര്‍വഹിക്കുന്ന തെലുങ്ക് ചിത്രവുമാണ് ഇത്.

Read More: രജനികാന്തിനൊപ്പം മോഹൻലാലുമെന്ന് റിപ്പോര്‍ട്ട്, 'ജയിലറി'നായി കാത്ത് ആരാധകര്‍

click me!