
മലയാളിയെ സൂക്ഷ്മമായി നിരീക്ഷിച്ച് അവതരിപ്പിക്കുന്നതായിരുന്നു ഓരോ ശ്രീനിവാസൻ ചിത്രവും. എഴുതിയ തിരക്കഥകളിലും അണിഞ്ഞ വേഷങ്ങളിലും സംവിധാനം ചെയ്ത ചിത്രങ്ങളിലും നാം നമ്മെ തന്നെ നോക്കി കണ്ടു. 'നാടോടിക്കാറ്റിലെ ഓരോന്നിനും സമയം ഉണ്ട് ദാസാ' എന്ന സംഭാഷണം മാത്രമെടുക്കാം, കഥാപാത്രങ്ങളുടെ പേര് പോലും മാറ്റാതെ നമ്മളിലൊരാൾ ദാസനും വിജയനും ഒക്കെയാ പറഞ്ഞ് പറഞ്ഞങ്ങനെ ഇന്നും ജീവിക്കുകയാണല്ലോ അത്.
ദാസനും വിജയനും മാത്രം അല്ല. ശ്രീനിവാസൻ കണ്ടെത്തിയ കഥാപാത്രങ്ങളും കഥ പരിസരവും എന്നും നമുക്കിടയിൽ നിന്ന് തന്നെയുണ്ട്. മലയാളിയുടെ പൊങ്ങച്ചവും അസൂയയും അപകര്ഷതയും അതി രാഷ്ട്രീയ ബോധവും നിസ്സഹായാവസ്ഥയും എല്ലാം ലളിതമായി ശ്രീനിവാസൻ പകർത്തി. തൊഴിൽ തേടി നടക്കുന്ന ടിപി ബാലഗോപാലൻ മുതൽ പരിഷ്കാരത്തിനായി പേര് പി ആർ ആകാശ് എന്നാക്കുന്ന പ്രകാശൻ വരെ കാണിക്കുന്നത് ആ പ്രതിഭയുടെ നിരീക്ഷണ ബോധവും ദീര്‍ഘ വീക്ഷണവും എത്രത്തോളമാണ് ആ എഴുത്തുപറച്ചിലുകൾക്ക് ബലം പകര്‍ന്നത്. പതിവ് നായക സങ്കൽപം പൊളിച്ചു കുറവുകൾ കാണിച്ചു സ്വയം കളിയാക്കുന്ന ശ്രീനിവാസന്റെ നായകരിലും കണ്ടത് മലയാളിയെ. അപാരമായ നർമവും കൂരമ്പാകുന്ന ആക്ഷേപവും ശ്രീനിവാസൻ ഡയലോഗുകളുടെ സവിശേഷതയാണ്. തലമുറകൾ ഏറ്റെടുത്ത വാചകങ്ങളും സന്ദര്‍ഭങ്ങളും ട്രോളുകൾക്കു മുൻപേ മലയാളിയെ ഊറി ചിരിച്ചു, ചിന്തിപ്പിച്ചു.
കണ്ണൂരുകാരൻ ശ്രീനിവാസനിലെ പ്രതിഭയെ വളർത്തിയെടുത്ത മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്. രജനീകാന്ത് അടക്കമുള്ള പ്രമുഖർക്കൊപ്പം സിനിമാപഠനം. 1977ൽ പിഎ ബക്കറിന്റെ മണിമുഴക്കത്തിൽ ആദ്യമായി മുഖം കാണിച്ചു. ആദ്യം ചെറിയ വേഷങ്ങളിൽ . 1984ൽ പ്രിയദർശന്റെ ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായും അരങ്ങേറ്റം. പിന്നീട് കണ്ടത് ചെറിയ ശ്രീനിയുടെ വലിയ ലോകം. സത്യൻ അന്തിക്കാടുമൊത്ത് 15 സിനിമകൾ. മികച്ച കൂട്ടുകെട്ടൊരുക്കിയവരിൽ പ്രിയദർശൻ, കമൽ എന്നിവരുമുണ്ട്.
സിനിമക്ക് പുറത്തെ ശ്രീനിവാസനും എന്നും ചർച്ചകളിൽ നിറഞ്ഞു. ചുവപ്പുകോട്ടയായ പാട്യത്ത് നിന്ന് അരങ്ങിലെത്തിയ പ്രതിഭയുടെ വാക്കുകൾക്ക് കേരളം എപ്പോഴും കാതോർത്തു. ഇടത് ആശയങ്ങൾ മുറുകെ പിടിക്കുന്പോഴും ഇടം വലം നോക്കാതെ സാമൂഹ്യവിമർശനം. കൃഷിയുടെ നല്ല പാഠങ്ങൾ പകർന്നുനൽകിയും ശ്രീനിവാസൻ കേരളത്തെ വിസ്മയിപ്പിച്ചു. 40 വർഷം നീണ്ട സിനിമാജീവിതത്തിൽ ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നിരവധി തവണ തേടിയെത്തി. പക്ഷേ അതിനെല്ലാം അപ്പുറമാണ് ജനമനസ്സുകളിൽ ശ്രീനിവാസനുള്ള സ്ഥാനം. അതെ, വെള്ളിത്തിരയിലെ യഥാർത്ഥ ഹീറോ..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ