
പ്രേക്ഷക പ്രീതിയും നിരുപക ശ്രദ്ധയും ഒരുപോലെ സ്വന്തമാക്കിയ ചിത്രമാണ് സൂര്യ(Suriya) നായകനായി എത്തിയ 'ജയ് ഭീം'(Jai Bhim). ചിത്രത്തിന്റെ പ്രമേയമായിരുന്നു അതിന് കാരണം. അടിസ്ഥാനവര്‍ഗത്തിന്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ കുറിച്ച് പറഞ്ഞ ചിത്രത്തിൽ മലയാളി താരം ലിജോമോള്‍ ജോസിന്റെ പ്രകടനവും ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ബെയ്ജിംഗ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് ജയ് ഭീം തെരഞ്ഞെടുക്കപ്പെട്ടുവെന്ന വാർത്തയാണ് പുറത്തുവരുന്നത്.
12-ാമത് ബെയ്ജിംഗ് മേളയിലെ ടിയന്റാൻ പുരസ്കാരത്തിനായാണ് 'ജയ് ഭീം' തെരഞ്ഞെടുക്കപ്പെട്ടതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ജയ് ഭീമിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ചലച്ചിത്ര മേളയിൽ ഇടം നേടിയ ചുരുക്കം ചില ഇന്ത്യൻ സിനിമകളിൽ ഒന്നെന്ന പ്രത്യേകതയും സൂര്യ ചിത്രത്തിനുണ്ട്.
'നന്ദന മോളെ തിരുവനന്തപുരത്ത് എത്തിക്കാമോ'; സുരേഷ് ഗോപിയുടെ ഫോണ്‍കോളില്‍ ജീവന്‍റെ തുടിപ്പ്
കഴിഞ്ഞ വർഷം നവംബറിലാണ് 'ജയ് ഭീം' ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. 1993 ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചിത്രം കൂടിയാണിത്. 2ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യ തന്നെയാണ് ചിത്രം നിര്‍മിച്ചത്. ചെന്നൈയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു പ്രധാന ചിത്രീകരണം. എസ് ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. ലിജോമോള്‍ ജോസിന് പുറമേ മലയാളി താരം രജിഷ വിജയനും 'ജയ് ഭീമി'ല്‍ പ്രധാന കഥാപാത്രമായി എത്തി. പ്രകാശ് രാജ്, രമേഷ്, റാവു രമേഷ് തുടങ്ങിയ താരങ്ങളും അഭിനയിച്ചു. 'ജയ് ഭീം' ചിത്രത്തിന്റെ തിരക്കഥയും ത സെ ജ്ഞാനവേലിന്റേതാണ്. യുഗഭാരതി ആണ് ചിത്രത്തിന്റെ ഗാനരചയിതാവ്.
അതേസമയം, സൂര്യറൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചത് സൂര്യയ്ക്കാണ്. മാരൻ എന്ന കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിച്ചത്. ചിത്രത്തിലെ തന്നെ അഭിനയത്തിന് അപർണ ബാലമുരളിയാണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്.