
ഏറെ നാളായി തമിഴ് സിനിമാസ്വാദകർ കാത്തിരുന്നൊരു സിനിമയാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം അഥവ ദ ഗോട്ട്. വിജയ് നായകനായി എത്തുന്ന ചിത്രം എന്നത് തന്നെയായിരുന്നു അതിന് കാരണം. അതുകൊണ്ട് തന്നെ വൻ ഹൈപ്പും പ്രഖ്യാപനം മുതൽ ഗോട്ടിന് ലഭിച്ചു. എന്നാല്‍, ഏറെ നാളത്തെ കാത്തിരിപ്പ് അത്രകണ്ട് ഫലപ്രാപ്തിയിൽ എത്തിയില്ല എന്നാണ് ചിത്രം ഇന്ന് തിയറ്ററുകളിൽ എത്തിയതിന് പിന്നാലെ അറിയാൻ സാധിക്കുന്നത്. സമ്മിശ്ര പ്രതികരണമാണ് വിവിധ ഭാഗങ്ങളിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്. സംവിധായകൻ വെങ്കട് പ്രഭുവിനെ വിമർശിച്ചും നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ രംഗത്ത് എത്തുന്നുണ്ട്.
ഈ അവസരത്തിൽ ഗോട്ടുമായി ബന്ധപ്പെട്ടൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്. തമിഴ് നാട്ടിൽ നിന്നുമുള്ളതാണ് വീഡിയോ. ഒരു കൂട്ടം ആളുകൾ ഗോട്ടിന്റെ ടിക്കറ്റ് വിൽക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. അതും റോഡ് സൈഡിൽ നിന്നും '100 രൂപ താ..100 രൂപ..' എന്ന് പറഞ്ഞ് മാർക്കറ്റുകളിൽ പച്ചക്കറി, മീൻ പോലുള്ളവ വിൽക്കുന്നത് പോലെയാണ് ടിക്കറ്റ് വിൽക്കുന്നത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. 'ചുളുവിലയിൽ വിൽക്കേണ്ട അവസ്ഥയാണല്ലോ ടിക്കറ്റ്' എന്ന ക്യാപ്ഷനോടെ നിരവധി പേരാണ് ട്രോളുകളുമായി രംഗത്ത് എത്തുന്നത്.
സയന്‍സ് ഫിക്ഷന്‍ ആക്ഷണ്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് ദ ഗോട്ട്. ചിത്രത്തിൽ ഡബിൾ റോളിൽ ആയിരുന്നു വിജയ് എത്തിയത്. വിജയിയുടെ രാഷ്ട്രീയ പ്രഖ്യാപനത്തിന് പിന്നാലെ എത്തിയ സിനിമ ആയതുകൊണ്ട് തന്നെ പ്രതീക്ഷകളും വാനോളം ആയിരുന്നു. ഇതാകും വിജയിയുടെ സിനിമ കരിയറിലെ അവാസന ചിത്രം എന്ന രീതിയിലും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
മീനാക്ഷി ചൗധരി പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, പ്രേംജി അമരൻ, അരവിന്ദ്, അജയ് രാജ്, പാർവതി നായർ, കോമൾ ശർമ്മ, യുഗേന്ദ്രൻ, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കിർത്തി, ഗഞ്ചാ കറുപ്പ് തുടങ്ങി വലിയ താര നിര തന്നെ ഗോട്ടിൽ അണിനിരന്നിട്ടുണ്ട്. അതേസമയം, ഗോട്ടിന്‍റെ ആകെ ബജറ്റിന്‍റെ പകുതിയാണ് വിജയിയുടെ പ്രതിഫലം. 400 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്. വിജയിയുടെ പ്രതിഫംല 200 കോടിയും ആണെന്ന് നേരത്തെ നിര്‍മാതാവ് അര്‍ച്ചന കല്‍പതി വെളിപ്പെടുത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ