വാളയാര്‍ കേസ് അട്ടിമറിച്ചത് മനുഷ്യത്വമില്ലായും നീതി നിഷേധവുമാണ്; പ്രതിഷേധിക്കണമെന്ന് ഉണ്ണി മുകുന്ദന്‍

By Web TeamFirst Published Oct 28, 2019, 10:24 AM IST
Highlights

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ ലഭിക്കുന്നത് വരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു വരേണ്ടത് നമ്മൾ ഉൾപ്പെടുന്ന സമൂഹത്തിന്റെ കൂട്ട ഉത്തരവാദിത്തം കൂടിയാണ്- ഉണ്ണി മുകുന്ദന്‍

കൊച്ചി: വാളായറിൽ സഹോദരിമാരായ രണ്ടു പെൺകുട്ടികൾ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്. പൊലീസ് അന്വേഷണത്തിലെ വീഴ്ച്ചയ്ക്കെതിരായ പ്രതിഷേധത്തിൽ അണിചേർന്ന് നടൻ ഉണ്ണി മുകുന്ദനും രൂക്ഷ പ്രതികരണവുമായി രംഗത്തെത്തി. കേസിലെ പ്രതികള്‍ക്ക്  മാതൃകാപരമായി ശിക്ഷ നല്‍കി ഇത്തരക്കാര്‍ക്ക് പാഠമാകേണ്ട കേസുകള്‍ അട്ടിമറിക്കപ്പെടുന്നത് എന്തിന്റെ പേരിലായാലും മനുഷ്യത്വമില്ലായും നീതി നിഷേധവുമാണെന്ന് ഉണ്ണി മുകുന്ദൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നടിച്ചു.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ ലഭിക്കുന്നത് വരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു വരേണ്ടത് നമ്മൾ ഉൾപ്പെടുന്ന സമൂഹത്തിന്റെ കൂട്ട ഉത്തരവാദിത്തം കൂടിയാണ്- ഉണ്ണി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

തിരിച്ചറിവില്ലാത്ത പ്രായത്തിലുള്ള വാളയാറിലെ സഹോദരിമാരായ രണ്ടു പെൺകുട്ടികൾ, അതും 13 , 9 വയസ്സുള്ളവർ , തങ്ങൾക്ക് എന്താണ് സംഭവിച്ചെതെന്നു പോലും തിരിച്ചറിയാൻ കഴിയാതെ ഈ ലോകത്തോട് വിട പറഞ്ഞു പോയപ്പോൾ പിന്നീട് ഈ സമൂഹത്തിനും നിയമ വ്യവസ്ഥക്കും ആ പിഞ്ചു കുഞ്ഞിങ്ങളോട് കാണിക്കാൻ കഴിയുന്ന ഏക മനുഷ്യത്വം നീതിയും എന്ന് പറയുന്നത് ഈ ദാരുണ സംഭവത്തിന് കാരണക്കാരായ വേട്ട മൃഗത്തിന് സമാനമായ മനസ്സും മനുഷ്യ ശരീരവുമായി ജീവിക്കുന്ന കിരാതന്മാരെ അർഹിക്കുന്ന ശിക്ഷ നൽകുക എന്നത്‌ മാത്രമാണ്.

മാതൃകാപരമായി ശിക്ഷ നൽകി ഇത്തരക്കാർക്ക് പാഠമാകേണ്ട കേസുകൾ അട്ടിമറിക്ക പെടുന്നത് എന്തിന്റെ പേരിലായാലും മനുഷ്യത്വമില്ലായും നീതി നിഷേധവുമാണ് .
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ ലഭിക്കുന്നത് വരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു വരേണ്ടത് നമ്മൾ ഉൾപ്പെടുന്ന സമൂഹത്തിന്റെ കൂട്ട ഉത്തരവാദിത്തം കൂടിയാണ്.

#JusticeforValayarVictims

click me!