‘ഹോം’ ഇനി ബോളിവുഡിലേക്ക്; കൈകോർത്ത് അബൻടൻഷ്യയും ഫ്രൈഡേ ഫിലിം ഹൗസും

By Web TeamFirst Published Oct 7, 2021, 11:01 AM IST
Highlights

ഓഗസ്റ്റ് 19നായിരുന്നു ഹോം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്.

ലയാള സിനിമാ പ്രേമികളുടെ ഇടയിൽ ഇന്ന് ഏറെ ചർച്ച ആയിരിക്കുന്ന ചിത്രമാണ് ഹോം. റോജിൻ തോമസ് സംവിധാനം ചെയ്ത ചിത്രത്തിൽ ഇന്ദ്രൻസ് ആണ് പ്രധാന കഥാപാത്രത്തെ അവതിരിപ്പിച്ചത്. തെന്നിന്ത്യൻ സംവിധായകൻ എ ആർ മുരു​ഗദോസ് അടക്കം നിരവധി പേരാണ് ചിത്രത്തിന് അഭിനന്ദനവുമായി രം​ഗത്തെത്തിയിരുന്നത്. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് ആയിരുന്നു ചിത്രത്തിന്റെ നിർമ്മാണം. ഇപ്പോഴിതാ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. 

ഇന്ത്യയിലെ പ്രമുഖ നിർമാണക്കമ്പനിയായ അബൻടൻഷ്യ എന്റർടെയ്ൻമെന്റും ഫ്രൈഡേ ഫിലിം ഹൗസും ചേർന്നാണ് ചിത്രം ഹിന്ദിയിൽ നിർമിക്കുക. ഫ്രൈഡേ ഫിലിം ഹൗസിന്റെ ആദ്യ ബോളിവുഡ് പ്രോജക്ട് കൂടിയാകും ഈ ചിത്രം.

"21 വർഷം മുമ്പ് ഞാൻ മുംബൈയിൽ കരിയർ ആരംഭിച്ചപ്പോൾ, മുംബൈ ടൈംസിന്റെ ഒന്നാം പേജിൽ ഇടംനേടാനും ഒരു ദിവസം ബോളിവുഡിന്‍റെ ഭാഗമാകാനും സ്വപ്നം കണ്ടിരുന്നു."ഹോം" അത് സാധ്യമാക്കി. ഈ യാത്രയുടെ ഭാഗമായ എല്ലാവരെയും ഈ നിമിഷത്തിൽ ഓർക്കുന്നു. ജീവിതത്തിലെ എല്ലാ ഉയർച്ചകളും താഴ്ചകളും എന്നെ ഒരുപാട് പാഠങ്ങൾ പഠിപ്പിച്ചു. അബൻടൻഷ്യയുമായി നിർമ്മാണ പങ്കാളിയാകാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം. ഹിന്ദി റീമേക്കിലൂടെ കൂടുതൽ പ്രേക്ഷകരിലേക്ക് ഹോം എത്തുന്നത് കാത്തിരിക്കുകയാണ്", എന്നാണ് റീമേക്ക് വിവരം പങ്കുവച്ച് വിജയ് ബാബു കുറിച്ചത്. മുംബൈ ടൈംസിൽ വന്ന റിമേക്ക് വാർത്തയുടെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. 

ഷെർണി, ശകുന്തള ദേവി, എയർലിഫ്റ്റ്, ടോയ്‌ലറ്റ് ഏക് പ്രൈം കഥ, ഷെഫ്, നൂർ, ബ്രീത് ഇൻടു ദി ഷാഡോസ് തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചത് അബൻടൻഷ്യ എന്റർടെയ്ൻമെന്റ് ആണ്. വിജയ് ബാബു നിർമ്മിച്ച അങ്കമാലി ഡയറീസിന്റെ ഹിന്ദി റീമേക്ക് സ്വന്തമാക്കിയതും ഇതേ കമ്പനി ആയിരുന്നു.

ഓഗസ്റ്റ് 19നായിരുന്നു ഹോം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ഇന്ദ്രന്‍സ് പ്രധാന വേഷത്തിലെത്തിയ ഹോമില്‍ മഞ്ജു പിള്ള, ശ്രീനാഥ് ഭാസി, വിജയ് ബാബു, നസ്‌ലന്‍, ശ്രീകാന്ത് മുരളി, കൈനകരി തങ്കരാജ്, ദീപ തോമസ്, ജോണി ആന്റണി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായെത്തിയത്.

click me!