
കൊച്ചി: മലയാളക്കരയുടെ പ്രിയ യുവനടന്‍ ദുല്‍ഖര്‍ സല്‍മാന്‍ നായക വേഷത്തിലെത്തുന്ന ചിത്രമാണ് 'ഒരു യമണ്ടൻ പ്രേമകഥ'. ചിത്രത്തിന്‍റെ വിശേഷങ്ങളില്‍ പലതും പുറത്തുവന്നിട്ടുണ്ട്. നിഖില വിമലും സംയുക്ത മേനോനും നായികമാരായെത്തുന്ന ചിത്രത്തിന്‍റെ കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവച്ച് തിരക്കഥാകൃത്തുക്കളായ ബിബിനും വിഷ്ണുവും രംഗത്തെത്തിയിരിക്കുകയാണ്.
ബോളിവുഡില്‍ പോലും മികവ് തെളിയിച്ച ദുല്‍ഖര്‍ വീണ്ടും മലയാള വെള്ളിത്തിരയിലെത്തുന്നുവെന്നതാണ് ചിത്രത്തിന്‍റെ പ്രത്യേകത. 566 ദിവസങ്ങള്‍ക്ക് ശേഷമാകും ഒരു ദുല്‍ഖര്‍ ചിത്രം തീയറ്ററുകളിലെത്തുകയെന്ന് വിഷ്ണുവും ബിബിനും ചൂണ്ടികാട്ടി. വ്യത്യസ്തമായ നാല് കഥകള്‍ പറഞ്ഞ സോളാ ആയിരുന്നു ഡി ക്യുവിന്‍റെതായി തീയറ്ററുകളിലെത്തിയ അവസാന ചിത്രം. 2017 ഒക്ടോബർ 5 നായിരുന്നു ബിജോയ് നമ്പ്യാര്‍ ചിത്രം വെള്ളിത്തിരയിലെത്തിയത്. അടുത്ത ചിത്രം 566 ദിവസങ്ങള്‍ക്ക് ശേഷം എന്ന് പറയുമ്പോള്‍ 'ഒരു യമണ്ടൻ പ്രേമകഥ' ഏപ്രില്‍ 25 ന് തീയറ്ററില്‍ എത്തുമെന്നാണ് വ്യക്തമാകുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മാർച്ച് ഒന്നിന് വൈകീട്ട് ആറു മണിക്ക് ഫേസ്ബുക് പേജിലൂടെ പുറത്തിറക്കും.
നവാഗതനായ ബിസി നൗഫല്‍ ആണ് 'ഒരു യമണ്ടൻ പ്രേമകഥ' സംവിധാനം ചെയ്യുന്നത്. ചിത്രം കോമഡി എന്‍റര്‍ടെയ്നറാണെന്നാണ് അണിയറയിൽനിന്നുള്ള റിപ്പോർട്ടുകൾ. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിന്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. ഇരുവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സൗബിന്‍ സാഹിര്‍, അരുണ്‍ കുര്യൻ, സലീം കുമാർ, ധര്‍മജന്‍ ബോള്‍ഗാട്ടി, രമേശ് പിഷാരടി എന്നിവർ ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഫോര്‍ട്ട് കൊച്ചിയും മട്ടാഞ്ചേരിയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തിന് നാദിര്‍ഷ സംഗീതം നല്‍കുന്നു. സുജിത് വാസുദേവ് ആണ് ഛായാഗ്രാഹകൻ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ