
ഏഷ്യാനെറ്റിൽ അടുത്തിടെ സംപ്രേഷണം അവസാനിപ്പിച്ച സൂപ്പർഹിറ്റ് പരമ്പരയാണ് മൗനരാഗം. പരമ്പരയിലെ കല്യാണിയായി എത്തി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് ഐശ്വര്യ റംസായ്. തമിഴ്‌നാട്ടുകാരിയായ ഐശ്വര്യയെ മലയാളികള്‍ ഇന്ന് തങ്ങളുടെ വീട്ടിലെ അംഗത്തെ പോലെയാണ് സ്‌നേഹിക്കുന്നത്. പരമ്പര അവസാനിച്ചതിനെക്കുറിച്ച് വികാരാധീനയായാണ് കഴിഞ്ഞ ദിവസം ഐശ്വര്യയും നായകൻ നലീഫും സംസാരിച്ചത്. ഇതേക്കുറിച്ച് ഐശ്വര്യ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്.
''ഇങ്ങനെയൊരു ദിവസത്തിനായി ഞാൻ തയ്യാറായിരുന്നതേയില്ല. ഇതിനുശേഷം എങ്ങനെ മുന്നോട്ട് പോകുമെന്ന് പോലും ഞാൻ ചിന്തിച്ചിട്ടില്ല. ആദ്യം, ഈ പ്രപഞ്ചത്തോട് നന്ദി പറയുന്നു. എന്നെ എല്ലായ്പ്പോഴും പിന്തുണച്ച എന്റെ കുടുംബത്തിനും പ്രിയപ്പെട്ട ആരാധകർക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളോടുള്ള കടപ്പാട് വാക്കുകളിൽ വിവരിക്കാനാകില്ല. കേരളത്തിലെ പ്രിയപ്പെട്ടവരോട്.... തമിഴ്നാട്ടിൽ നിന്ന് വന്ന എന്നെ സ്വന്തം വീട്ടിലെ ഒരാളായി സ്വീകരിച്ച് നിങ്ങൾ നൽകിയ സ്നേഹവും കരുതലും എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട അനുഭവങ്ങളിലൊന്നാണ്. അതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
ഒരുപാട് പ്രതിസന്ധികളും വെല്ലുവിളികളും തരണം ചെയ്ത് മൗനരാഗം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതിന്റെ പിന്നിൽ ഏറ്റവും വലിയ പങ്ക് വഹിച്ച ഒരാൾ ഉണ്ട്, നമ്മുടെ പ്രൊഡ്യൂസർ രമേഷ് ബാബു സാർ. ഞങ്ങളെ ഇത്രയും ദൂരം എത്തിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി സാർ. എന്റെ ഡയറക്ടർ ഹാരിസൺ സാർ... ജീവിതത്തിൽ നിങ്ങളെപ്പോലൊരു ഡയറക്ടറെ ഇനി ഒരിക്കലെങ്കിലും കാണാൻ കഴിയുമോ എന്ന് എനിക്കറിയില്ല. നിങ്ങളുടെ ആത്മാർത്ഥതയ്ക്കും സമർപ്പണത്തിനും മുന്നിൽ ഹൃദയം നിറഞ്ഞ നന്ദി. ഞങ്ങളുടെ ക്യാമറാമാൻ... മൗനരാഗം ആരംഭിച്ച ആദ്യ ദിവസം മുതൽ ഞങ്ങളോടൊപ്പം നിന്ന ഒരാൾ. എപ്പോഴും സ്നേഹത്തോടെ കൂടെ നിന്നതിന് നന്ദി.
പ്രദീപ് പണിക്കർ സാർ... നിങ്ങൾ എഴുതിയത് എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ഒരു അധ്യായം തന്നെയാണ്. അതിന് ഹൃദയം നിറഞ്ഞ നന്ദി.. എന്റെ സഹതാരങ്ങൾ... നിങ്ങളെപ്പോലുള്ളവരെ ജീവിതത്തിൽ കണ്ടുമുട്ടാൻ കഴിഞ്ഞത് എന്റെ ഭാഗ്യമായി ഞാൻ കരുതുന്നു. നലീഫ്... ഇത്രയും അച്ചടക്കവും ആത്മാർത്ഥതയും ഉള്ള ഒരാളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. നമ്മുടെ സൗഹൃദം ജീവിതകാലം മുഴുവൻ നിലനിൽക്കട്ടെയെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. മുഴുവൻ പ്രൊഡക്ഷൻ ടീമിനും ടെക്നിക്കൽ ടീമിനും ഹൃദയം നിറഞ്ഞ നന്ദി. ക്യാമറയ്ക്ക് മുന്നിലും പിന്നിലും പ്രവർത്തിച്ച എന്റെ മൗനരാഗം കുടുംബത്തിലെ ഓരോരുത്തർക്കും, ഈ യാത്രയുടെ ഭാഗമായ എല്ലാവർക്കും ഒരുപാട് സ്നേഹവും നന്ദിയും. മൗനരാഗവും നിങ്ങളോരോരുത്തരും എന്റെ ഹൃദയത്തിൽ എന്നും ഉണ്ടാകും... '', ഐശ്വര്യ റംസായ് ഫെയ്സ്ബുക്കിൽ കുറിച്ചു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ