'മാനസികാവസ്ഥ മോശമായിരുന്നു, പൊന്നിയിൻ സെൽവൻ നിരസിക്കേണ്ടി വന്നു': അമല പോൾ

By Web TeamFirst Published Sep 11, 2022, 5:43 PM IST
Highlights

'മാനസികാവസ്ഥ മോശമായിരുന്നു, പൊന്നിയിൻ സെൽവൻ നിരസിക്കേണ്ടി വന്നു': അമല പോൾ

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടും കൗതുകത്തോടും കാത്തിരിക്കുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നമാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. രണ്ടു ഭാഗങ്ങളുള്ള ചിത്രത്തിൻ്റെ ഒന്നാം ഭാഗം സെപ്റ്റംബർ 30ന് തിയറ്ററുകളിൽ എത്തും. ഏതാനും ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിന്റേതായി പുറത്തുവന്ന ട്രെയിലർ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം വേണ്ടെന്ന് വച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി അമല പോൾ. 

'പൊന്നിയിൻ സെൽവനി'ൽ അഭിനയിക്കാൻ മണിരത്നം തന്നെ വിളിച്ചുരുന്നുവെന്നും എന്നാൽ തന്റെ അന്നത്തെ മാനസികാവസ്ഥ മോശമായതിനാൽ ആ കഥാപാത്രം നിരസിക്കേണ്ടി വന്നുവെന്നും അമല പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അമലയുടെ പ്രതികരണം. 

'മണിരത്‌നം സാർ പൊന്നിയിൻ സെൽവനായി എന്നെ ഓഡിഷൻ ചെയ്തിരുന്നു. ഞാൻ അദ്ദേഹത്തിന്റെ വലിയൊരു ആരാധിക ആണ്. അതുകൊണ്ട് തന്നെ ഞാൻ ഏറെ ആവേശത്തിലായിരുന്നു. എന്നാൽ അത് നടന്നില്ല. ഏറെ സങ്കടവും നിരാശയും തോന്നി. പിന്നീട് 2021ൽ അദ്ദേഹം ആ സിനിമയുമായി ബന്ധപ്പെട്ട് എന്നെ വീണ്ടും വിളിച്ചു. ആ സമയം ആ ചിത്രം ചെയ്യുവാനുള്ള ഒരു മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ. അങ്ങനെ ആ കഥാപാത്രം എനിക്ക് നിരസിക്കേണ്ടി വന്നു. എന്നാൽ അതിൽ ഞാൻ ഖേദിക്കുന്നില്ല', അമല പോൾ പറഞ്ഞു.

 മൾടി സ്റ്റാർ ബ്രഹ്മാണ്ഡ ചിത്രമാണ് 'പൊന്നിയിൻ സെൽവൻ'. വിക്രം, കാർത്തി, ജയം രവി, ശരത്കുമാർ, റഹ്മാൻ, ജയറാം, ബാബു ആൻ്റണി, ലാൽ, പ്രകാശ് രാജ്, അശ്വിൻ കകുമനു,പ്രഭു, വിക്രം പ്രഭു പാർഥിപൻ, റിയാസ് ഖാൻ, മോഹൻ രാമൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ കൃഷ്ണൻ, ഐശ്വര്യ ലക്ഷ്മി, ശോഭിത ധുലിപാല, ജയചിത്ര തുടങ്ങിയവർ ഉൾപ്പെടെ വൻ താര നിര തന്നെ ചിത്രത്തിൽ അണി നിരക്കുന്നു. 

കല്യാണിയുടെ വാക്കുകൾ കൊണ്ടൊരു സിനിമ; 'ശേഷം മൈക്കിൽ ഫാത്തിമ' വരുന്നു

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട എന്നീ അഞ്ചു ഭാഷകളിലാണ് പൊന്നിയിൻ സെൽവൻ-1 റിലീസ് ചെയ്യുക. കേരളത്തിലെ വിതരണവകാശം ശ്രീ. ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസിനാണ്. ഛായാഗ്രഹണം രവി വർമ്മൻ. തോട്ട ധരണിയും വാസിം ഖാനും ചേർന്നാണ് കലാ സംവിധാനം. ശ്രീകർ പ്രസാദ് എഡിറ്റിംഗും ശ്യാം കൗശൽ ആക്ഷൻ കൊറിയോഗ്രഫിയും ബൃന്ദ നൃത്ത സംവിധാനവും ഏക ലഖാനി വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു. ചിത്രത്തിന്റെ ഒടിടി അവകാശം ആമസോൺ പ്രൈം നേരത്തെ സ്വന്തമാക്കിയിരുന്നു. 125 കോടിക്കാണ് സ്ട്രീമിങ്ങ് അവകാശം വിറ്റുപോയത്. 

click me!