നടിയും സഹ സംവിധായികയുമായ അംബികാ റാവു അന്തരിച്ചു

By Web TeamFirst Published Jun 28, 2022, 12:34 AM IST
Highlights

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത കുംബളങ്ങി നൈറ്റ്‌സില്‍ അംബിക റാവു അവതരിപ്പിച്ച  അമ്മ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു

കൊച്ചി: ചലച്ചിത്ര താരവും അസോസിയേറ്റ് ഡയറക്ടറുമായ അംബികാ റാവു അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ 11.30 ഓടെയായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.  20 വ‌ർഷക്കാലം മലയാളസിനിമയിൽ ക്യാമറയ്ക്ക് മുന്നിലും പിന്നിലും നിറസാന്നിധ്യമായിരുന്നു അംബികാ റാവു

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത കുംബളങ്ങി നൈറ്റ്‌സില്‍ അംബിക റാവു അവതരിപ്പിച്ച  അമ്മ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഥാപാത്രങ്ങളിൽ ഒളിപ്പിച്ച് വെച്ച് സൗമ്യത തന്നെയായിരുന്നു അംബികാ റാവുവെന്ന വ്യക്തി. ജീവിതത്തിൽ രോഗങ്ങൾ തീർത്ത യാതനകളിൽ സിനിമയായിരുന്നു ഊർജ്ജം.

രണ്ട് വൃക്കകളും തകരാറിലായി ലിവർ സിറോസിസും ബാധിച്ച് കിടന്ന ഇടത്ത് നിന്ന് എഴുന്നേൽക്കാൻ പറ്റാത്ത ആവസ്ഥയിലായിരുന്നു. ഇടയിൽ കൊവിഡും പിടിച്ചുലച്ചു .സ്വരുകൂട്ടി വെച്ചതെല്ലാം രോഗം കവർന്നപ്പോൾ ചികിത്സയ്ക്കായും ഏറെ ബുദ്ധിമുട്ടി. സിനിമയെ സ്നേഹിച്ച് സിനിമയ്ക്കായി ജീവിതം ഒഴിഞ്ഞുവെച്ച് അംബികാ റാവുവിന്‍റെ ചികിത്സയ്ക്കായി സിനിമാ ലോകം ഒന്നിച്ചു. പക്ഷേ കാലത്തിന്‍റെ തിരശ്ശീലയിൽ താരത്തിന് ഒടുക്കം അരങ്ങൊഴിയേണ്ടി വന്നു.

യാഥൃശ്ചികമായാണ് അംബികാ റാവുവിന്‍റെ സിനിമാ പ്രവേശം. സുഹൃത്തിന് വേണ്ടി യാത്ര എന്ന സീരിയലിന്‍റെ കണക്കുകൾ നോക്കി തുടങ്ങിയതാണ്.പിന്നീട് ബാലചന്ദ്രമേനോനോടൊപ്പം സഹസംവിധായികയായി. തുടർന്നിങ്ങോട്ട് 20 വർഷം സഹസംവിധായകയായും അഭിനേത്രിയായും സിനിമയോടൊപ്പമുളള യാത്ര.

മീശ മാധവന്‍, അനുരാഗ കരിക്കിന്‍ വെള്ളം, വൈറസ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. തൊമ്മനും മക്കളും, സാള്‍ട് ആന്റ് പെപ്പര്‍, രാജമാണിക്ക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളില്‍ സഹസംവിധായികയായും പ്രവര്‍ത്തിച്ചിരുന്നു. അന്യഭാഷാ താരങ്ങൾക്ക് ഗുരു കൂടിയായിരുന്നു സെറ്റുകളിൽ അംബിക റാവു. മലയാളം സംഭാഷണങ്ങളിൽ താരങ്ങൾക്ക് ലിപ് സിങ്ക് ചെയ്യാൻ സഹായിച്ച താരത്തിന് 'കോച്ച്' എന്ന് അപരനാമം അർഹിച്ച് നൽകപ്പെട്ടതായിരുന്നു. ചെയ്യാനേറെ ബാക്കിവച്ച് ഓർമ്മിക്കാൻ തന്‍റെ കഥാപാത്രങ്ങളെയും സിനിമയേയും അവശേഷിപ്പിച്ച് മലയാള സിനിമാ ലോകത്തിന്‍റെ നികത്താനാവാത്ത നഷ്ടമായി താരം മടങ്ങി.  

click me!