'അവൾക്കൊപ്പം'; ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ച് ഡബ്ല്യുസിസി

By Web TeamFirst Published Sep 19, 2020, 10:04 PM IST
Highlights

റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ,രേവതി എന്നിവർ വ്യക്തിഗത പ്രതികരണം നടത്തിയെങ്കിലും ആദ്യമായാണ് ഡബ്ല്യുസിസിയുടെ പ്രതികരണം. വിചാരണക്കിടയിൽ ഭാമ, സിദിഖ് തുടങ്ങിയവർ കോടതിയിൽ കൂറുമാറിയ പശ്ചാത്തലത്തിലാണ് പ്രതികരണം.

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ താരങ്ങളുടെ കൂറ് മാറ്റത്തിന് പിന്നാലെ 'അവൾക്കൊപ്പം' എന്ന ഹാഷ് ടാഗുമായി ഡബ്ല്യുസിസി. ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റില്‍ 'അവൾക്കൊപ്പം' എന്ന ഹാഷ്ടാഗിനൊപ്പം ഡബ്ല്യുസിസി ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ചു. എവിടെയും അനീതി എല്ലായിടത്തും നീതിക്ക് ഭീഷണിയാണെന്ന മാർട്ടിൻ ലൂതർ കിംഗിന്‍റെ വാക്കുകൾ ഉദ്ധരിച്ചാണ് ഫേസ്ബുക്ക് പോസ്റ്റ്. റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, രേവതി എന്നിവർ വ്യക്തിഗത പ്രതികരണം നടത്തിയെങ്കിലും ആദ്യമായാണ് ഡബ്ല്യുസിസിയുടെ പ്രതികരണം.

വിചാരണക്കിടയിൽ ഭാമ, സിദിഖ് തുടങ്ങിയവർ കോടതിയിൽ കൂറുമാറിയ പശ്ചാത്തലത്തിലാണ് പ്രതികരണം. പ്രോസിക്യൂഷന് നൽകിയ മൊഴി ഭാമയും സിദ്ദിഖും തിരുത്തിയെന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ രേവതിയും റിമ കല്ലിങ്കലും രമ്യ നമ്പീശനും വിമർ‍ശനവുമായി രംഗത്ത് എത്തിയിരുന്നു. സഹപ്രവർത്തകരെപ്പോലും വിശ്വസിക്കാൻ കഴിയില്ല എന്നത് വേദനാജനകമാണെന്നും രേവതിയും ഫേസ്‍ബുക്കില്‍ കുറിച്ചു.

അതിജീവിച്ചവൾക്ക് ഒപ്പം നിൽക്കേണ്ടവർ കൂറ് മാറിയത് സത്യമാണെങ്കിൽ അതിൽ ലജ്ജ തോന്നുന്നുവെന്നായിരുന്നു റിമ കല്ലിങ്കലിന്‍റെ കുറിപ്പ്. കൂറുമാറ്റത്തിലൂടെ ഇരുവരും കുറ്റകൃത്യത്തെ അനുകൂലിക്കുകയാണ് എന്ന് ആഷിഖ് അബുവും കുറ്റപ്പെടുത്തി. ഇതിനുപിന്നാലെ അവൾക്കൊപ്പം ക്യാമ്പയിന്‍ സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും സജീവമായിരിക്കുകയാണ്.

click me!