
മലയാള സിനിമയിലെ മുൻനിര യുവ നായികമാരിൽ ഒരാളാണ് ദുർഗ കൃഷ്ണ. സിനിമാ രംഗത്തെത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപിടി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാന്‍ താരത്തിനായി. പ്രേക്ഷകരുടെ ഇഷ്ടത്തോടൊപ്പം തന്നെ അടുത്തിടെ ദുർഗയ്ക്ക് വിമർശനങ്ങളും നേരിടേണ്ടി വന്നിരുന്നു. കുടുക്ക്, ഉടൽ തുടങ്ങിയ സിനിമകളിലെ ഇന്റിമേറ്റ് രംഗങ്ങളായിരുന്നു അവയ്ക്ക് കാരണം. ഇപ്പോഴിതാ ഇത്തരം വിമർശനങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് ദുർഗ. ഒരു സിനിമയിൽ ഉണ്ടാകുന്നത് പോലെ ഫൈറ്റ് സീൻ, ഇമോഷണൽ സീൻ, കോമഡി സീൻ പോലെയെ ഇന്റിമേറ്റ് സീനുകളും കണ്ടിട്ടുള്ളൂവെന്ന് നടി പറയുന്നു. സെക്ഷ്വൽ ഫ്രസ്ട്രേഷൻ കൊണ്ടാകും ആളുകൾ ഇത്തരത്തിൽ വിമർശനങ്ങൾ ഉന്നയിക്കുന്നതെന്നും ദുർഗ പറഞ്ഞു.
"എന്റെ തൊഴിലാണ് ഞാൻ ചെയ്യുന്നത്. ഒരു സിനിമയിൽ ഉണ്ടാകുന്നത് പോലെ ഫൈറ്റ് സീൻ, ഇമോഷണൽ സീൻ, കോമഡി സീൻ പോലെയെ ഇന്റിമേറ്റ് സീനുകളും കണ്ടിട്ടുള്ളൂ. അതിന് പ്രത്യേകമായൊരു പ്രാധാന്യം ഞാൻ കൊടുക്കുന്നില്ല. അതിങ്ങനെ സ്പെഷ്യൽ ആയി പറയേണ്ട കാര്യമൊന്നും ഇല്ല. അങ്ങനെ ഉള്ള സീനുകൾ വരുമ്പോൾ മാത്രം എന്തുകൊണ്ട് വിവാദങ്ങൾ ഉണ്ടാകുന്നു, അതും സ്ത്രീകൾക്ക് നേരെ എന്തിന് എന്ന് എനിക്ക് മനസിലാകുന്നില്ല. സെക്ഷ്വൽ ഫ്രസ്ട്രേഷൻ കൊണ്ടാകും ആളുകൾ ഇങ്ങനെ ഒക്കെ പറയുന്നത്. എല്ലാവരും അല്ല കുറച്ചു പേർ. ഹിന്ദി, ഇംഗ്ലീഷ് സിനിമകളിലെ ഇത്തരം രംഗങ്ങൾ ആളുകൾ കണ്ടിരിക്കാറുണ്ട്. ഈ സീനിനെ ആരും വെറുക്കുന്നില്ല. പക്ഷേ ഒരു മലയാള നടി ചെയ്യുന്ന സമയത്ത് എന്തുകൊണ്ട് ഇങ്ങനെ പ്രശ്നങ്ങൾ ഉണ്ടാകുന്നുവെന്ന് മനസ്സിലാകുന്നില്ല", എന്ന് ദുർഗ കൃഷ്ണ പറഞ്ഞു. കുടുക്ക് സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ ആയിരുന്നു താരത്തിന്റെ പ്രതികരണം.
Kudukku 2025: കൃഷ്ണ ശങ്കറിന്റെ നായികയായി ദുർഗ; 'കുടുക്ക് 2025' റിലീസ് തിയതിയിൽ മാറ്റം
കുടുക്കിന്റെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ ദുർഗയ്ക്ക് എതിരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി നടൻ കൃഷ്ണ ശങ്കർ രംഗത്തെത്തിയിരുന്നു. കൂട്ടുപ്രതിയായ താന്‍ സുഖമായി ഉറങ്ങാന്‍ പോകുമ്പോള്‍ ഇപ്പോഴും ആളുകള്‍ ദുര്‍ഗയെയും അവരുടെ ഭർത്താവ് ആയ അര്‍ജുനെയും വീട്ടുകാരെയും പറ്റി മോശമായി സംസാരിക്കുന്നുവെന്ന് കൃഷ്ണ ശങ്കര്‍ പറഞ്ഞു. നട്ടെല്ലില്ലാത്തവൻ എന്നവരുടെ ഭർത്താവിനെ പറയുമ്പോൾ എത്ര ആളുകൾ ഉണ്ട് അയാളെ പോലെ ഭാര്യയോടുള്ള സ്നേഹവും വിശ്വാസവും അവർ ചെയ്യുന്ന ജോലിയോടുള്ള ബഹുമാനവും ഉള്ളവർ. അതുകൊണ്ട് ഇത്തരത്തിലുള്ള കമന്റുകൾ എഴുതുമ്പോൾ ഒരു നിമിഷം മുമ്പ് നിങ്ങൾ നിങ്ങളുടെ വീട്ടുകാരെ ഒന്ന് സ്മരിക്കണമെന്നും പറഞ്ഞിരുന്നു.
വിഷയത്തിൽ ദുർഗയുടെ ഭർത്താവിന്റെ പ്രതികരണം ഇങ്ങനെ
വളരെ അധികം അപ്രിയരായ സദാചാര കുരുക്കളേ, എന്റെയും എന്റെ ഭാര്യയുടെയും ജോലി സംബന്ധമായ മേഖല സിനിമ ആയതിനാലും, ആർട്ടിസ്റ്റ് എന്ന നിലയിൽ തിരഞ്ഞെടുക്കുന്ന കഥാപാത്രം ആവശ്യപ്പെടുന്ന പോലെ ദുർഗ്ഗക്ക് ഉത്തരവാദിത്തമുള്ളതു കൊണ്ടും, സിനിമ വേറെ ജീവിതം വേറെ എന്ന് മനസിലാക്കുവാൻ ഉള്ള കോമൺ സെൻസ് ഉള്ളത് കൊണ്ടും; കേവലം ഒരു ലിപ്‌ലോക്കിന്റെ പേരിൽ എന്റെ നട്ടെല്ലിന്റെ ബലം ചോദ്യം ചെയ്ത പകൽ മാന്യൻമാർക്കും കുലസ്ത്രീകൾക്കും ഒരു ലോഡ് പുച്ഛം ഉത്തരമായി നൽകുന്നു.അതിനെ ചൊല്ലി നിങ്ങളുടെ മനസ്സിലെ സദാചാര കുരുക്കൾ പൊട്ടുമ്പോൾ അത് ദുർഗ്ഗ എന്ന അഭിനേത്രിക്കു മാനസികമായി വിഷമങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിലും, നിങ്ങളുടെ മനസ്സിൽ നിന്നും പുറത്തു വരുന്ന ദുർഗന്ധവും വ്രണങ്ങളും എന്നെയും എന്റെ കുടുംബത്തെയും കുടുംബാങ്കങ്ങളെയും ഒരു വിധത്തിലും ബാധിക്കുന്നില്ലെന്നും, ഇഷ്ടപ്പെടുന്ന നല്ല കഥാപാത്രങ്ങൾ ചെയ്യാൻ വിധം ദുർഗ്ഗക്ക് പൂർണ സപ്പോർട്ട് എന്റെയും എന്റെ കുടുംബത്തിന്റെയും ഭാഗത്തു നിന്നും തുടർന്നും ഉണ്ടാകുമെന്നും നിങ്ങളെ സന്തോഷത്തോടെ അറിയിക്കുന്നു.
അതേസമയം കുടുക്ക് ഓഗസ്റ്റ് 25ന് പ്രേക്ഷകർക്ക് മുന്നിലെത്തും. ഓഗസ്റ്റ് 19ന് ചിത്രം തിയറ്ററുകൾ എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും തിയതി മാറ്റുക ആയിരുന്നു. കൃഷ്ണ ശങ്കറിന്റെ വ്യത്യസ്ത ഗെറ്റപ്പുകൊണ്ട് ശ്രദ്ധനേടിയ ചിത്രമാണ് കുടുക്ക്. 'അള്ള് രാമേന്ദ്രന്' ശേഷം സംവിധായകൻ ബിലഹരി ഒരുക്കുന്ന ചിത്രം 2025ലെ കഥയാണ് പറയുന്നത്. മനുഷ്യന്റെ സ്വകാര്യതയാണ് ചിത്രത്തിന്റെ പ്രമേയം. ഷൈൻ ടോം ചാക്കോ, ദുർഗ കൃഷ്ണ, സ്വാസിക എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.