ബോക്സ് ഓഫീസ് തൂഫാനാക്കി ദുൽഖർ; 'സീതാ രാമം' ഹിന്ദിക്കായി കാത്തിരിക്കുന്നുവെന്ന് കങ്കണ

By Web TeamFirst Published Sep 1, 2022, 6:35 PM IST
Highlights

റിലീസ് ദിവസം മുതൽ പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടുന്ന ചിത്രം ബോക്സ് ഓഫീസിൽ റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുകയാണ്.

ദുൽഖർ സൽമാന്റേതായി അടുത്തിടെ പുറത്തിറങ്ങി ഏറെ ശ്രദ്ധനേടിയ ചിത്രമാണ് 'സീതാ രാമം'. റിലീസ് ദിവസം മുതൽ പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടുന്ന ചിത്രം ബോക്സ് ഓഫീസിൽ റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുകയാണ്. തെന്നിന്ത്യന്‍ ഭാഷാ പതിപ്പുകളില്‍ നിന്നു മാത്രം 75 കോടി ആഗോള ഗ്രോസ് ചിത്രം നേടി കഴിഞ്ഞു. രശ്മിക മന്ദാനയും മൃണാള്‍ താക്കൂറും നായികമാരായി എത്തിയ ചിത്രം ദുൽഖർ സൽമാനെ പാൻ ഇന്ത്യൻ താരമായി ഉയർത്തുന്നതിൽ വലിയൊരു പങ്കുവഹിച്ചു കഴിഞ്ഞുവെന്ന് നിസംശയം പറയാനാകും. നിലവിൽ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് റിലീസിന് ഒരുങ്ങുകയാണ്. ഈ അവസരത്തിൽ ചിത്രത്തിന് ആശംസയുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം കങ്കണ. 

ചിത്രത്തിൽ മൃണാള്‍ താക്കൂറിന്റേത് മികച്ച പ്രകടനമായിരുന്നുവെന്ന് കങ്കണ പറഞ്ഞു. സിനിമയുടെ ഹിന്ദി പതിപ്പ് കാണാനായി കാത്തിരിക്കുകയാണെന്നും കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.'അതിശയകരമായ പ്രകടനത്തിന് മൃണാള്‍ താക്കൂറിനും സീതാ രാമത്തിന്റെ മികച്ച വിജയത്തിന് മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍, ഹിന്ദി പതിപ്പ് കാണാനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു' എന്നാണ് കങ്കണ കുറിച്ചത്. 

തെന്നിന്ത്യൻ ഭാഷകളിൽ സീതാ രാമം റിലീസ് ചെയ്ത് ഒരുമാസത്തിന് ഇപ്പുറമാണ് ഹിന്ദി പതിപ്പ് പുറത്തിറക്കാൻ അണിയറ പ്രവർത്തകർ ഒരുങ്ങുന്നത്. ഡോ. ജയന്തിലാല്‍ ഗാഡയുടെ പെന്‍ സ്റ്റുഡിയോസ് ആണ് ചിത്രം ഹിന്ദിയില്‍ അവതരിപ്പിക്കുന്നത്. സെപ്റ്റംബർ 2 മുതൽ (നാളെ) ചിത്രം ബോളിവുഡ് തിയറ്റുകളിൽ റിലീസ് ചെയ്യും. 

തെന്നിന്ത്യന്‍ പതിപ്പുകളില്‍ നിന്ന് മാത്രം 75 കോടി; ദുല്‍ഖറിന്‍റെ 'സീതാരാമം' ഇനി ഹിന്ദിയില്‍: ട്രെയ്‍ലര്‍

നേരത്തെ സീതാ രാമത്തെ പ്രശംസിച്ച് മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രം​ഗത്തെത്തിയിരുന്നു.  "സീതാ രാമം കണ്ടു. അഭിനേതാക്കളുടെയും സാങ്കേതിക വിഭാഗങ്ങളുടെയും ഏകോപനത്തിൽ ഒരു മനോഹര ദൃശ്യം അരങ്ങേറി. സാധാരണ പ്രണയ കഥ എന്നതിനപ്പുറം ഒരു സൈനികന്റെ ധീരതയുടെ പശ്ചാത്തലത്തില്‍ ഈ സിനിമ വിവിധ വികാരങ്ങളെ അനാവരണം ചെയ്യുന്നു, മസ്റ്റ് വാച്ച്. ഒരുപാട് നാളുകൾക്ക് ശേഷം ഒരു നല്ല സിനിമ കാണുന്ന അനുഭൂതി സീതാ രാമം എനിക്ക് തന്നു. യുദ്ധശബ്ദങ്ങളില്ലാതെ കണ്ണിന് കുളിർമയേകുന്ന പ്രകൃതിഭംഗി കണ്ടെത്തിയ സംവിധായകൻ ശ്രീ ഹനു രാഘവപുടി, നിർമ്മാതാവ് ശ്രീ അശ്വിനിദത്ത്, സ്വപ്ന മൂവി മേക്കേഴ്‌സ് എന്നിവരുൾപ്പെടെയുള്ള സിനിമാ ടീമിന് അഭിനന്ദനങ്ങൾ", എന്നായിരുന്നു വെങ്കയ്യ നായിഡു ചിത്രത്തെ കുറിച്ച് പറഞ്ഞത്. ലഫ്റ്റനന്റ് റാം എന്ന കഥാപാത്രമായി ദുൽഖർ എത്തിയ ചിത്രം സംവിധാനം ചെയ്തത്  ഹനു രാഘവപ്പുഡി ആണ്.

click me!