
അധികാരത്തിലേറി ഒരു വർഷം തികയുന്നതിന് മുൻപ് താര സംഘടനയായ അമ്മയിൽ വലിയ പൊട്ടിത്തെറി നടന്നിരിക്കുകയാണ്. ജനറൽ ബോഡി മീറ്റിങ്ങിലെ കണക്ക് അവതരണം വലിയ തർക്കങ്ങൾക്ക് വഴിവച്ചതിന് പിന്നാലെ ശ്വേത മേനോൻ അടങ്ങുന്ന ഭരണ സമിതി രാജിവച്ചിരിക്കുകയാണ് ഇപ്പോൾ. ഏറെ നേരം നീണ്ട തർക്കങ്ങൾക്ക് ഒടുവിലാണ് നാടകീയ രംഗങ്ങൾ. ശ്വേതയ്ക്ക് പകരം ഭരണസമിതിയിലെ മറ്റുള്ളവരായിരുന്നു രാജിവയ്ക്കേണ്ടിയിരുന്നതെന്ന് പറയുകയാണ് നടി മല്ലിക സുകുമാരൻ. സ്ത്രീകള്‍ക്ക് നിലനില്‍ക്കാന്‍ കഴിയാത്ത സംഘടനയായി അമ്മ മാറിയിട്ടില്ല. സ്ത്രീകള്‍, സ്ത്രീകളായിട്ട് പെരുമാറണം. അപ്പോള്‍ നിലനില്‍ക്കുമെന്നും മല്ലിക പറയുന്നു. വിഷയത്തിൽ സീനിയർ നടന്മാർ ഇടപെടണമെന്നും അവർ മൗനം പാലിച്ചിട്ട് കാര്യമില്ലെന്നും മല്ലിക കൂട്ടിച്ചേർത്തു.
മല്ലിക സുകുമാരന്റെ വാക്കുകൾ ഇങ്ങനെ
ശ്വേത മേനോന്‍ അംഗത്വം രാജി വെച്ചെന്നത് ഇപ്പോഴാണ് ഞാന്‍ അറിയുന്നത്. കുറേ പതിര് കറക്കേണ്ടി വരും മോനെ. വാര്‍ഷിക കണക്ക് പാസാക്കാന്‍ പറ്റിയില്ല എന്നത് വാസ്തവമാണ്. അതിന്‍റെ കുറ്റബോധം ശ്വേതയ്ക്കുണ്ട്. ഒരുപാട് ആരോപണങ്ങള്‍ വന്നപ്പോള്‍ ശ്വേതയ്ക്ക്, ഞാന്‍ ചെയ്യാത്ത തെറ്റിന് കൂടി കേള്‍ക്കേണ്ടി വരുന്നല്ലോ എന്നത് ഉണ്ടായി. സംഘടനയിലെ മറ്റ് പെണ്ണുങ്ങളെല്ലാം തെറ്റ് ചെയ്തവര്‍ തന്നെയാണ്. ശ്വേതയ്ക്ക് പകരം മറ്റുള്ളവരായിരുന്നു രാജി വച്ച് കാണിക്കേണ്ടിയിരുന്നത്. ഞങ്ങള്‍ക്ക് തെറ്റ് പറ്റി ക്ഷമിക്കണമെന്ന് പറഞ്ഞ്. അവരാരും ചെയ്തില്ല. പകരം ശ്വേത ചെയ്തു. സ്ത്രീകള്‍ക്ക് നിലനില്‍ക്കാന്‍ കഴിയാത്ത സംഘടനയായി അമ്മ മാറിയിട്ടില്ല. സ്ത്രീകള്‍, സ്ത്രീകളായിട്ട് പെരുമാറണം. അപ്പോള്‍ നിലനില്‍ക്കും. അതിന് വഴിവച്ച് കൊടുത്ത തിരശീലയ്ക്ക് മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചവരുണ്ടാകും. കണക്കിലെ പൊരുത്തക്കേടാണ് ശ്വേതയ്ക്ക് വല്ലായ്മ ഉണ്ടാക്കിയത്. ജനറല്‍ സെക്രട്ടറിക്കും, ഖജാന്‍ജിയ്ക്കും അല്ലെ കണക്കിന്‍റെ ഉത്തരവാദിത്വം. അതാണ് സത്യം. സെക്രട്ടറിയും ട്രഷററിയും ഒക്കെ ആണ് കണക്ക് ശരിയായില്ലെന്ന് പറയുമ്പോള്‍ രാജിവയ്ക്കേണ്ടത്. പക്ഷേ അവര്‍ മിണ്ടാതിരുന്നപ്പോള്‍, താന്‍ ഒട്ടിപ്പിടിച്ചിരിക്കേണ്ടെന്ന് ശ്വേതയ്ക്ക് തോന്നിയിട്ടുണ്ടാകും.
ഭരണ സമിതിയ്ക്ക് ഒരുപാട് തെറ്റുകളൊക്കെ പറ്റിയിട്ടുണ്ട്. ഈ പ്രദേശത്തോട്ട് തിരിഞ്ഞ് നോക്കാത്ത എന്നില്‍ നിന്നുമാണ് തുടങ്ങുന്നത്. മല്ലിക ചേച്ചി ലൂസ് ടോക്കര്‍ എന്ന് കുക്കുപരമേശ്വരന്‍ പറഞ്ഞു. എന്തടിസ്ഥാനത്തിലാണ് കുക്കു അത് പറഞ്ഞത്. കാണാതെ, കേള്‍ക്കാതെ അഭിപ്രായങ്ങള്‍ പറഞ്ഞ് എല്ലാവരും തമ്മില്‍ സ്വരചേര്‍ച്ച ഇല്ലാതായി. അവര്‍ എന്ത് പറഞ്ഞാലും എനിക്ക് കുഴപ്പമില്ല. തുള്ളാനുള്ള പ്രായമൊക്കെ എനിക്ക് കഴിഞ്ഞു.
കാര്യങ്ങള്‍ പഠിച്ച് സംസാരിക്കുന്ന, വിവരമുള്ള, ചലച്ചിത്ര ലോകത്തെ പറ്റി ആധികാരികമായിട്ട് നല്ല ഭാഷയില്‍ സംസാരിക്കാന്‍ അറിയാവുന്നവര്‍ ഭരണ സമിതിയില്‍ വരണം. അക്കൂട്ടത്തില്‍ പെണ്ണുങ്ങള്‍ വളരെ കുറവാണ്. ഇല്ലെന്ന് തന്നെ പറയണം. സീനിയേഴ്സായിട്ടുള്ള നടന്മാര്‍ വിഷയത്തില്‍ ഇടപെടണം. അവര്‍ മൗനം പാലിച്ചിട്ട് കാര്യമില്ല. സംഘടന നിലനില്‍ക്കണമെങ്കില്‍ നന്നായിട്ട് നയിക്കണം. നന്നായിട്ട് നയിക്കുന്നവരോട് ശത്രുതാമനോഭാവം വച്ചു പുലര്‍ത്തുന്ന പെണ്ണുങ്ങളെ ഏഴയലത്ത് അടുപ്പിക്കരുത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ