
കൊച്ചി: താരസംഘടന അമ്മക്കുള്ളില്‍ നീറിപ്പുകഞ്ഞ് എക്സിക്യൂട്ടീവ് കമ്മറ്റിയിലെ കലഹം. താരങ്ങൾ ഓരോരുത്തരായി പരസ്യമായി പ്രതികരിച്ചതോടെ അമ്മ നേതൃത്വം പിരിച്ചു വിടണമെന്ന ആവശ്യവുമായി നടി പൊന്നമ്മ ബാബു രംഗത്തെത്തി. ഇപ്പോഴുള്ളവർ തുടർന്നാൽ പ്രശ്നങ്ങൾ കൂടുതൽ വഷളാകുമെന്ന് പൊന്നമ്മ ബാബു പറഞ്ഞു. പ്രസിഡന്റിനും സെക്രട്ടറിക്കും ഈഗോ പ്രശ്നമാണ്. ഒന്നിച്ചു നിൽക്കേണ്ടവരാണ് ഇങ്ങനെ കലഹിക്കുന്നത്. സ്ത്രീകൾ നേതൃനിരയിൽ വന്നപ്പോൾ സ്ത്രീകൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും പൊന്നമ്മ ബാബു പറഞ്ഞു.
എക്സിക്യൂട്ടിവ് കമ്മിറ്റിയില്‍ നിന്ന് രാജിവച്ച അന്‍സിബ ഹസ്സന്‍ ഇന്നലെയാണ് സംഘടന നേതൃത്വത്തിനെതിരെയും ടിനി ടോമിനെതിരെയും തുറന്നടിച്ച് രംഗത്തുവന്നത്. ജിഹാദിയെന്ന് വിളിച്ചു, മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചു, അവിഹിത ബന്ധമുണ്ടെന്ന് പറഞ്ഞു പരത്തി, പൊലീസിന് വ്യാജ പരാതി നല്‍കി, തുടങ്ങി ഗുതുതര പരാമര്‍ശങ്ങളാണ് അന്‍സിബ ടിനിക്കെതിരെ ഉന്നയിച്ചത്. ഇതിന് പിന്നാലെ ടിനി ടോമിനെതിരെ നടി നീനാ കുറുപ്പും രംഗത്ത് വന്നു. കുടുംബമേളക്കിടെ ടിനി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും അസഭ്യം പറഞ്ഞെന്നും സംഘടനക്ക് പരാതി നല്‍കി. അന്‍സിബയുടെ പരാതി കേള്‍ക്കാന്‍ തയ്യാറായ എക്സിക്യൂട്ടിവ് അമ്മ ഓഫീസിലേക്ക് അന്‍സിബയെ വിളിപ്പിച്ചു. എന്നാൽ അൻസിബ മറുപടി നൽകിയില്ലെന്നാണ് വിവരം. അതിനിടെ, അൻസിബക്കെതിരെ പരാതി നൽകിയ നടി താനാണെന്ന് വെളിപ്പെടുത്തി ലക്ഷ്മിപ്രിയ രംഗത്തെത്തി. അൻസിബയുടെ ആരോപണങ്ങൾ നിഷേധിച്ചുകൊണ്ടായിരുന്നു ലക്ഷ്മിപ്രിയയുടെ വാർത്താസമ്മേളനം.
അൻസിബക്ക് പിന്നിൽ നീനാ കുറുപ്പാണെന്നും, സെക്രട്ടറിയും പരിവാരങ്ങളും ചേർന്ന് അമ്മ ഓഫീസിനെ അധോലോക കേന്ദ്രമാക്കിയെന്നും പറഞ്ഞ ലക്ഷ്മി പ്രിയ ടിനി ടോമിനെ ന്യായീകരിച്ചു. ഇതിനെല്ലാം ഇടയിലാണ് അമ്മ നേതൃത്വത്തിനെതിരെ ആഞ്ഞടിഞ്ഞ് മാലാപാർവതി രംഗത്തുവന്നത്. സംഘടനയിൽ നടക്കുന്നതൊന്നും അംഗങ്ങൾ അറിയുന്നില്ല, ഇങ്ങനെ തമ്മിൽ തല്ലുന്ന നേതൃത്വം മാറണമെന്നും മാലാ പാർവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്ത്രീകൾ നേതൃനിരയിലേക്ക് വരണമെന്ന് വാദിച്ചതിനും അതിനായി ഇടപെട്ടതിനും മാപ്പെന്നും മാലാ പാർവതി പ്രതികരിച്ചു. ഗൗരവമേറിയ പരാതിയിൽ അൻസിബ ഹസനെ കേൾക്കാൻ തയ്യാറാണെന് വ്യക്തമാക്കിയ എക്സിക്യൂട്ടിവ്, അൻസിബയെ ഓഫീസിലേക്ക് വിളിച്ചെങ്കിലും അനുകൂല മറുപടി ലഭിച്ചില്ല. അടുത്ത മാസത്തെ ജനറൽ ബോഡിയിൽ നേതൃത്വത്തെയാകെ മാറ്റുമോ അതിനുള്ളിൽ പ്രശ്ന പരിഹരമുണ്ടാകുമോ എന്നാണ് കണ്ടറിയേണ്ടത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ