
ഒടിടിയിലൂടെ മറുഭാഷാ പ്രേക്ഷകരുടെ ശ്രദ്ധ നേരത്തേ നേടിയിട്ടുണ്ടെങ്കിലും ഫഹദ് ഫാസിലിന് യഥാര്‍ഥ പാന്‍ ഇന്ത്യന്‍ റീച്ച് നേടിക്കൊടുത്തത് 2021 ല്‍ പുറത്തെത്തിയ പുഷ്പ: ദി റൈസ് ആയിരുന്നു. എസ് പി ഭന്‍വര്‍ സിംഗ് ഷെഖാവത്തായി ജീവിക്കുകയായിരുന്നു ഫഹദ്. പുഷ്പയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പില്‍ ഒരു വിഭാഗം പ്രേക്ഷകര്‍ക്ക് താല്‍പര്യക്കൂടുതല്‍ ഉണ്ടാക്കിയത് ഫഹദിന്‍റെ കഥാപാത്രം എത്തരത്തില്‍ അവതരിപ്പിക്കപ്പെടുമെന്ന് അറിയാനുള്ള കൗതുകം കൂടിയായിരുന്നു. ഇപ്പോഴിതാ ഫഹദ് ആരാധികയായ ഒരു നടിയുടെ പുഷ്പ 2 റിവ്യൂ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. തെലുങ്ക് താരം രുഹാനി ശര്‍മ്മയാണ് പുഷ്പ 2 ലെ ഫഹദിന്‍റെ കഥാപാത്രത്തെയും പ്രകടനത്തെയും കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. അത് ഇങ്ങനെ...
"(പുഷ്പ 2 ലെ) ഫഹദ് ഫാസില്‍ സാറിന്‍റെ എന്‍ട്രിക്കായി ഞാന്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുകയായിരുന്നു. എന്നാല്‍ അവസാനം അത് സംഭവിച്ചപ്പോള്‍ എനിക്ക് അദ്ദേഹത്തെ തിരിച്ചറിയാന്‍പോലും കഴിഞ്ഞില്ല. അടുത്തിരുന്ന എന്‍റെ സഹോദരനോട് ഞാന്‍ ചോദിച്ചു, അദ്ദേഹം തന്നെയാണോ ഇത്? അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളായും എത്ര അയത്നലളിതമായാണ് അദ്ദേഹം മാറുന്നത്? അതാണ് ഫഹദ് സാറിന്‍റെ മാജിക്. ഇത് എഴുതുമ്പോള്‍പ്പോലും ഒരു കോരിത്തരിപ്പ് ഉണ്ടാവുന്നു. ഓരോ സീനിലും തന്‍റെ പ്രതിഭ പ്രസരിപ്പിക്കുകയായിരുന്നു അദ്ദേഹം", രുഹാനി ശര്‍മ്മ കുറിക്കുന്നു.
"സര്‍, ഏറെക്കാലമായി അങ്ങയുടെ വലിയ ആരാധികയാണ് ഞാന്‍. ബിഗ് സ്ക്രീനില്‍ അങ്ങയെ കാണുന്നത് എപ്പോഴും ഒരു വിരുന്നാണ്. അത്രയും തീവ്രതയും താരതമ്യത്തിനതീതമായ ആഴവുമാണ് നിങ്ങള്‍ കഥാപാത്രങ്ങളിലേക്ക് കൊണ്ടുവരുന്നത്. പുഷ്പ 2 ലെ പ്രകടനവും വ്യത്യസ്തമല്ല. ഈ മാസ്റ്റര്‍പീസിലേക്ക് നിങ്ങള്‍ എന്താണോ കൊണ്ടുവന്നത് അതെനിക്ക് ഏറെ ഇഷ്ടപ്പെട്ടു. ആ അനുഭവത്തെ നിങ്ങള്‍ ശരിക്കും ഉയര്‍ത്തി. നിങ്ങളുടെ അഭിനയകലയ്ക്കും അര്‍പ്പണത്തിനും അനുമോദനങ്ങള്‍", രുഹാനി ശര്‍മ്മ എക്സില്‍ കുറിച്ചു. 16,000 ല്‍ അധികം ലൈക്കുകളാണ് ഈ പോസ്റ്റിന് ലഭിച്ചിരിക്കുന്നത്.
തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി, മലയാളം ചിത്രങ്ങളിലും രുഹാനി അഭിനയിച്ചിട്ടുണ്ട്. രഞ്ജിത്ത് ശങ്കറിന്‍റെ സംവിധാനത്തില്‍ 2019 ല്‍ എത്തിയ കമലയില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് ഇവരായിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ