Latest Videos

നിഷ്‍കളങ്കമായ ചിരിയോടെ ഓടിനടക്കുന്ന സൗന്ദര്യ, വിവാഹ വീഡിയോ ചര്‍ച്ചയാകുന്നു

By Web TeamFirst Published Sep 26, 2020, 11:15 PM IST
Highlights

സഹോദരന്റെ വിവാഹത്തിന് ഓടിനടക്കുന്ന സൗന്ദര്യയെയാണ് വീഡിയോയില്‍ കാണാനാകുക.

മലയാളികളുടെയും പ്രിയപ്പെട്ട നടിയായിരുന്നു സൗന്ദര്യ. സിനിമയില്‍ തിളങ്ങിനില്‍ക്കുമ്പോഴായിരുന്നു വിടവാങ്ങല്‍. സൗന്ദര്യയുടെ മരണവാര്‍ത്ത ഞെട്ടലോടെയായിരുന്നു എല്ലാവരും കേട്ടത്. 2004ലായിരുന്നു മരണം. വിമാന അപകടത്തില്‍. സൗന്ദര്യയുടെ ഒരു പഴയ വീഡിയോ ഇപ്പോള്‍ ആരാധകരുടെ ചര്‍ച്ച.

സൗന്ദര്യയുടെ സഹോദരൻ അമര്‍നാഥിന്റെ വിവാഹചടങ്ങില്‍ നിന്നുള്ളതാണ് വീഡിയോ. നിഷ്‍കളങ്കമായ ചിരിയോടെയും മുഖഭാവങ്ങളോടെയും ഓടിനടക്കുന്ന സൗന്ദര്യയെ വീഡിയോയില്‍ കാണാം. ഒട്ടേറെ ആരാധകരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. വര്‍ഷമെത്രയായാലും സൗന്ദര്യ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവര്‍ തന്നെ എന്ന് കമന്റുകള്‍ സൂചിപ്പിക്കുന്നു. സിനിമക്കാഴ്‍ചകളുടെ മുഖഭംഗിയുടെ പേരായിരുന്നില്ല പ്രേക്ഷകര്‍ക്ക് സൗന്ദര്യ. അഭിനയത്തികവിന്റെ സൗന്ദര്യമായിരുന്നു. പക്ഷേ മരണം അതിന് കാലംതികയും മുന്നേ കറുത്ത കുത്തിട്ടുവെന്ന് മാത്രം. കൗമാരത്തിന്റെ കണക്കെടുപ്പ് കാലമായി വിശേഷിപ്പിക്കുന്ന 16 വര്‍ഷമായിരിക്കുന്നു സൗന്ദര്യ വിടപറഞ്ഞിട്ട്. ഇന്നും ഓര്‍മ്മകള്‍ക്ക് പ്രായം കൗമാരം തന്നെ. 

കന്നഡക്കാരിയായി 1972ല്‍ ജനിച്ച സൗന്ദര്യ അതേ ഭാഷയിലാണ് വെള്ളിത്തിരയിലേക്ക് ആദ്യം എത്തിയതും. 1992ല്‍ ഗാന്ധര്‍വ എന്ന ചിത്രത്തിലൂടെ. അതേവര്‍ഷം തന്നെ ഇതിഹാസ നടൻ കൃഷ്‍ണയുടെ നായികയായി റൈതു ഭരതം എന്ന ചിത്രത്തിലും അഭിനയിച്ചു. കന്നഡയില്‍ തുടങ്ങി പെട്ടെന്നുതന്നെ തെലുങ്കിലെ മുൻനിര നായികയായി മാറുകയായിരുന്നു സൗന്ദര്യ. കൃഷ്‍ണ റെഡ്ഡി സംവിധാനം ചെയ്‍ത  രാജേന്ദ്രുഡു ഗജേന്ദ്രുഡു എന്ന ചിത്രമായിരുന്നു. തുടര്‍ന്നങ്ങോട്ട് തെലുങ്കിലെ മുൻനിര നായകൻമാരുടെയൊക്കെ നായികയായി മിന്നിത്തിളങ്ങി സൗന്ദര്യ. തമിഴില്‍ ശിവകുമാര്‍ നായകനായ പൊന്നുമണി എന്ന  ചിത്രത്തിലാണ്  സൗന്ദര്യ നിരൂപകരുടെയും കാഴ്‍ചയില്‍ തിളങ്ങുന്നത്. ബുദ്ധിമാന്ദ്യമുള്ള ഒരു കഥാപാത്രമായി ആയിരുന്നു സൗന്ദര്യ ചിത്രത്തില്‍ അഭിനയിച്ചത്.

തെലുങ്കിലും തമിഴിലും മാറിമാറി അഭിനയിച്ച സൗന്ദര്യ വിജയചിത്രങ്ങളുടെ ഭാഗമായി. അധികവും തെലുങ്ക് ചിത്രങ്ങളായിരുന്നു.  നായികയായും ക്യാരക്ടര്‍ റോളുകളിലും സൗന്ദര്യ ഒരുപോലെ തിളങ്ങി. പ്രേക്ഷകര്‍ക്കും വിമര്‍ശകര്‍ക്കും സൗന്ദര്യയെ ഒരുപോലെ ഇഷ്‍ടപ്പെടാൻ കാരണവും അതുതന്നെ. സൗന്ദര്യയുടെ മരണം കഴിഞ്ഞ് കാലം കുറെയായിട്ടും പ്രേക്ഷകര്‍ ഇഷ്‍ടത്തോടെ ആ ചിത്രങ്ങള്‍ കാണുന്നു.

സൗന്ദര്യയുടെ കയ്യൊതുക്കമുള്ള അഭിനയമികവ് മലയാളം കണ്ടത് യാത്രക്കാരുടെ ശ്രദ്ധയിലായിരുന്നു. 2002ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തിലെ കഥാപാത്രം മലയാളികളുടെ ഉള്ളുതൊട്ടു. മോഹൻലാലിന്റെ നായികയായി കിളിച്ചുണ്ടം മാമ്പഴത്തിലും അഭിനയിച്ചു. തെന്നിന്ത്യയിലെ ഒട്ടുമിക്ക നായകൻമാര്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ തന്നെ മറഞ്ഞുനില്‍ക്കാത്ത കഥാപാത്രങ്ങളായി തെളിമയോടെ നില്‍ക്കാനും സൗന്ദര്യക്കായി.  രജനികാന്തിനൊപ്പം അരുണാചലം, പടയപ്പ എന്ന വൻ വിജയ ചിത്രങ്ങളില്‍ നായികയായ സൗന്ദര്യ അമിതാഭ് ബച്ചനൊപ്പം ഹിന്ദി ചിത്രത്തിലും അഭിനയിച്ചു. കമല്‍ഹാസന്റെയും നായികയായി. തെലുങ്കില്‍ വെങ്കടേഷ്- സൗന്ദര്യ ജോഡികളുടെ കെമിസ്‍ട്രി വാഴ്‍ത്തപ്പെട്ടു. തികവുറ്റ നടി എന്നായിരുന്നു സൗന്ദര്യയെ വെങ്കടേഷ് വിശേഷിപ്പിച്ചതും.  അഭിനേതാവിന് പുറമെ നിര്‍മ്മാതാവും സൗന്ദര്യ വിജയം കണ്ടു. കന്നഡയിലെ ദ്വീപ എന്ന ചിത്രത്തിന് അക്കൊല്ലം ദേശീയ ചലച്ചിത്ര അവാര്‍ഡും ലഭിച്ചു. വെറും 12 വര്‍ഷങ്ങളില്‍ നൂറിലധികം സിനിമകളില്‍ അഭിനയിച്ച സൗന്ദര്യക്ക് ഒട്ടേറെ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.  കര്‍ണ്ണാടകയില്‍ രണ്ട് തവണ മികച്ച നടിയായി. മികച്ച നടിക്കുള്ള നന്ദി അവാര്‍ഡും സൗന്ദര്യ സ്വന്തമാക്കിയിട്ടുണ്ട്. ആറ് തവണ ഫിലിംഫെയര്‍ അവാര്‍ഡും ലഭിച്ചു.

രാഷ്‍ട്രീയത്തിന്റെ ചുവപ്പ് പരവതാനിയിലേക്ക് നടക്കവേയായിരുന്നു  സൗന്ദര്യയുടെ കാലം തെറ്റിയുള്ള മരണം. 2004ല്‍ സൗന്ദര്യ ബിജെപിയില്‍ ചേര്‍ന്നു. 2004 ഏപ്രില്‍ 17ന് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകവെ വിമാനം തകര്‍ന്നായിരുന്നു മരണം.  വെറും 100 അടി ഉയരത്തില്‍ മാത്രം എത്തിനില്‍ക്കവെ തീപിടിക്കുകയും വിമാനം തകരുകയുമായിരുന്നു. സൗന്ദര്യയുടെ സഹോദരൻ അമര്‍നാഥും ഒപ്പം മരണത്തിലേക്ക് കൈപിടിച്ചു. അന്ന് ആ വിമാനം തകരുമ്പോള്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സൗന്ദര്യക്ക് പ്രായം 31 മാത്രം. നായിക കഥാപാത്രങ്ങളായി നിറഞ്ഞാടാൻ കാലമൊട്ടേറെ ബാക്കിയുണ്ടായിരുന്നു.

click me!