
സ്വതന്ത്രയായി തുടരാതെ ഒരു പാർട്ടിയിൽ ചേരാൻ സമയമായെന്ന് എംപിയും അഭിനേത്രിയുമായ സുമലത. തനിക്ക് ബിജെപിയിൽ നിന്നും കോൺഗ്രസിൽ നിന്നും ക്ഷണമുണ്ട്. ഏത് പാർട്ടിക്കൊപ്പം ചേരണമെന്ന് ഉടൻ തീരുമാനിക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതടക്കം ആലോചിക്കുന്നുണ്ട്. അന്തിമ തീരുമാനം തന്‍റെ മണ്ഡലമായ മാണ്ഡ്യയിൽ വലിയ റാലി നടത്തി പ്രഖ്യാപിക്കുമെന്നും സുമലത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
താങ്കൾ ഒരു പാർട്ടിക്കൊപ്പം ചേരുമെന്ന അഭ്യൂഹം സജീവമാണ്. അനുയായികളോടൊപ്പം നടത്തിയ യോഗം എന്തിനെക്കുറിച്ചായിരുന്നു?
അംബരീഷ് ജീവിച്ചിരുന്ന കാലത്ത് കൂടെയുണ്ടായിരുന്നവരാണ് യോഗത്തിനെത്തിയത്. പാർട്ടിയേതെന്ന് നോക്കാതെ എന്നെ പിന്തുണച്ചവരാണ് അവർ. ഇന്ന് അവർ ഞാനൊരു പാർട്ടിയിൽ ചേരണമെന്നാവശ്യപ്പെടുന്നു. അത് ശരിയാണെന്ന് തന്നെയാണ് ഞാനും കരുതുന്നത്. ഒരു പാർട്ടിയിൽ ചേരുന്നത് എന്‍റെ ഗുണത്തിനല്ല. മണ്ഡലത്തിലുള്ളവരുടെ ഗുണത്തിനാണ്.
കുടുംബാംഗങ്ങളുമായി ആലോചിക്കുക എന്നതാണോ അടുത്ത പടി?
കുടുംബത്തോടും അടുത്തവരോടും ആലോചിച്ചാകും അന്തിമതീരുമാനം. ഒരു തീരുമാനത്തിലെത്തിയാൽ മാണ്ഡ്യയിലേക്ക് പോകും. അവിടെ ഒരു വലിയ പൊതുയോഗം വിളിച്ച് കൂട്ടും. അവിടെ തീരുമാനമറിയിക്കും.
ബിജെപി തുറന്ന ക്ഷണമാണല്ലോ മുന്നോട്ട് വച്ചിരിക്കുന്നത്?
ഒരു പാർട്ടിയുടെ മാത്രം കാര്യമല്ല. എന്‍റെ അനുയായികൾ എന്ത് പറയുന്നു എന്ന് നോക്കണം. ബിജെപി ഒരു സ്ഥാനാർഥിയെ നിർത്താതെ എനിക്ക് പിന്തുണ നൽകിയ പാർട്ടിയാണ്. കോൺഗ്രസിന്‍റെ പ്രാദേശിക നേതൃത്വം ഒട്ടാകെ എനിക്കൊപ്പമായിരുന്നു.
ബെംഗളുരു മൈസുരു എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി മാർച്ച് 12-ന് എത്തുകയാണല്ലോ?
എന്‍റെ മണ്ഡലത്തിൽ ഇത്ര വലിയൊരു പദ്ധതി വന്നതിൽ എനിക്ക് സന്തോഷമുണ്ട്. പ്രധാനമന്ത്രി എത്തുന്നതിൽ നിറഞ്ഞ അഭിമാനവും. മാണ്ഡ്യയുടെ തനിമ പ്രധാനമന്ത്രിക്ക് മുന്നിൽ അവതരിപ്പിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.
ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ?
ഇപ്പോൾ തീരുമാനിച്ചിട്ടില്ല. തീർച്ചയായും അക്കാര്യം പരിഗണിച്ച് തീരുമാനിച്ചാൽ മാണ്ഡ്യയിലെ ജനങ്ങളോടാകും അതാദ്യം ഞാൻ പറയുക.
'ആശുപത്രി വാസം കഴിഞ്ഞു'; പുതിയ സിനിമയിൽ ജോയിൻ ചെയ്‌ത് കോട്ടയം നസീർ