
സൂര്യയെ നായകനാക്കി ആർജെ ബാലാജി ഒരുക്കിയ കറുപ്പ് തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. സാമ്പത്തിക പ്രശ്നങ്ങൾ കാരണം ആദ്യ ഷോ മുടങ്ങിയ ചിത്രം ഇന്നലെയാണ് എല്ലാ തിയേറ്ററുകളിലും ചിത്രം പ്രദർശിപ്പിച്ചത്. മികച്ച പ്രേക്ഷക പ്രശംസകൾ നേടുന്ന ചിത്രം ആദ്യ ദിനം കളക്ഷനിലും നേട്ടമുണ്ടാക്കിയെന്നാണ് റിപ്പോർട്ടുകൾ. ആദ്യ ദിനം പതിനഞ്ച് കോടിയോളം രൂപ ആഗോള തലത്തിൽ കറുപ്പ് നേടിയെന്നാണ് റിപ്പോർട്ടുകൾ. സൂര്യയുടെ നായികയായി തൃഷയാണ് ചിത്രത്തിലെത്തിയത്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
മലയാളത്തിൽ നിന്നും ഇന്ദ്രൻസ്, സ്വാസിക, അനഘ രവി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മൂവരുടെയും പ്രകടനത്തിന് മികച്ച പ്രശംസയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച കാര്യമായിരുന്നു ചിത്രത്തിലെ താരങ്ങളുടെ പ്രതിഫലം. സൂര്യക്ക് 40 കോടി, തൃഷയ്ക്ക് 5 കോടി, സംവിധായകൻ ആർജെ ബാലാജിക്ക് 4 കോടി എന്നിങ്ങനെയായിരുന്നു കണക്കുകൾ. അതിൽ തന്നെ ഇന്ദ്രൻസിന്റെ 80 ലക്ഷം, സ്വാസികയ്ക്ക് 40 ലക്ഷം പ്രതിഫലം എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതിൽ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് സ്വാസിക. കറുപ്പിൽ തനിക്ക് അത്രയൊന്നും കിട്ടിയില്ലെന്നാണ് സ്വാസിക കമന്റ് ചെയ്യുന്നത്. "അയ്യോ എനിക്കൊന്നും ഈ പ്രതിഫലം കിട്ടിയില്ലേ" എന്നാണ് സ്വാസിക ഇൻസ്റ്റഗ്രാമിൽ ഇതുമായി ബന്ധപ്പെട്ട പോസ്റ്റിൽ കമന്റ് ചെയ്തിരിക്കുന്നത്.
അതേസമയം നിരവധി ഹിറ്റുകൾക്ക് പിന്നിലെ യുവ സംഗീത സെൻസേഷനായ സായ് അഭ്യങ്കറാണ് കറുപ്പിനായി സംഗീതം ഒരുക്കുന്നത്. നിരവധി ഗംഭീര ചിത്രങ്ങൾക്ക് പിന്നിലെ ലെൻസ്‍മാൻ ജി കെ വിഷ്‍ണു ദൃശ്യങ്ങൾ കൈകാര്യം ചെയ്യുന്നു. കലൈവാനൻ ആണ് കറുപ്പിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. അത്ഭുതകരമായ ആക്ഷൻ കൊറിയോഗ്രാഫിയിലൂടെ രാജ്യത്തെ മുഴുവൻ വിസ്മയിപ്പിച്ച മൂന്ന് സ്റ്റണ്ട് കോർഡിനേറ്റർമാരായ അൻബറിവ്, വിക്രം മോർ ജോഡികളാണ് കറുപ്പിലെ ഉയർന്ന നിലവാരമുള്ള ആക്ഷൻ സീക്വൻസുകൾ നിർവഹിച്ചിരിക്കുന്നത്. അവാർഡ് ജേതാവായ പ്രൊഡക്ഷൻ ഡിസൈനർ അരുൺ വെഞ്ഞാറമൂടാണ് ഈ വലിയ ചിത്രത്തിനായി ഗംഭീരമായ സെറ്റുകൾ രൂപകൽപ്പന ചെയ്‍തത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ