
ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായ ധുരന്ധറിന്‍റെ രണ്ടാം ഭാഗം ഇന്ന് തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കുകയാണ്. ഒഫിഷ്യല്‍ റിലീസ് ഡേറ്റ് നാളെയാണെങ്കിലും ഇന്ന് ചിത്രത്തിന്‍റെ പ്രീമിയര്‍ ഷോകള്‍ എങ്ങും നടക്കുകയാണ്. കേരളത്തിലടക്കം എണ്ണമറ്റ പ്രിവ്യൂ ഷോകളാണ് ചിത്രത്തിന് ഇന്ന് വൈകിട്ട് 5 മണി മുതല്‍ ആരംഭിക്കുന്നത്. മുംബൈയിലും മറ്റും ആദ്യ ഷോ വൈകിട്ട് 4.45 ന് ആണ്. ഇപ്പോഴിതാ ചിത്രം ആദ്യ പ്രദര്‍ശനം ആരംഭിക്കുന്നതിന് മുന്‍പ് കാണികളോട് തനിക്ക് പറയാനുള്ള കാര്യങ്ങള്‍ ഒരു കത്തിലൂടെ പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ ആദിത്യ ധര്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് ആദിത്യ ധര്‍ കത്ത് പങ്കുവച്ചിരിക്കുന്നത്.
എന്‍റെ പ്രിയപ്പെട്ട ധുരന്ധര്‍ കുടുംബത്തിന്, 2025 ഡിസംബര്‍ 5 നാണ് ലോകമാകമാനം ധുരന്ധര്‍ റിലീസ് ആയത്. അന്ന് മുതല്‍ നിങ്ങള്‍ സിനിമ വെറുതെ കാണുക മാത്രമല്ല ചെയ്തത്. നിങ്ങള്‍ അതിനെ സ്നേഹിച്ചു. ഓരോ ചെറിയ സൂക്ഷ്മാംശവും കണ്ടെത്തി പ്രശംസിച്ചു, ഓരോ നിമിഷത്തെക്കുറിച്ചും ചര്‍ച്ച ചെയ്തു, ആരും കണ്ടെത്തില്ലെന്ന് ഞാന്‍ കരുതിയിരുന്ന കാര്യങ്ങള്‍ ആവര്‍ത്തിച്ചുള്ള കാഴ്ചകളില്‍ നിങ്ങള്‍ ശ്രദ്ധിച്ചു. അപ്രതീക്ഷിതവും മനോഹരവുമായ ആ യാത്രയില്‍ ഞങ്ങളുടെ സിനിമ നിങ്ങളുടേതായി. പിന്നെ അത് ഈ രാജ്യത്തിന്‍റേതും പിന്നെ ലോകത്തിന്‍റേത് തന്നെയുമായി. അത് തന്നെയാണ് ഒരു സംവിധായകനെ ഏറ്റവും വിനയാന്വിതനാക്കുന്ന സമ്മാനം.
അതിനാല്‍ ധുരന്ധര്‍ ദി റിവെഞ്ചിന്‍റെ ആലോചനകള്‍ക്കായി ഇരുന്നപ്പോള്‍ ഞങ്ങള്‍ ഉറപ്പിച്ചിരുന്ന ഒരു കാര്യം ഉണ്ടായിരുന്നു. ഞങ്ങള്‍ക്ക് നിങ്ങളെ സര്‍പ്രൈസ് ചെയ്യിക്കണം എന്നതായിരുന്നു അത്. നിങ്ങള്‍ പ്രതീക്ഷിക്കാത്ത വികാരങ്ങള്‍ നിങ്ങളെ അനുഭവപ്പെടുത്തണമെന്ന് ഞങ്ങള്‍ക്കുണ്ടായിരുന്നു, ആഴത്തിലും സത്യസന്ധമായും. അത് ഒരിക്കലും എളുപ്പമായിരുന്നില്ല. പക്ഷേ നിങ്ങള്‍ക്ക് വേണ്ടി ഞങ്ങളുടെ പരമാവധി ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. ഞങ്ങളുടെ ഹൃദയങ്ങള്‍ തന്നെ ഈ ചിത്രത്തിനായി ഞങ്ങള്‍ കൊടുത്തിട്ടുണ്ട്. ഓരോ ട്വിസ്റ്റും ഓരോ വികാരവും എങ്ങനെയാണോ നിങ്ങള്‍ക്ക് അനുഭവപ്പെടേണ്ടത് അങ്ങനെ തന്നെ നിങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിയും. ഒരു തിയറ്ററിലെ ഇരുട്ടില്‍ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും അപരിചിതര്‍ക്കുമൊക്ക നടുവിലായിരിക്കുമ്പോള്‍ ഓരോരുത്തരും അനുഭവിക്കുന്നത് ഒരേ വികാരങ്ങള്‍ ആയിരിക്കും. അങ്ങനെയാണ് സിനിമകള്‍ അനുഭവിക്കേണ്ടത്. അല്ലാതെ ആരുടെയെങ്കിലും ഫോണിലെ വ്യക്തമാവാത്ത ദൃശ്യങ്ങളിലൂടെ അല്ല. അതുകൊണ്ട്, എന്‍റെ ഉള്ളില്‍ത്തട്ടിയുള്ള ആത്മാര്‍ഥമായ അപേക്ഷ ഇതാണ്. ദയവായി സ്പോയിലറുകള്‍ പങ്കുവെക്കാതിരിക്കൂ. ധുരന്ധറിന്‍റെ ഓരോ ആരാധകനും മുന്‍ധാരണകളില്ലാതെയും കൗതുകത്തോടെയും തിയറ്ററുകളിലേക്ക് എത്തട്ടെ. അവരുടെ വ്യക്തിപരമായ, ആഴത്തിലുള്ള അനുഭവവുമായി പുറത്തിറങ്ങട്ടെ. നിങ്ങളാണ് ധുരന്ധറിനെ അത് എന്താണോ അതാക്കിയത്. ഇപ്പോഴും നിങ്ങളെ ഞാന്‍ വിശ്വസിക്കുന്നു. സ്നേഹവും നന്ദിയും അറിയിച്ചുകൊണ്ട് ആദിത്യ ധര്‍.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ