'നഷ്ടപ്പെടുന്നത് വെറുമൊരു പരീക്ഷ മാത്രമല്ല, ഒരു കുടുംബത്തിന്റെ പ്രതീക്ഷകൾ കൂടിയാണ്..'; ഐക്യദാർഢ്യവുമായി അഹാന കൃഷ്ണ

Published : Jul 23, 2026, 08:23 PM IST
Ahaana Krishna

Synopsis

നീറ്റ് ക്രമക്കേടുകൾക്കെതിരെ വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള രാജ്യവ്യാപക പ്രതിഷേധം ശക്തമാവുകയാണ്. പ്രമുഖർ പിന്തുണയ്ക്കുന്ന ഈ സമരത്തിന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അഹാന കൃഷ്ണയും ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ രാജ്യത്തിലെ യുവ ജനങ്ങൾ നടത്തുന്ന പ്രതിഷേധം കനക്കുകയാണ്. സിനിമാതാരങ്ങളടക്കം കലാ- സാംസ്കാരിക രംഗത്തെയും കായികരംഗത്തെയും നിരവധി പ്രമുഖരാണ് പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. പലരും ജന്തർ മന്തറിലെ പ്രതിഷേധവേദിയിൽ നേരിട്ടെത്തിയപ്പോൾ പലരും സമൂഹമാധ്യമങ്ങളിലൂടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇപ്പോഴിതാ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ബിജെപി നേതാവ് കൃഷ്ണകുമാറിന്റെ മകളുമായ അഹാന കൃഷ്ണ. പ്രതിഷേധത്തിനെതിരെ നിലാപാടെടുത്ത കൃഷ്ണകുമാറിന്റെ വാക്കുകളിൽ നിന്ന് വ്യത്യസ്തമായാണ് അഹാന പ്രതിഷേധത്തെ നോക്കിക്കാണുന്നത് എന്നാതാണ് ഇതിലെ ശ്രദ്ധേയമായ കാര്യം.

തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങൾ കാരണം ഒരു കുട്ടിയുടെ പ്രതീക്ഷകൾ തകർന്നടിയുന്നത് കാണുന്നത് തികച്ചും വേദനാജനകമാണെന്നും ഓരോ പരീക്ഷയ്ക്ക് പിന്നിലും വർഷങ്ങളുടെ തയാറെടുപ്പുകളും ത്യാഗങ്ങളും കഠിനാധ്വാനവും നമ്മെ എവിടെയെങ്കിലും എത്തിക്കുമെന്ന ഉറച്ച വിശ്വാസവും ഉണ്ടെന്നും, ഓരോ വാർത്താ തലക്കെട്ടുകൾക്ക് പിന്നിലും നിഷ്കളങ്കമായ സ്വപ്നങ്ങളുള്ള കുറച്ച് ചെറുപ്പക്കാരും, അവരുടെ മികച്ചൊരു ഭാവി പ്രതീക്ഷിച്ചു കഴിയുന്ന കുടുംബങ്ങളുമുണ്ടെന്നും അഹാന പറയുന്നു.

"വർഷങ്ങളോളം പരീക്ഷയ്ക്കായി തയാറെടുത്തിട്ട്, പരീക്ഷയുടെ തലേദിവസം അത് റദ്ദാക്കപ്പെട്ടപ്പോൾ തളർന്നുപോയ സുഹൃത്തുക്കളെ ഞാൻ വളരെ അടുത്തറിഞ്ഞിട്ടുണ്ട്. അത് എത്രത്തോളം ദാരുണമാണെന്നും, അത് അവരുടെ പ്ലാനുകളെ മാത്രമല്ല, നീതിയെക്കുറിച്ചുള്ള അവരുടെ സങ്കൽപ്പങ്ങളെത്തന്നെ എങ്ങനെയൊക്കെയാണ് തകർത്തു കളയുന്നതെന്നും ഞാൻ കണ്ടിട്ടുണ്ട്." അഹാന പറയുന്നു.

"എല്ലാവർക്കും ഇത് ഒരുപോലെയല്ല. സാമ്പത്തിക ഭദ്രതയുള്ള ഒരു കുടുംബത്തിലെ കുട്ടിയെ സംബന്ധിച്ച് തിരിച്ചടികൾ കേവലം ഒരു തിരിച്ചടി മാത്രമായിരിക്കാം. എന്നാൽ വളരെ പരിമിതമായ സാഹചര്യങ്ങളിൽ ജീവിക്കുന്ന ഒരു കുടുംബത്തിലെ കുട്ടിയെ സംബന്ധിച്ച്, അവരുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്ന ഒരേയൊരു വഴിയാണ് വിദ്യാഭ്യാസം. ആ വിശ്വാസം തകരുമ്പോൾ, അവിടെ നഷ്ടപ്പെടുന്നത് വെറുമൊരു പരീക്ഷ മാത്രമല്ല... ഒരു കുടുംബത്തിന്റെ പ്രതീക്ഷകൾ കൂടിയാണ്. ഇത്തരം വീഴ്ചകൾക്ക് ഉത്തരവാദികളായവർ ആരായാലും, യാതൊരു ഇളവുകളുമില്ലാതെ അവർ വിചാരണ ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും വേണം. സുതാര്യവും നീതിയുക്തവും തങ്ങളുടെ വിശ്വാസത്തിന് അർഹവുമായ ഒരു സംവിധാനം നമ്മുടെ കുട്ടികൾ അർഹിക്കുന്നുണ്ട്. ഒരു കുട്ടിക്കും ഇനി ഇത്തരം ഭാരങ്ങൾ പേറേണ്ടി വരില്ലെന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു... ഒരിക്കൽ നൽകിയ പ്രതീക്ഷകൾ ഇത്ര എളുപ്പത്തിൽ ഇല്ലാതാകാതിരിക്കുന്ന ഒരു നാളേക്ക് വേണ്ടി." ആഹാന കുറിച്ചു. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച സ്റ്റോറിയിലൂടെ ആയിരുന്നു അഹാനയുടെ പ്രതികരണം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'യുവജനങ്ങൾ രാജ്യത്തിന്റെ സമ്പത്ത്, അവരെ സംരക്ഷിക്കണം..'; ഐക്യദാർഢ്യവുമായി മമ്മൂട്ടി
മുംബൈ സമരത്തിലെ ചുണക്കുട്ടി; ആരാണീ റിയ അഹിർ?