'2019 മെയ് മാസത്തില്‍ മദ്രാസ് ടാക്കീസില്‍ നിന്ന് ഒരു വിളി വന്നു'; ഐശ്വര്യ ലക്ഷ്‍മി പറയുന്നു

By Web TeamFirst Published Sep 22, 2022, 6:12 PM IST
Highlights

"ഓരോ സീനും പ്രയാസമുള്ളത് ആയിരുന്നു. കാരണം നമ്മള്‍ ഒരു മണി രത്നം ചിത്രത്തെക്കുറിച്ചാണ് സംസാരിക്കുന്നത്"

ഭാഷാതീതമായി ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രമാണ് മണി രത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍. ബിഗ് സ്ക്രീനില്‍ മുന്‍പും അത്ഭുതങ്ങള്‍ ഒരുക്കിയിട്ടുള്ള മണി രത്നം സ്വപ്ന പ്രോജക്റ്റ് എന്നു വിശേഷിപ്പിച്ചിട്ടുള്ള പ്രോജക്റ്റ് എന്നതാണ് അതിനു പ്രധാന കാരണം. ചിത്രം സെപ്റ്റംബര്‍ 30 ന് തിയറ്ററുകളില്‍ എത്താനിരിക്കെ പ്രൊമോഷന്‍ പരിപാടികളും സജീവമാണ്. ഇപ്പോഴിതാ തന്‍റെ പൊന്നിയിന്‍ സെല്‍വന്‍ അനുഭവം പങ്കുവെക്കുകയാണ് ഐശ്വര്യ ലക്ഷ്മി. അണിയറക്കാര്‍ തന്നെ പുറത്തുവിട്ട ഷോര്‍ട്ട് വീഡിയോയില്‍ മദ്രാസ് ടാക്കീസില്‍ നിന്ന് തനിക്കു വന്ന കോള്‍ മുതലുള്ള കാര്യങ്ങള്‍ ഐശ്വര്യ ലക്ഷ്മി പറയുന്നു. പൂങ്കുഴലി എന്നാണ് ചിത്രത്തില്‍ ഐശ്വര്യലക്ഷ്മിയുടെ കഥാപാത്രത്തിന്‍റെ പേര്.

2019 മെയ് മാസത്തില്‍ ആണെന്ന് തോന്നുന്നു മദ്രാസ് ടാക്കീസില്‍ നിന്ന് എനിക്കൊരു കോള്‍ വരുന്നത്. മണി രത്നം സാറിനെ വന്ന് കാണണമെന്ന് പറഞ്ഞ്. അത് മാധ്യമങ്ങളിലൊക്കെ വന്നു. കാരണം സാര്‍ അടുത്തതായി ചെയ്യുന്നത് പൊന്നിയിന്‍ സെല്‍വന്‍ ആണെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. ഒന്നര വര്‍ഷത്തെ പ്രീ- പ്രൊഡക്ഷനു ശേഷം ഒരു കഥാപാത്രത്തിന്‍റെ കാസ്റ്റിംഗിനായി അവര്‍ ആദ്യമായി സമീപിച്ചയാള്‍ ഞാനായിരുന്നു. പൂങ്കുഴലിയുടെ ലുക്ക് ടെസ്റ്റിനുവേണ്ടി ഒരുപാട് ഫോട്ടോഗ്രാഫുകളും റെഫറന്‍സുകളുമൊക്കെ അവര്‍ ആശ്രയിച്ചിരുന്നു. 2022ല്‍ പുറത്തിറങ്ങുന്ന ഒരു സിനിമയില്‍ ഏത് ലുക്ക് ആണ് ആ കഥാപാത്രത്തിന് യോജിക്കുന്നതെന്നാണ് ഞങ്ങള്‍ നോക്കിയത്. ഒരുപാട് റിസര്‍ച്ച് അതിനു പിന്നില്‍ ഉണ്ടായിരുന്നു, ഐശ്വര്യ പറയുന്നു.

ALSO READ : ബോളിവുഡിന്‍റെ കൈയടി നേടിയ ദുല്‍ഖര്‍; 'ഛുപി'ന് കേരളത്തിലും മികച്ച സ്ക്രീന്‍ കൗണ്ട്

ഓരോ സീനും പ്രയാസമുള്ളത് ആയിരുന്നു. കാരണം നമ്മള്‍ ഒരു മണി രത്നം ചിത്രത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ചിത്രത്തിലെ തന്നെ ആദ്യ ഷോട്ടില്‍ ഞാനാണ് അഭിനയിച്ചത്. എനിക്ക് ആകണമെന്ന് ആഗ്രഹമുള്ള ഒരാളാണ് പൂങ്കുഴലി. എവിടെയും ശ്രദ്ധാകേന്ദ്രമാണ് അവള്‍. സ്മാര്‍ട്ട് ആണ്, കരുത്തയാണ് അവള്‍. കരുത്ത് എന്നാല്‍ ശാരീരികമായ കരുത്ത് കൂടിയാണ് ഉദ്ദേശിച്ചത്. ദിവസങ്ങള്‍ നീണ്ട കടല്‍ യാത്രകള്‍ പോലും അവളെ സംബന്ധിച്ച് ഒന്നുമല്ല, ഐശ്വര്യലക്ഷ്മി പറയുന്നു. മണി രത്നത്തിനോട് ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ നിന്ന് കാര്‍ത്തി എന്നെ തടഞ്ഞിരുന്നുവെന്നും ചിരിയോടെ ഐശ്വര്യ ഓര്‍ക്കുന്നു. അസിസ്റ്റന്‍റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹത്തിന് മണി സാറിന്‍റെ മൂഡുകളെക്കുറിച്ച് അറിയാമായിരുന്നു. പോകാതെ.. എന്ന് അദ്ദേഹം എന്നോട് പറയും. തമിഴ് സംസ്കാരത്തില്‍ വേരുകളാഴ്ത്തിയ ഒരു സിനിമ പൊന്നിയിന്‍ സെല്‍വനില്‍ പ്രതീക്ഷിക്കാമെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു. വീഡിയോയില്‍ തൃഷയും താന്‍ അവതരിപ്പിച്ച കഥാപാത്രത്തെക്കുറിച്ച് പറയുന്നുണ്ട്.

click me!