
അജിത്ത് കുമാറിന്‍റെ (Ajith Kumar) കരിയറിലെ 62-ാം ചിത്രം (AK 62) സംവിധാനം ചെയ്യുന്നത് വിഘ്നേഷ് ശിവന്‍ (Vignesh Shivan). പ്രോജക്റ്റ് ഇന്നലെ വൈകിട്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കോളിവുഡില്‍ ഒട്ടേറെ ബിഗ് ഹിറ്റുകള്‍ സമ്മാനിച്ച ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുബാസ്‍കരന്‍ ആണ് നിര്‍മ്മാണം. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നയന്‍താരയാവും ചിത്രത്തില്‍ നായികയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ വര്‍ഷാവസാനം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും അടുത്ത വര്‍ഷം മധ്യത്തോടെ റിലീസ് ചെയ്യുമെന്നുമാണ് ലൈക്ക പ്രൊഡക്ഷന്‍സ് അറിയിച്ചിരിക്കുന്നത്. മറ്റു താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും പേരുവിവരങ്ങള്‍ വൈകാതെ പ്രഖ്യാപിക്കും. അജിത്തിനൊപ്പം പ്രവര്‍ത്തിക്കുന്നതിന്‍റെ സന്തോഷം വാക്കുകളില്‍ ആക്കാന്‍ പറ്റുന്നതല്ലെന്നാണ് വിഘ്നേഷ് ശിവന്‍റെ ട്വീറ്റ്.
അതേസമയം വലിമൈക്കു ശേഷമുള്ള അജിത്ത് ചിത്രം സംവിധാനം ചെയ്യുന്നത് വലിമൈയുടെ സംവിധായകനായ എച്ച് വിനോദ് തന്നെയാണ്. ഇരുവരും ഒരുമിക്കുന്ന മൂന്നാം ചിത്രമാണ് ഇത്. വലിമൈക്കു മുന്‍പെത്തിയ അജിത്ത് ചിത്രം നേര്‍കൊണ്ട പാര്‍വൈ സംവിധാനം ചെയ്തതും വിനോദ് ആയിരുന്നു. എകെ 61ന്‍റെ ചിത്രീകരണം ഏപ്രിലില്‍ ആരംഭിക്കും. നെഗറ്റീവ് ഷെയ്‍ഡ് ഉള്ള കഥാപാത്രത്തെയാവും ചിത്രത്തില്‍ അജിത്ത് അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ വ്യത്യസ്ത ഭാഷാ സിനിമകളില്‍ നിന്നുള്ള താരങ്ങളും ചിത്രത്തിന്‍റെ ഭാഗമാവും. വലിമൈക്കു ശേഷം എത്തുന്ന അജിത്തിന്‍റെ പാന്‍ ഇന്ത്യന്‍ റിലീസും ആയിരിക്കും ചിത്രം. ഈ സിനിമയുടെയും സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍ ആണ് നിര്‍വ്വഹിക്കുക.
അതേസമയം ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണമാണ് വലിമൈ നേടിയത്. രണ്ടര വർഷത്തെ ഇടവേളയ്ക്കു ശേഷമെത്തുന്ന അജിത്ത് കുമാർ ചിത്രം എന്ന നിലയിൽ വലിയ പ്രീ-റിലീസ് ഹൈപ്പ് നേടിയ ചിത്രമാണ് വലിമൈ. ആദ്യദിനം തമിഴ്നാട്ടില് നിന്നു മാത്രം ലഭിച്ചത് 34.12 കോടി ആയിരുന്നു. ചെന്നൈ നഗരത്തില്‍ നിന്ന് മാത്രം 1.82 കോടിയും! അജിത്തിന്‍റെ ആദ്യ പാന്‍ ഇന്ത്യന്‍ റിലീസ് ആയെത്തിയ ചിത്രം തമിഴിനു പുറമെ തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും എത്തിയിരുന്നു. കേരളമുള്‍പ്പെടെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യ മൂന്ന് ദിവസങ്ങള്‍ കൊണ്ടുതന്നെ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ആദ്യ 9 ദിനങ്ങളില്‍ ചിത്രം 200 കോടി ക്ലബ്ബിലേക്കും എത്തിയിരുന്നു.
പ്രീ-റിലീസ് ബിസിനസ് കൊണ്ടുതന്നെ ടേബിള്‍ പ്രോഫിറ്റ് ഉണ്ടാക്കിയ ചിത്രവുമാണിത്. തമിഴ്നാട്ടിലെ വിതരണാവകാശം കൊണ്ടുമാത്രം ചിത്രം 62 കോടി നേടിയിരുന്നു. കേരളത്തില്‍ നിന്ന് 3.5 കോടിയും കര്‍ണ്ണാടകയില്‍ നിന്ന് 5.5 കോടിയുമാണ് ഈയിനത്തില്‍ ലഭിച്ചത്. ഹിന്ദി പതിപ്പിന് 2 കോടിയും വിദേശ മാര്‍ക്കറ്റുകളിലെ വിതരണാവകാശത്തിന് മറ്റൊരു 16 കോടിയും ലഭിച്ചിരുന്നു. റീലീസിന് മുന്‍പ് ലഭിച്ച ടേബിള്‍ പ്രോഫിറ്റ് 11 കോടിയായിരുന്നു.